NEWS

സിനിമ എന്നും എനിക്കൊരു പാഷനായിരുന്നു -ബെന്നി പീറ്റേഴ്സ് (നിര്‍മ്മാതാവ്)

News

സിനിമ എന്നും ഒരു മോഹമായി മനസ്സില്‍ കൊണ്ടുനടന്നിട്ടുണ്ട് ഞാന്‍. എന്‍റെ ചെറിയ പ്രായത്തില്‍ സിനിമ കാണാനുള്ള ഇഷ്ടം കൊണ്ട് ദൂരെയുള്ള തീയേറ്ററിലേയ്ക്ക് നടന്നുപോകുമായിരുന്നു. അന്നുകണ്ട സിനിമകളിലെ പല കഥാപാത്രങ്ങളും ആ കഥാപാത്രങ്ങളെ പ്രതിനിധീകരിച്ച അഭിനേതാക്കളുമെല്ലാം ഇന്നും എന്‍റെ മനസ്സില്‍ നിറഞ്ഞുനില്‍ക്കുന്നുണ്ട്.

ഇതുപറയുന്നത് ഈയടുത്ത് റിലീസാകുകയും പ്രദര്‍ശനവിജയം നേടുകയും ചെയ്ത'കുടുംബസ്ത്രീയും കുഞ്ഞാടും' എന്ന സിനിമയുടെ നിര്‍മ്മാതാവ് ബെന്നി പീറ്റേഴ്സാണ്. ഈ ചിത്രത്തില്‍ ഒരു ക്യാരക്ടര്‍ റോളില്‍ മികച്ച അഭിനയം കൂടി കാഴ്ചവച്ച ബെന്നി പീറ്റേഴ്സ് തന്‍റെ പ്രഥമ സിനിമയുടെ അനുഭവങ്ങള്‍ പറയുന്നു.

'സാമൂഹ്യപ്രസക്തമായ ഒരു നല്ല കുടുംബകഥ കേട്ടു. ആ കഥ ഇഷ്ടമായപ്പോള്‍ അത് സിനിമയാക്കാമെന്നൊരു ആലോചനയുണ്ടായി. അങ്ങനെയാണ് മലയാള സിനിമാനിര്‍മ്മാണരംഗത്ത് ഞാനാദ്യമായി കടന്നുവരുന്നത്.'

അഭിനയരംഗത്തും താങ്കളുടെ സാന്നിദ്ധ്യമുണ്ടായിരുന്നുവല്ലോ. അതേക്കുറിച്ച് എന്തുപറയുന്നു?

'അതെ. അതും യാദൃച്ഛികമായി വന്നതാണ്. സിനിമയോട് എന്നും എനിക്ക് പാഷനുണ്ട്. പണ്ടുകാലങ്ങളില്‍ ഞാന്‍ സിനിമയില്‍ കണ്ട ക്യാരക്ടേഴ്സ് എന്‍റെ മനസ്സില്‍ നിന്നും പോകുന്നില്ല. അങ്ങനെയാണ് സിനിമയോട് എനിക്ക് ഇഷ്ടവും സ്നേഹവും ഉണ്ടായത്. പാഷനുണ്ടായത്.'

ഞാന്‍ എന്‍റെ മനസ്സില്‍ സൂക്ഷിക്കുന്ന ആദരിക്കുന്ന ചില ക്യാരക്ടേഴ്സുണ്ട്. ആ കഥാപാത്രങ്ങളെപ്പോലെ വ്യത്യസ്തമായ ഏതെങ്കിലുമൊരു കഥാപാത്രമായി പ്രേക്ഷകരുടെ മനസ്സില്‍ എനിക്കും ഇടം നേടണം. അതാണെന്‍റെ ആഗ്രഹം.'ബെന്നി പീറ്റേഴ്സ് തുടര്‍ന്നു:

'ഈ സിനിമയുടെ ലൊക്കേഷനില്‍ വച്ച് സംവിധായകന്‍ ഉള്‍പ്പെടെ കോ-ആര്‍ട്ടിസ്റ്റുകള്‍ പലരും എന്‍റെ അഭിനയത്തെ പ്രശംസിച്ചുസംസാരിച്ചിരുന്നു. അങ്ങനെയാണെനിക്ക് കൂടുതല്‍ ആത്മവിശ്വാസം കൈവന്നത്.

സിനിമ റിലീസ് ചെയ്തതിനുശേഷമുള്ള പ്രേക്ഷകരുടെ അഭിപ്രായത്തെക്കുറിച്ച് പറയാമോ?

സിനിമയുടെ സില്‍വല്‍ ജൂബിലി ആഘോഷിച്ചിരുന്നല്ലോ. പ്രേക്ഷകര്‍ സിനിമ ഏറ്റെടുത്തു. അതുകൊണ്ടാണല്ലോ തീയേറ്ററുകളില്‍ നാലാമത്തെ ആഴ്ചയിലേക്ക് സിനിമ കടന്നത്. ഈ സമീപകാലത്തിറങ്ങിയ പല സിനിമകളും യുവജനങ്ങളാണ് വിജയിപ്പിച്ചത്. 

യൂത്തിന്‍റെയൊരു ട്രെന്‍റാണ് ഇപ്പോഴുള്ളത്. ഈ സിനിമ ഫാമിലി ഓറിയന്‍റഡായിട്ടുള്ള ഒരു കഥ ആയിരുന്നിട്ടും എല്ലാത്തരം പ്രേക്ഷകര്‍ക്കും ഇഷ്ടമായി എന്നത് എന്നെയും സന്തോഷിപ്പിക്കുന്നുണ്ട്. പ്രേക്ഷകര്‍ക്ക് ഇന്‍ററസ്റ്റിംഗായിരുന്നു. റിലീസ് ചെയ്ത തീയേറ്ററുകളിലൊക്കെ കളക്ഷനും ഉണ്ടായിരുന്നു.

സിനിമ നിര്‍മ്മിക്കുക, അഭിനയിക്കുക എന്നത് ഒരു ലക്ഷ്യമായിരുന്നുവോ...?

ഞാന്‍ പറഞ്ഞില്ലെ, ചെറുപ്പം  മുതലെ സിനിമ കണ്ടുകണ്ട് സിനിമയോടിഷ്ടം കൂടുതലുണ്ടായിട്ടുണ്ടായിരുന്നു. അങ്ങനെയാണ് സിനിമയുടെ ഒരു ഭാഗമാകണമെന്ന് തോന്നിയത്. നല്ല സിനിമ ചെയ്യണമെന്ന് തോന്നിയപ്പോള്‍ കഥ കേട്ടു. സിനിമയുടെ അണിയറയിലെ എല്ലാ മേഖലയിലും ഞാന്‍ ശ്രദ്ധിച്ചിരുന്നു. സ്ക്രിപ്റ്റ് ഡെവലപ്പ് ചെയ്യുന്നത് മുതല്‍ മ്യൂസിക് രംഗത്തും പാട്ടിലുമെല്ലാം ഞാന്‍ ഇന്‍വോള്‍വ്ഡ് ആയിരുന്നു. അതെല്ലാം എനിക്ക് വളരെ ഇന്‍ററസ്റ്റിംഗായിട്ടും തോന്നിയിരുന്നു. സിനിമ വന്നപ്പോള്‍ അതെല്ലാം നന്നായിട്ടുണ്ടെന്ന് തന്നെയാണ് ഏവരുടെയും അഭിപ്രായവും. ആരും മോശമായി പറഞ്ഞിട്ടില്ല.

തുടര്‍ന്നും സിനിമകള്‍ നിര്‍മ്മിക്കാനാണോ തീരുമാനം...

'ഉണ്ട്. പുതിയ സിനിമയുടെ ഹോം വര്‍ക്ക് ചെയ്തിട്ട് സെലക്ടീവായി സിനിമ നിര്‍മ്മിക്കാനാണ് തീരുമാനം. ഈ സിനിമയുടെ കഥയാണ് എന്നെ ആകര്‍ഷിച്ചത്. വളരെ നാച്ച്വറലായിട്ടുള്ള സംഭവങ്ങള്‍. പ്രവാസജീവിതം നയിക്കുന്നവരുടെ പ്രശ്നങ്ങളും ഒക്കെ ഈ സിനിമയുടെ കഥയില്‍ സ്വാഭാവകമായും വന്നുചേര്‍ന്നിട്ടുണ്ട്.'

സ്വന്തമായി നിര്‍മ്മിക്കുന്ന സിനിമകളില്‍ അല്ലാതെ മറ്റ് സിനിമകളില്‍ അവസരം കിട്ടിയാല്‍ അഭിനയിക്കുമോ?

അതേക്കുറിച്ച് പറഞ്ഞാല്‍ ഞാന്‍ യു.എസ്സിലാണുള്ളത്. ഞാനെന്‍റെ പതിനാറാമത്തെ വയസ്സില്‍ കേരളത്തില്‍ നിന്നും അമേരിക്കയിലേക്ക് പോയതാണ്. എനിക്കവിടെ ജോലിയുണ്ട്. ഐ.ടി. മാനേജരാണ്. അതുകൊണ്ട് ഉദ്യോഗവുമായി ബന്ധപ്പെട്ട തിരക്കുകളുണ്ട്. ഒരു സിനിമാപ്രോജക്ട് ഏറ്റെടുക്കുന്നതുപോലെ തന്നെയുള്ള ഭാരിച്ച ജോലികളാണ് എനിക്കവിടെയുള്ളത്.

എന്തായാലും സിനിമ എനിക്ക് കണ്ടിന്യൂ ചെയ്യണമെന്നാഗ്രഹമുണ്ട്. ഇപ്പോള്‍ ഞാന്‍ ഹാപ്പിയാണ്. ബെന്നി പീറ്റേഴ്സ് അഭിപ്രായപ്പെട്ടു.


LATEST VIDEOS

Interviews