അഭിനയവും അംഗീകാരവുമായി കലാരംഗത്ത് അവന്തിക സന്തോഷ് സജീവമാകുന്നു. സിനിമയിലും സീരിയലിലും ഷോര്‍ട്ട് ഫിലിമിലും വീഡിയോ ആല്‍ബത്തിലും അവന്തിക അഭിനയവൈഭവം തെളിയിച്ചിട്ടുണ്ട്.
ഭരതനാട്യം നര്‍ത്തകിയും ഗായികയും കൂടിയാണ് ഈ യുവകലാകാരി. 2022 ല്‍ സാജിര്‍ സദാഫ് സംവിധാനം ചെയ്ത കോശിച്ചായന്‍റെ പറമ്പ് എന്ന ചിത്രത്തിലൂടെയായിരുന്നു സിനിമാരംഗത്ത് അരങ്ങേറ്റം. തിരുവനന്തപുരം വെഞ്ഞാറമ്മൂട് സ്വദേശിനിയാണ് അവന്തിക. സന്തോഷ്, സുജ ദമ്പതികളുടെ മകള്‍. അഭിനവ് സന്തോഷ് ആണ് സഹോദരന്‍.
ദുബായ് ന്യൂ ഇന്ത്യന്‍ സ്ക്കൂളിലും വാമനപുരം ശാലിനി ഭവന്‍ ഇംഗ്ലീഷ് മീഡിയം സ്ക്കൂളിലും പോത്തന്‍കോട് ശാന്തിഗിരി വിദ്യാഭവന്‍ ഹയര്‍ സെക്കന്‍ഡറി സ്ക്കൂളിലുമായിരുന്നു സ്ക്കൂള്‍ വിദ്യാഭ്യാസം. പിരപ്പന്‍കോടുള്ള തിരുവനന്തപുരം യൂണിവേഴ്സിറ്റി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയില്‍ ബിസിനസ് അഡ്മിനിസ്ട്രേഷന്‍ ഒന്നാം വര്‍ഷ ബിരുദവിദ്യാര്‍ത്ഥിനിയാണ് അവന്തിക.
2021 മുതലായിരുന്നു അവന്തിക ചലച്ചിത്രമേഖലയില്‍ സജീവമായത്. 2021 ല്‍ ലോലിപോപ്പ് എന്ന പ്രീമിയര്‍ പത്മിനി സീരീസില്‍ ബിജുക്കുട്ടന്‍റെ സഹോദരിയായ കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടായിരുന്നു അഭിനയരംഗത്ത് എത്തിയത്.
അനാമിക, മറ്റൊരാള്‍, യോദ്ധാവ് എന്നീ ഷോര്‍ട്ട് ഫിലിമുകളിലും അഴലുകള്‍ ഇല്ലാത്ത അനുരാഗമാണ് നീ എന്ന ആല്‍ബത്തിലും അഭിനയിച്ചു.
2022 ല്‍ സീ കേരളം സംപ്രേഷണം ചെയ്ത ചെമ്പരത്തി എന്ന സീരിയലില്‍ മഞ്ജുഷ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു. സൂര്യ ടി.വി സംപ്രേഷണം ചെയ്ത കാണാ കണ്‍മണി എന്ന സീരിയലിലും അഭിനയിച്ചു. 2022 സെപ്റ്റംബര്‍ 23 ലായിരുന്നു അവന്തികയുടെ ആദ്യചിത്രമായ കോശിച്ചായന്‍റെ പറമ്പ് തീയേറ്ററുകളില്‍ എത്തിയത്. പുതിയ സിനിമകളില്‍ നായികാ കഥാപാത്രത്തെ അവതരിപ്പിക്കുകയാണ് അവന്തിക സന്തോഷ് ഇപ്പോള്‍.
പുതുമുഖത്തിനുള്ള 2022 ലെ സൗത്ത് ഇന്ത്യന്‍ ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവല്‍ പുരസ്കാരം, ഭാരത് സേവക് സമാജ് ദേശീയ പുരസ്കാരം ഉള്‍പ്പെടെ നിരവധി പുരസ്കാരങ്ങളും അംഗീകാരങ്ങളും അവന്തികയെ തേടി എത്തിയിട്ടുണ്ട്.