മലയാള സിനിമയെ സംബന്ധിച്ചിടത്തോളം ഈ വര്‍ഷം ആരംഭം അല്‍പ്പം തിളക്കമുള്ളതായിരുന്നുവെന്ന് മനസ്സ് തുറന്ന് പറയാം മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച്. നടന്‍ സന്തോഷ് കീഴാറ്റൂരുമായി സംസാരിച്ചുകൊണ്ടിരിക്കുന്നതിനിടയില്‍ ഈ അഭിപ്രായം തുറന്നുപറയുമ്പോള്‍ അദ്ദേഹവും അത് ശരിവച്ചു. അന്യഭാഷാ ചിത്രങ്ങളുടെ വരവും മലയാളത്തില്‍ ഏറെ ശ്രദ്ധിക്കപ്പെടുന്നതായിരുന്നുവെന്ന് സന്തോഷ് കീഴാറ്റൂര്‍ കൂട്ടിച്ചേര്‍ത്തു. കോട്ടയത്ത് തിരുവഞ്ചൂരില്‍ 'ശ്വാസം' എന്ന സിനിമയുടെ ലൊക്കേഷനില്‍ വച്ചാണ് സന്തോഷുമായുള്ള കൂടിക്കാഴ്ച നടന്നത്. ബിനോയ് വേളൂര്‍ സംവിധാനം ചെയ്യുന്ന ഈ സിനിമയില്‍ തനിക്കൊരു കൂടിയാട്ട കലാകാരന്‍റെ വേഷമാണ് ലഭിച്ചിരിക്കുന്നതെന്നും കുറെ ഹൃദയസ്പര്‍ശിയായ മുഹൂര്‍ത്തങ്ങളുള്ള ഒരു സിനിമയാണിതെന്നും സന്തോഷ് പറയുകയുണ്ടായി.
ഏത് ടൈപ്പ് കഥാപാത്രങ്ങള്‍ ചെയ്യണമെന്നാണ് ആഗ്രഹം?
ഹേയ്.. അങ്ങനെയൊന്നുമില്ല. എന്നെ സംബന്ധിച്ചിടത്തോളം ഞാന്‍ കൂടുതലും ക്യാരക്ടര്‍ റോളുകളിലാണ് അഭിനയിക്കുന്നത്. കുറച്ചുകൂടി ശ്രദ്ധിക്കപ്പെടുന്നതും കൂടുതല്‍ സമയം സ്ക്രീനില്‍ വരാന്‍ പറ്റുന്ന കഥാപാത്രങ്ങള്‍ കിട്ടണമെന്നാണ് എന്‍റെ വലിയ ഒരാഗ്രഹവും പ്രാര്‍ത്ഥനയും.
സിനിമയില്‍ എത്തിയതിനെക്കുറിച്ച്....?
ലോഹിതദാസ് സാറിന്‍റെ 'ചക്ര'ത്തിലൂടെയാണ് സിനിമയില്‍ എത്തിയത്. പിന്നെ ഒരു ഗ്യാപ്പ് വന്നു. അതിനുശേഷം ടി.വി. ചന്ദ്രന്‍ സാറിന്‍റെയൊപ്പം അസിസ്റ്റന്‍റായി രണ്ട് മൂന്ന് സിനിമകളില്‍ വര്‍ക്ക് ചെയ്തിരുന്നു. കമല്‍ സാറിന്‍റെ അസിസ്റ്റന്‍റായിരുന്നു. നാടകങ്ങള്‍ ചെയ്യുന്നുണ്ടായിരുന്നു. ആ മേഖലയിലും അഭിനയവും ഡയറക്ഷനും ഒക്കെയായി പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നു. കലാരംഗത്തുതന്നെ തുടര്‍ന്നുവെന്ന് സാരം.
സിനിമയോടുള്ള സ്വപ്നത്തെക്കുറിച്ച്?
സിനിമയോടെനിക്ക് പണ്ടുമുതലെ വലിയ ഒരു സ്വപ്നമുണ്ടായിരുന്നു. പക്ഷേ, എന്‍റെ നാട്ടില്‍ കീഴാറ്റൂരില്‍ സിനിമയുമായി ബന്ധപ്പെട്ട ഒരാളും ഉണ്ടായിരുന്നില്ല. ആകെ ഉണ്ടായിരുന്നത് കണ്ണൂര്‍ ജില്ലയില്‍ പാട്യത്തുള്ള ശ്രീനിവാസന്‍ ചേട്ടനായിരുന്നു. ശ്രീനിയേട്ടന്‍ വളരെ നാളുകളായി ചെന്നൈയിലുമായിരുന്നു. ഒരിക്കല്‍ പൂനാ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ എത്തിപ്പെടാന്‍ ഒരു ശ്രമം നടത്തിയെങ്കിലും അപ്പോഴാണറിയുന്നത്, ഫിസിക്സിനും കെമിസ്ട്രിക്കും ഒക്കെ നല്ല മാര്‍ക്ക് വേണമെന്ന്.
നാടകങ്ങളോട് എനിക്ക് പ്രത്യേകമായ ഒരിഷ്ടം ഉണ്ടായിരുന്നതുകൊണ്ട് ആ രംഗത്ത് നില്‍ക്കുവാന്‍ എനിക്ക് അനുകൂലമായ സാഹചര്യങ്ങള്‍ കിട്ടി. നാടകരംഗത്തെ പിന്നാമ്പുറങ്ങളെക്കുറിച്ചൊക്കെ പഠിക്കുവാനും അറിവ് നേടാനും കഴിഞ്ഞിട്ടുണ്ട്.
ഏത് ട്രൂപ്പിലായിരുന്നു ആദ്യം?
ഞാന്‍ കണ്ണൂര്‍ സംഘചേതന എന്ന നാടകട്രൂപ്പിലാണ് തുടങ്ങിയത്. ഞാനെത്തിപ്പെട്ടത് മികച്ച ഗുരുനാഥന്മാരുടെ കീഴിലാണ്. ഗോപിനാഥ് കോഴിക്കോട് സാര്‍, വേണുക്കുട്ടന്‍ നായര്‍ സാര്‍, ഡോ. ഷിബു എസ്. കൊട്ടാരം, ഇവരുടെയൊക്കെ കൂടെയുള്ള പഠനം എനിക്കൊരുപാട് ഗുണം ചെയ്തിട്ടുണ്ട്. കുട്ടികളുടെ നാടകം സംവിധാനം ചെയ്തതും കോളേജ് നാടകങ്ങള്‍ സംവിധാനം ചെയ്തതും ഒക്കെ ഇവരുടെ ശിക്ഷണത്തില്‍ നിന്നും കിട്ടിയ പാഠങ്ങള്‍ ഹൃദിസ്ഥമാക്കിയിട്ടാണ്.
അപ്പോഴും സിനിമ മനസ്സിലുണ്ടായിരുന്നു. ഒരു നടനാകണമെന്ന ലക്ഷ്യമോ ആഗ്രഹമോ ഒന്നും അന്നുണ്ടായിരുന്നില്ല. സിനിമയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കണം എന്നൊരു ചിന്ത മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഞാന്‍ ഏറ്റവും കൂടുതലായി അവസരങ്ങള്‍ ചോദിച്ചതുപോലും സിനിമാനടനാകാന്‍ ആയിരുന്നില്ല. അസിസ്റ്റന്‍റ് ഡയറക്ടറായി പ്രവര്‍ത്തിക്കുവാനായിരുന്നു ആഗ്രഹം. അങ്ങനെയൊരു അവസരം ലഭിച്ചാല്‍ ഒരു ജോലി എന്ന നിലയില്‍ സിനിമ പഠിക്കാമല്ലോ. ഒരു സിനിമാ നടനാകാനുള്ള യോഗ്യതയൊന്നും എനിക്കുണ്ടെന്ന് അന്ന് തോന്നിയിട്ടില്ല.