NEWS

നാടിളക്കാന്‍ ആന്‍റപ്പന്‍റെ 'ബാഡ് ബോയ്സ്'

News

വര്‍ഗ്രീന്‍ സ്റ്റാറായ റഹ്മാന്‍ പതിവില്‍ നിന്നും വ്യത്യസ്തമായ നായകവേഷത്തിലെത്തുന്ന സിനിമയാണ് ഒമര്‍ലുലു സംവിധാനം ചെയ്ത 'ബാഡ്ബോയ്സ്.' ആന്‍റപ്പന്‍ എന്നാണ് റഹ്മാന്‍ അവതരിപ്പിക്കുന്ന നായകകഥാപാത്രത്തിന്‍റെ പേര്. സിന്‍റപ്പന്‍(ബിബിന്‍ ജോര്‍ജ്ജ്) ചക്കര(ആന്‍സന്‍ പോള്‍), അലോഷ്(സെന്തില്‍ കൃഷ്ണ) എന്നിവരടങ്ങുന്ന ആന്‍റപ്പന്‍റെ നേതൃത്വത്തിലുള്ള ഊച്ചാളി ടീമിനെ നാട്ടുകാര്‍ വിശേഷിപ്പിക്കുന്നത് 'ബാഡ് ബോയ്സ്' എന്നാണ്. 

അവിചാരിതമായി ഗുണ്ടകളായി തീരുന്ന ആന്‍റപ്പനും സംഘവും പിന്നീട് ഇന്‍റര്‍നാഷണല്‍ ഗുണ്ടകളായി മാറുന്നതോടെയാണ് സിനിമയുടെ കഥ വികസിക്കുന്നത്. ഓണത്തിന് തിയേറ്ററില്‍ കുട്ടികള്‍ക്കും യുവതീയുവാക്കള്‍ക്കും മുതിര്‍ന്നവര്‍ക്കും ആഘോഷത്തോടെ ആസ്വദിക്കാവുന്ന ഹ്യൂമര്‍ പശ്ചാത്തലത്തിലുള്ള കളര്‍ഫുള്‍ മാസ് എന്‍റര്‍ടെയ്നറായിരിക്കും 'ബാഡ് ബോയ്സ്' എന്നാണ് സംവിധായകന്‍ ഒമറിന്‍റെ വാഗ്ദാനം. 

നര്‍മ്മവും സസ്പെന്‍സും ആക്ഷനും കളര്‍ഫുള്‍ ഗാനരംഗങ്ങളും കൊണ്ട് സമൃദ്ധമത്രെ ബാഡ്ബോയ്സ്. ഒമറിന്‍റെ തന്നെ കഥയ്ക്ക് തിരക്കഥയും സംഭാഷണവും രചിച്ചിരിക്കുന്നത് സാരംഗ് ജയപ്രകാശാണ്. ജനപ്രീതി നേടി സെന്‍സേഷനായ ഒരു അഡാര്‍ലവ് എന്ന സിനിമയ്ക്കുശേഷം ഒമറും സാരംഗും ഒന്നിക്കുന്ന സിനിമയാണിത് എന്ന സവിശഷതയും ബാഡ് ബോയ്സിനുണ്ട്. തന്‍റെ നായകകഥാപാത്രത്തെക്കുറിച്ചും സിനിമയെക്കുറിച്ചും റഹ്മാനോട് ആരായവേ അദ്ദേഹം പറഞ്ഞു.

'വളരെ വര്‍ഷങ്ങള്‍ക്കുശേഷം ഹ്യൂമര്‍ ട്രാക്കില്‍ ഞാന്‍ വളരെയധികം റിലാക്സ്ഡായി ആസ്വദിച്ച് ചെയ്ത സിനിമയാണ് 'ബാഡ് ബോയ്സ്.' സീരിയസ് കഥാപാത്രങ്ങള്‍ സ്ഥിരം ചെയ്ത് മടുത്തിരിക്കുന്ന വേളയിലാണ് ഒമര്‍ ആന്‍റപ്പന്‍ എന്ന കഥാപാത്രവുമായി എന്നെ സമീപിക്കുന്നത്. ഒമറും തിരക്കഥാകൃത്ത് സാരംഗും കഥ പറയുമ്പോള്‍ ആദ്യന്തം ഞാന്‍ വളരെയധികം ചിരിച്ച് ആസ്വദിച്ചുകൊണ്ടാണ് കേട്ടത്. എത്ര പ്രായമായാലും എല്ലാവരിലും ഒരു കുട്ടിത്തമുണ്ടാവും. മനസ്സില്‍ ഒരു ഹീറോയിസം കൊണ്ട് നടക്കും.. 

അങ്ങനെയൊരു സ്വപ്നലോകത്ത് ജീവിക്കുന്ന ആളാണ് ആന്‍റപ്പന്‍. അയാള്‍ക്ക് വിവരവുമില്ല വിദ്യാഭ്യാസവുമില്ല. പക്ഷേ മനസ്സില്‍ ഒരുപാട് സ്നേഹമുണ്ട്. ഒരുപാട് പേരെ സഹായിക്കും അതാണ് ആന്‍റപ്പന്‍റെ ഏക ക്വാളിഫിക്കേഷന്‍. ഇതുവരെ ഞാന്‍ അഭിനയിച്ചിട്ടുള്ളതില്‍ നിന്നും വളരെ വ്യത്യസ്തമായ ഒരു കഥാപാത്രം. പ്രത്യേക ബോഡി ലാംഗ്വേജും അപ്പിയറന്‍സും ആക്ടിവിറ്റീസുമാണ് ആന്‍റപ്പന്‍റേത്. മുമ്പേ പറഞ്ഞപോലെ ബാഡ് ബോയ്സും ആന്‍റപ്പനും എനിക്കൊരു ചെയിഞ്ചാണ്. എന്ത് ആത്മവിശ്വാസത്തിന്‍റെ അടിസ്ഥാനത്തിലാണ് ഒമര്‍ എന്നെ ഈ കഥാപാത്രത്തിനായി തെരഞ്ഞെടുത്തതെന്നതില്‍ എനിക്ക് അത്ഭുതം തോന്നി. കാരണം ഞാന്‍ ഇന്നുവരെ ഇങ്ങനെ മുഴുനീള ഹ്യൂമര്‍ പശ്ചാത്തലത്തിലുള്ള സിനിമയോ കഥാപാത്രമോ ചെയ്തിട്ടില്ല. 

ഇതുവരെ അഭിനയിച്ച മറ്റുള്ള സിനിമകളേക്കാള്‍ വളരെ റിലാക്സ്ഡായിട്ടാണ് ഇതില്‍ അഭിനയിച്ചത്. ഒരു ഫണ്‍ ഫിലിം. ഇനിയങ്ങോട്ട് ഇതുപോലുള്ള കോമഡിയുള്ള സബ്ജക്ടുകളില്‍ അഭിനയിക്കണം എന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്. അടുത്തകാലത്ത് അഭിനയിച്ച സിനിമകളില്‍ പത്തുപേജുള്ള ഡയലോഗുകള്‍ ഉണ്ടാവും. ഉറക്കമിളച്ചിരുന്ന് ഡയലോഗുകള്‍ പഠിച്ചിട്ടാണ് സെറ്റുകളില്‍ പോകാറ്. എന്നാല്‍ ബാഡ്ബോയിസിന്‍റെ കാര്യത്തില്‍ നേരെ വിപരീതമായി. സെറ്റില്‍ വളരെ റിലാക്സ്ഡായിരുന്നു. 

ഷൂട്ടിംഗിനുശേഷം നന്നായി ഉറങ്ങുവാനും കഴിഞ്ഞു. അടുത്ത ദിവസം വളരെ ഫ്രഷായി അഭിനയിക്കുവാനും കഴിഞ്ഞു. ആന്‍റപ്പനേയും ബാഡ്ബോയിസിനേയും എല്ലാ വിഭാഗം പ്രേക്ഷകര്‍ക്കും ഇഷ്ടപ്പെടും അവര്‍ ആസ്വദിക്കും, ഉള്ളുതുറന്ന് ചിരിച്ചുകൊണ്ട് സിനിമ ആസ്വദിക്കും എന്നാണ് വിശ്വാസം.

ഷീലു എബ്രഹാമാണ് ബോഡ്ബോയ്സില്‍ റഹ്മാന്‍റെ ഭാര്യയായ മേരി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഷീലുവിന്‍റെ അഭിനയജീവിതത്തിലും ബാഡ്ബോയിസിലെ മേരി ഒരു വഴിത്തിരിവാകും എന്ന പ്രതീക്ഷയാണ്. ധ്യാന്‍ ശ്രീനിവാസന്‍, ബാബു ആന്‍റണി എന്നിവര്‍ ബാഡ്ബോയിസിന്‍റെ കഥാഗതി മാറ്റുന്ന മര്‍മ്മപ്രധാന കഥാപാത്രങ്ങളായി എത്തുന്നു. ആരാധ്യ ആന്‍, മല്ലികാസുകുമാരന്‍, ബാല, സൈജുക്കുറുപ്പ്, രമേഷ് പിഷാരടി, അജുവര്‍ഗ്ഗീസ്, ടിനിടോം, 'ഡ്രാക്കുള' സുധീര്‍, ഹരിശ്രീ അശോകന്‍, ഭീമന്‍ രഘു, സോഹന്‍ സീനുലാല്‍, സജിന്‍ ചെറുകയില്‍ എന്നിങ്ങനെ വലിയൊരു താരനിര മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുമ്പോള്‍ ശങ്കറും(മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍) മൊട്ട രാജേന്ദ്രനും അതിഥിതാരങ്ങളായി എത്തുന്നു. 

അടുത്തകാലത്ത് പുറത്തിറങ്ങുന്ന മലയാളത്തിലെ ഏറ്റവും വലിയ താരബഹുലമായ ചിത്രം കൂടിയാണ് 'ബാഡ്ബോയ്സ്' എന്നതും ശ്രദ്ധേയമാണ്. ആല്‍ബിയാണ് ഛായാഗ്രാഹകന്‍, വില്യം ഫ്രാന്‍സിസ് സംഗീത സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നു. ഫോണിക്സ് പ്രഭുവാണ് ചിത്രത്തിലെ സാഹസികമായ സംഘട്ടനരംഗങ്ങള്‍ ഒരുക്കിയിട്ടുള്ളത്. അബാം മൂവീസിന്‍റെ ബാനറില്‍ എബ്രഹാം മാത്യു നിര്‍മ്മിച്ച് ഷീലു അബ്രഹാം അവതരിപ്പിക്കുന്ന 'ബാഡ് ബോയ്സ്' ഓണത്തോടനുബന്ധിച്ച് റിലീസ് ചെയ്യും. അമീര്‍ കൊച്ചിയാണ് എക്സിക്യുട്ടീവ് പ്രൊഡ്യൂസര്‍. വാര്‍ത്താവിതരണം മഞ്ജുഗോപിനാഥ്, ശിവപ്രസാദ്.
 

സി.കെ. അജയ്കുമാര്‍
ഫോട്ടോ:  അജ്മല്‍ സ്മാര്‍ട്ട്പിക്സ് 


LATEST VIDEOS

Top News