പ്രശസ്ത ക്രിക്കറ്റ് താരമായ എം.എസ്.ധോണി സിനിമയിലും താല്പര്യമുള്ള ഒരു വ്യക്തിയാണ്. അതിന്റെ ഭാഗമായി സിനിമകൾ നിർമ്മിക്കുവാനും, സിനിമകൾ വാങ്ങി വിതരണം ചെയ്യുവാനുമായി തുടങ്ങിയ നിർമ്മാണ കമ്പനിയാണ് 'ധോണി എന്റർടെയ്ൻമെന്റ്. ഈ ബാനറിൽ ഒരുങ്ങി വരുന്ന ആദ്യത്തെ തമിഴ് ചിത്രമാണ് L.G.M (എൽ.ജി.എം.) ധോണി നിർമ്മിക്കുന്ന ആദ്യത്തെ തമിഴ് സിനിമയായ ഇതിൽ തമിഴ് സിനിമയിലെ യുവ താരങ്ങളിൽ ഒരാളായ ഹരീഷ് കല്യാൺ ആണ് നായകനായി അഭിനയിക്കുന്നത്. മലയാളി താരമായ ഇവാനയാണ് നായികയായി എത്തുന്നത്. ഇവരെ കൂടാതെ നദിയ, യോഗി ബാബു എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്.
നവാഗത സംവിധായകനായ രമേഷ് തമിഴ്മണി സംവിധാനം ചെയ്തു വരുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം അവസാന ഘട്ടത്തിലാണ്. കോമഡിക്കു പ്രാധാന്യമുള്ള ഒരു വ്യത്യസ്ത എന്റർടെയ്ൻമെന്റ് ചിത്രമായിട്ടാണത്രെ L.G.M (എൽ.ജി.എം.) ഒരുങ്ങി വരുന്നത്.തമിഴ് സിനിമയിലെ സൂപ്പർ സ്റ്റാറുകളിൽ ഒരാളായ വിജയ്‍യും, എം.എസ്.ധോണിയും വളരെ അടുപ്പമുള്ള താരങ്ങളാണ്. വിജയ്‌യിനെ നായകനാക്കി ധോണി ഒരു ചിത്രം നിർമ്മിക്കാൻ പോകുന്നു എന്നുള്ള തരത്തിലുള്ള വാർത്തകൾ മുൻപ് കോളിവുഡിൽ പ്രചരിച്ചിരുന്നു. എന്നാൽ വിജയ് മറ്റുള്ള ചില നിർമ്മാതാക്കൾക്ക് വേണ്ടി ചിത്രങ്ങൾ ചെയ്യാനിരിക്കുന്നതിനാൽ ധോണി കോമ്പിനേഷനിലുള്ള ചിത്രം വൈകുമെന്നാണ് പറയപ്പെടുന്നത്. എങ്കിലും തമിഴ് സിനിമയിലെ മറ്റുള്ള പ്രശസ്ത താരങ്ങളെ അണിനിരത്തിയും തുടർന്ന് ചിത്രങ്ങൾ നിർമ്മിക്കാൻ ധോണി പദ്ധതിയിട്ടുണ്ടത്രെ!