നിര്‍മ്മാതാവ്, കണ്ടന്‍റ് ക്രിയേറ്റര്‍ എന്നീ നിലകളില്‍ സഞ്ചരിച്ചിരുന്നൊരു പെണ്‍കുട്ടിക്ക് ക്രിസ്തുമസ് ചിത്രം 'സര്‍വ്വം മായ' നല്‍കിയത് വലിയൊരു പുതുവത്സര സമ്മാനം തന്നെയായിരുന്നു. നിവിന്‍പോളി ചിത്രത്തില്‍ 'ഡെലൂലു'വായെത്തി പ്രേക്ഷക ഹൃദയം കവര്‍ന്ന റിയാഷിബു ഇപ്പോള്‍ സിനിമയുടെ പുതിയ യാത്രയിലാണ്.
സസ്പെന്‍സായി വന്ന ഡെലൂലു
ഡെലൂലുവിനെ റിലീസ് വരെ ഒളിപ്പിച്ചുവച്ചത് പ്രേക്ഷകര്‍ക്ക് അവളോടുള്ള ഇഷ്ടം കൂടാന്‍ പ്രധാന കാരണമായി. ഇത് സംവിധായകന്‍ അഖില്‍ സത്യന്‍റെ ആശയമായിരുന്നു. കാസ്റ്റിംഗ് മുതല്‍ സിനിമ തിയേറ്ററില്‍ എത്തുന്നതുവരെ ഡെലൂലു എന്ന കഥാപാത്രം ഉണ്ടെന്ന വിവരം രഹസ്യമായി വെച്ചു. ഒരു പുതുമയും സര്‍പ്രൈസും പ്രേക്ഷകര്‍ക്ക് നല്‍കുകയായിരുന്നു ലക്ഷ്യം. പ്രഭേന്ദു എന്ന കഥാപാത്രത്തിന് ലഭിച്ച അതേ സ്വീകാര്യതയും ഡെലൂലുവിനും ലഭിക്കണമെന്ന് അഖില്‍ ആഗ്രഹിച്ചിരുന്നു.
സത്യന്‍ അന്തിക്കാടിന്‍റെ 'പ്രേതം'
കഥ കേട്ടപ്പോള്‍ തന്നെ തന്‍റെ സ്വാഭാവികമായ സംസാരശൈലി കഥാപാത്രത്തിന് അനുയോജ്യമാണെന്ന് റിയയ്ക്ക് തോന്നിയിരുന്നു. ഓഡിഷന്‍ കണ്ടപ്പോള്‍ 'ഇതാണ് നമ്മുടെ പ്രേതം' എന്ന് സത്യന്‍ അന്തിക്കാട് സാര്‍ പറഞ്ഞത് വലിയൊരു അംഗീകാരമായിരുന്നു. അത്രയും പ്രതിഭകളെ സിനിമയ്ക്ക് സമ്മാനിച്ച ഒരാള്‍ നല്‍കിയ ആത്മവിശ്വാസം റിയയ്ക്ക് വലിയൊരു കരുത്തായി മാറി.
നിവിന്‍പോളിക്കൊപ്പമുള്ള കോംബോ
നിവിന്‍പോളിയുടെ വലിയൊരു ആരാധികയായ റിയയ്ക്ക് അദ്ദേഹത്തിനൊപ്പം അഭിനയിക്കുക എന്നത് വലിയൊരു ആവേശമായിരുന്നു. ആദ്യത്തെ കുറച്ചുദിവസം ചെറിയൊരു ചമ്മല്‍ ഉണ്ടായിരുന്നെങ്കിലും, ഒരുമിച്ച് അഭിനയിച്ചുതുടങ്ങിയതോടെ ആ 'ഫ്രണ്ട്ലി വൈബ്' സ്ക്രീനിലും തെളിഞ്ഞുകണ്ടു. നിവിന്‍പോളി നല്‍കിയ കംഫര്‍ട്ട് ഡെലൂലുവിനെ കൂടുതല്‍ മനോഹരമാക്കി.
റിയ തന്നെയാണ് ഡെലൂലു
ഒരു 'പ്രേതം' എന്ന പതിവ് സങ്കല്‍പ്പങ്ങളില്‍ നിന്ന് മാറി ഡെലൂലു ഇത്രയും തെളിഞ്ഞുനില്‍ക്കാന്‍ കാരണം അഖില്‍ സത്യന്‍റെ ദര്‍ശനവും ടെക്നിക്കല്‍ ടീമിന്‍റെ പരിശ്രമവുമാണ്. ഡെലൂലു എന്ന പേര് പോലും ഇന്ന് ആരാധകര്‍ ഏറ്റെടുത്തുകഴിഞ്ഞു. റിയ ഷിബു എങ്ങനെയാണോ ജീവിതത്തില്‍ സംസാരിക്കുന്നത്, അതുപോലെ തന്നെയായിരുന്നു ഡെലൂലുവും. അതുകൊണ്ടുതന്നെ റിയ തന്നെയായിരുന്നു ഡെലൂലു.
സോഷ്യല്‍മീഡിയയും ഉത്തരവാദിത്തങ്ങളും
സിനിമയ്ക്ക് ശേഷം സോഷ്യല്‍മീഡിയയില്‍ ഫോളോവേഴ്സിന്‍റെ എണ്ണം പ്രതീക്ഷിക്കാത്ത വിധം വര്‍ദ്ധിച്ചു. കോളേജ് പഠനത്തിന് ശേഷമാണ് കണ്ടന്‍റ് ക്രിയേഷനിലേക്കും സിനിമ നിര്‍മ്മാണത്തിലേക്കും തിരിഞ്ഞത്. ഇപ്പോള്‍ ലഭിക്കുന്ന പ്രശസ്തി ഒരു വലിയ ഉത്തരവാദിത്തമായി റിയ കാണുന്നു. സിനിമാനിര്‍മ്മാണം ഭാരിച്ച ജോലിയായതിനാല്‍ കൂടുതല്‍ പഠിച്ചശേഷം മാത്രമേ ഇനി ഈ മേഖലയിലേക്ക് ഇറങ്ങൂ എന്ന് താരം വ്യക്തമാക്കുന്നു.
വീട്ടില്‍ നിന്ന് ചേട്ടന്‍ സച്ചിന്‍ ഷിബു നടനാകുമെന്ന് എല്ലാവര്‍ക്കും അറിയാമായിരുന്നു. എങ്കിലും റിയയുടെ വരവ് എല്ലാവരെയും അത്ഭുതപ്പെടുത്തി. ഫാന്‍റസി, ട്രൈം ട്രാവല്‍, ഡിസ്നി കഥാപാത്രങ്ങള്‍ എന്നിവ ചെയ്യാനാണ് റിയയ്ക്ക് ഏറെ താല്‍പ്പര്യം. ഒപ്പം റൊമാന്‍റിക്-കോമഡി ചിത്രങ്ങളും തന്‍റെ ലിസ്റ്റിലുണ്ടെന്ന് റിയാഷിബു പറഞ്ഞുനിര്‍ത്തുന്നു.