NEWS

സിനിമ എന്നത് ലൈഫല്ല ഇതൊരു മീഡിയമാണ് -Sai Dhanshika

News

ജയംരവിയുടെ 'പേരാണ്‍മൈ' എന്ന സിനിമയിലൂടെ തമിഴ് സിനിമയിലെത്തിയ സുന്ദരിതാരമാണ് തന്‍ഷിക. പിന്നീടങ്ങോട്ട് വലിയ ഉയരങ്ങളൊന്നും കീഴടക്കാനാവാത്ത താരത്തിന് ലഭിച്ച ഏറ്റവും വലിയ സൗഭാഗ്യമായിരുന്നു പാ. രഞ്ജിത്തിന്‍റെ 'കപാലി'യിലെ രജനിയുടെ മകള്‍വേഷം. ഇപ്പോള്‍ തെലുങ്ക്, കന്നട ഭാഷാസിനിമകളില്‍ തിരക്കുള്ള നടിയായി മാറിയ തന്‍ഷികയുടെ തമിഴ്സിനിമകള്‍ വല്ലപ്പോഴും മാത്രമേ പ്രദര്‍ശനത്തിനെത്തുന്നുള്ളൂ. 'ദ പ്രൂഫ്' എന്ന തമിഴ് സിനിമ അടുത്തുതന്നെ പ്രദര്‍ശനത്തിനെത്തുമെന്ന പ്രതീക്ഷയിലാണ് തന്‍ഷിക. ഈ സന്ദര്‍ഭത്തില്‍ തന്‍ഷികയുമായി നടത്തിയ അഭിമുഖം.

തന്‍ഷിക ഉത്തരേന്ത്യക്കാരിയാണോ?

അല്ലല്ല.. ഞാന്‍ തനി തമിഴച്ചിയാണ്. തഞ്ചാവൂരാണ് എന്‍റെ സ്വദേശം.

ദ പ്രൂഫിനെക്കുറിച്ച്...?

ഡാന്‍സ് മാസ്റ്റര്‍ രാധിക സംവിധാനം ചെയ്യുന്ന സിനിമയാണത്. എന്‍റെ ദീര്‍ഘകാലത്തെ ഫ്രണ്ടാണ് രാധികാ മാഡം. അവരുമായുള്ള ഫ്രണ്ട്ഷിപ്പിനായി ചെയ്ത സിനിമയാണിത്. ഒരു ത്രില്ലര്‍ ജോണര്‍ സിനിമയാണ് ദ പ്രൂഫ്. ഡാന്‍സ് മാസ്റ്റര്‍ സംവിധാനം ചെയ്യുന്ന സിനിമയായതുകൊണ്ട് നല്ല പാട്ടുകളും ഡാന്‍സുമൊക്കെയുണ്ട് . എല്ലാത്തരം കാണികളേയും തൃപ്തിപ്പെടുത്തുന്ന സിനിമയായിരിക്കുമിത്.

തുടര്‍ച്ചയായി ആക്ഷന്‍ സിനിമകളില്‍ അഭിനയിക്കുന്നതുകൊണ്ട് അടുത്ത വിജയശാന്തി എന്ന് തന്‍ഷികയെ മാധ്യമങ്ങള്‍ വിശേഷിപ്പിക്കുന്നുണ്ടല്ലോ?

തന്നെ മാത്രമല്ല, ഏത് നടി ആക്ഷന്‍ രംഗത്തില്‍ അഭിനയിച്ചാലും അവരെയൊക്കെ വിജയശാന്തി എന്നാണ് വിശേഷിപ്പിക്കുക. ഉപമിക്കുവാന്‍ മറ്റൊരാള്‍ ഇവിടെ ഇല്ലല്ലോ വിജയശാന്തിയല്ലാതെ. ഒരു നടി സ്റ്റണ്ടൊക്കെ ചെയ്ത് അഭിനയിച്ചാല്‍ അവര്‍ക്ക് നായകനൊപ്പം അഭിനയിക്കാനുള്ള അവസരങ്ങള്‍ കിട്ടുകയില്ല. അവരെ ഒതുക്കിവയ്ക്കും. എന്നെയും അങ്ങനെ ഒതുക്കിയിട്ടുണ്ട്. എന്നാല്‍ അതിനെല്ലാം അപ്പുറം എല്ലാത്തരത്തിലുള്ള കഥാപാത്രങ്ങളിലും ഞാന്‍ അഭിനയിച്ചുകൊണ്ടിരിക്കുകയാണ്. സന്തോഷത്തിന് വകയുള്ളതെന്തെന്നാല്‍, ഇപ്പോള്‍ സിനിമയില്‍ ആണ്‍-പെണ്‍ വ്യത്യാസം അത്രനോക്കാറില്ലെന്നതാണ്. സിനിമ കുറേയധികം മാറിക്കഴിഞ്ഞു. നടിമാര്‍ക്കുള്ള സ്പേസ് സിനിമയില്‍ ആവശ്യത്തിന് കൊടുത്തുതുടങ്ങി. ഇതിനുകാരണം വിജയശാന്തി മാഡമാണ്. അവര്‍ക്ക് പ്രത്യേകം നന്ദി. അവരെപ്പോലെ ഞാനും ആക്ഷന്‍ സിനിമകള്‍ ചെയ്യാനാണ് ആഗ്രഹിക്കുന്നത്.

വലിയ താരങ്ങളുടെ, മുന്‍നിര നായകന്മാരുടെ സിനിമകളിലൊന്നും തന്‍ഷികയെ കാണാന്‍ കഴിയാത്തത് എന്തുകൊണ്ടാണ്...?

അത്തരം അവസരങ്ങള്‍ എനിക്ക് കിട്ടുന്നില്ലാ എന്നതാണ് സത്യം. 'കപാലി'യില്‍ സൂപ്പര്‍ സ്റ്റാറിന്‍റെ മകളായി അഭിനയിച്ചു.  നിങ്ങള്‍ ചോദിച്ച മുന്‍നിര നായകന്മാരുടെ സിനിമകള്‍ എന്തുകൊണ്ട് എനിക്ക് കിട്ടുന്നില്ല എന്ന് ചിന്തിച്ചുനോക്കുമ്പോള്‍ വിഷമമുണ്ട്. അതേസമയം അതുതന്നെ മനസ്സില്‍ വെച്ചുകൊണ്ടിരിക്കാനും പാടില്ല. എന്തുകൊണ്ടെന്നാല്‍ സിനിമ എന്നത് ലൈഫല്ല. ഇതൊരു മീഡിയമാണ്. അത്രയേയുള്ളൂ. ഇവിടെ എനിക്ക് അവസരങ്ങള്‍ കിട്ടുന്നുണ്ട്. അതുകൊണ്ട് പണം സമ്പാദിക്കുന്നുമുണ്ട്. പണമില്ലാതെ ഇവിടെ ഒന്നും ചെയ്യാനാവില്ല. ഒരിടത്തുനിന്ന് മറ്റൊരിടത്തേയ്ക്ക് നീങ്ങണം. എങ്കില്‍ പോലും പണം ആവശ്യമാണ്. അതുകൊണ്ട് പൂര്‍ണ്ണ മനസ്സോടെ എനിക്ക് എത്രമാത്രം അദ്ധ്വാനിക്കാന്‍ കഴിയുമോ അത്രത്തോളം കഠിനമായി അദ്ധ്വാനിക്കുന്നു.

അതേസമയം വലിയ നടന്മാരുമായി അഭിനയിക്കുന്നുമുണ്ട്. ദുല്‍ഖര്‍ സല്‍മാന്‍ എന്നിവര്‍ക്കൊപ്പം 'സോളോ' (ീഹെീ) എന്ന സിനിമയില്‍ അഭിനയിച്ചിരുന്നു. ഇപ്പോള്‍ മാധവന്‍റെ ഒപ്പം ഒരു സിനിമയില്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നു. ജയംരവി, ആദി എന്നിങ്ങനെ നല്ല നടന്മാര്‍ക്കൊപ്പം തന്നെയാണ് അഭിനയിച്ചുകൊണ്ടിരിക്കുന്നത്. കമല്‍, വിജയ്, അജിത് എന്നിവര്‍ക്കൊപ്പം അഭിനയിച്ചില്ലെന്നേയുള്ളൂ.

ഏതുതരം സിനിമകളില്‍ അഭിനയിക്കാനാണ് തന്‍ഷികയ്ക്ക് താല്‍പ്പര്യം?

സമൂഹത്തിന് ബോധവല്‍ക്കരണം നല്‍കുന്ന സിനിമകളില്‍ അഭിനയിച്ചാല്‍ മതി എന്ന് തോന്നുന്നു. ഉദാഹരണത്തിന് 'ചിത്താ' എന്ന സിനിമയെ പറയാം. വളരെ റിയലിസ്റ്റിക്കായിട്ടുള്ള, ഇപ്പോള്‍ സമൂഹത്തില്‍ നടക്കുന്ന സംഭവങ്ങളെ അടിസ്ഥാനമാക്കിയുള്ള കഥകളില്‍ അഭിനയിക്കണം എന്ന് ആശയുണ്ട്. ഇത്തരം സിനിമകളിലൂടെ ജനങ്ങള്‍ക്ക് എന്തെങ്കിലും നല്ലത് നടക്കും. ഓഡിയന്‍സും ഇതുപോലുള്ള സിനിമകളെയാണ് ഇഷ്ടപ്പെടുന്നത്. എന്തുകൊണ്ടെന്നാല്‍ ജയപരാജയങ്ങള്‍ മാത്രമല്ല ജീവിതം. ഈ സമൂഹത്തിന് നിങ്ങള്‍ എന്ത് നല്‍കുന്നു എന്ന ഒരു കാര്യവുമുണ്ട്.

തമിഴില്‍ ഏറ്റവും ഇഷ്ടപ്പെട്ട ഹീറോ ആരാണ്?

'തല' അജിത് സര്‍. വര്‍ഷങ്ങളായി അദ്ദേഹത്തെ ഇഷ്ടമാണ്. അതൊരിക്കലും മാറില്ല. സിനിമയില്‍ മാത്രമല്ല. പേഴ്സണാലിറ്റി കൊണ്ടും അദ്ദേഹത്തെ വളരെയധികം ഇഷ്ടമാണ്.

 


LATEST VIDEOS

Interviews