തമിഴ് സിനിമയിലെ മുൻനിര സംവിധായകരിൽ, നിർമ്മാതാക്കളിൽ ഒരാളാണ് കാർത്തിക് സുബ്ബരാജ്. ഇദ്ദേഹം സംവിധാനം ചെയ്ത് അടുത്ത് റിലീസാകാനിരിക്കുന്ന ചിത്രം സൂര്യ നായകനാകുന്ന 'റെട്രോ'യാണ്. ഈ ചിത്രം മെയ് 1-ന് റിലീസാകുമെന്നാണ് റിപ്പോർട്ട്. അതേ സമയം കാർത്തിക് സുബുരാജ് തന്റെ സ്വന്തം ബാനറായ 'സ്റ്റോൺ ബെഞ്ച്' മുഖേന ഒരു വെബ് സീരീസ് നിർമ്മിക്കാൻ ഒരുങ്ങുകയാണ്. ഇതിൽ മാധവനാണ് നായകനായി അഭിനയിക്കുന്നത്. മാധവനോടൊപ്പം മലയാളത്തിന്റെ സ്വന്തം നടനായ ദുൽഖർ സൽമാനും, തമിഴ് സിനിമയിലെ മുൻനിര നായകന്മാരിൽ ഒരാളായ ഗൗതം കാർത്തിക്കും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുമെന്നുള്ള റിപ്പോർട്ടും ഉണ്ട്. അമേസോണിൽ റിലീസായ, കാർത്തിക് സുബുരാജ് നിർമ്മിച്ച ‘അമ്മു’ എന്ന പരമ്പര സംവിധാനം ചെയ്ത ചാരുകേശ് ശേഖർ തന്നെയാണ് ഈ പരമ്പരയും സംവിധാനം ചെയ്യുന്നത്. 'അമ്മു' എന്ന പരമ്പരയിൽ മലയാളി താരങ്ങളായ ഐശ്വര്യ ലക്ഷ്മിയും, മാലാ പാർവതിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു. 'അമ്മു' അമേസോനിലാണ് റിലീസായത്. എന്നാൽ 'ലെഗസി' എന്ന് പേരിട്ടിരിക്കുന്ന ഈ പുതിയ പരമ്പര നേരിട്ട് 'Netflix'-ലാണത്രെ റിലീസാകുന്നത്. ഈ പരമ്പരയെക്കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനങ്ങൾ ഉടൻ ഉണ്ടാകുമെന്നാണ് പറയപ്പെടുന്നത്.