സ്റ്റേജിൽ എത്തിയാൽ തിളങ്ങണമെന്ന് പലർക്കും ആഗ്രഹമുണ്ട്. അതുകൊണ്ട് ഇതൊരു പബ്ലിസിറ്റി സ്റ്റണ്ടായി തോന്നി...
സംസ്ഥാന ചലച്ചിത്ര അവാർഡ് വിതരണത്തിനിടെ സ്ത്രീവിരുദ്ധ പ്രസ്താവന നടത്തിയ അലൻസിയറിനെതിരെ ധ്യാൻ ശ്രീനിവാസൻ രംഗത്ത്. അലൻസിയർ ചെയ്തത് പബ്ലിസിറ്റി സ്റ്റണ്ടാണെന്നും അവാർഡിനെക്കുറിച്ച് അങ്ങനെയൊരു അഭിപ്രായമുണ്ടെങ്കിൽ അത് ബഹിഷ്‌കരിക്കണമായിരുന്നുവെന്നും ധ്യാൻ പറഞ്ഞു.
'നദിയിൽ സുന്ദരി യമുന' എന്ന പുതിയ ചിത്രത്തിന്റെ പ്രമോഷൻ പരിപാടിയിൽ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി പറയവെയാണ് ധ്യാൻ വിഷയത്തിൽ തന്റെ നിലപാട് വ്യക്തമാക്കിയത്.
“അങ്കിൾ അലൻസിയർ വളരെ അടുത്ത സുഹൃത്തും ജ്യേഷ്ഠനുമാണ്. അങ്ങനെയൊരു അഭിപ്രായമുണ്ടെങ്കിൽ ആ പരിപാടിക്ക് പോകരുത്... ബഹിഷ്കരിക്കുകയോ മറ്റോ ചെയ്യണമായിരുന്നു. പക്ഷേ അവാർഡ് കിട്ടിയതിന് ശേഷം ഇത് കേട്ടപ്പോൾ ഈ കാര്യം പറയാൻ വേണ്ടി പോയ പോലെ തോന്നി എനിക്ക്...
സ്റ്റേജിൽ എത്തിയാൽ തിളങ്ങണമെന്ന് പലർക്കും ആഗ്രഹമുണ്ട്. അതുകൊണ്ട് ഇതൊരു പബ്ലിസിറ്റി സ്റ്റണ്ടായി തോന്നി... ഇത്തരമൊരു ചടങ്ങിന് പോയി ഇങ്ങനെ പറഞ്ഞതിന് ഇവിടുത്തെ സംവിധാനം അദ്ദേഹത്തിനെതിരെ നടപടിയെടുക്കണം"... – ധ്യാൻ പറഞ്ഞു.
അതേസമയം, കഴിഞ്ഞ വെള്ളിയാഴ്ച നടന്ന സംസ്ഥാന ചലച്ചിത്ര പുരസ്കാര വിതരണത്തിനിടെയായിരുന്നു അലൻസിയറിൻ്റെ സ്ത്രീവിരുദ്ധ വിവാദ പരാമർശം. 'അപ്പൻ' എന്ന സിനിമയിലെ പ്രകടനത്തിന് പ്രത്യേക ജൂറി പുരസ്കാരം ഏറ്റുവാങ്ങിയ ശേഷമായിരുന്നു പരാമർശം. ആൺകരുത്തുള്ള മുഖ്യമന്ത്രി ഇരിക്കുന്നയിടത്ത് പെൺ രൂപത്തിലുള്ള പ്രതിമ നൽകി പ്രലോഭിപ്പിക്കരുതെന്ന് അലൻസിയർ പറഞ്ഞു.
സ്പെഷ്യൽ ജൂറിക്ക് സ്വർണ്ണം പൂശിയ പുരസ്കാരം നൽകണമെന്നും 25,000 രൂപ തന്ന് അപമാനിക്കരുതെന്നും നടൻ വേദിയിൽ തുറന്നടിച്ചു. ആൺകരുത്തുള്ള പ്രതിമ എന്ന് വാങ്ങുന്നോ അന്ന് ഞാൻ അഭിനയം നിർത്തുമെന്നും അലൻസിയർ കൂട്ടിച്ചേർത്തു.
ഇതിനു പിന്നാലെ, നടൻ വേദിയിൽ നടത്തിയ സ്ത്രീവിരുദ്ധ പരാമർശത്തെ തുടർന്ന് സമൂഹ മാധ്യമങ്ങളിലെല്ലാം ചർച്ചാ വിഷയമായി മാറി.