നാരായണീന്റെ മൂന്നാണ്‍മക്കള്‍ എന്ന ചിത്രത്തിലെ ആതിര എന്ന കഥാപാത്രത്തെ ഭംഗിയായി അവതരിപ്പിച്ച് അഭിനന്ദനങ്ങള്‍ സ്വന്തമാക്കിയ ഗാര്‍ഗിയുടെ വിശേഷങ്ങള്‍.
സിങ്ക് സൗണ്ട് സൂപ്പറാണ്
നാരായണന്റെ മൂന്നാണ്‍മക്കള്‍ സിനിമയില്‍ സിങ്ക് സൗണ്ടായിരുന്നു ഉപയോഗിച്ചിരുന്നത്. ഷൂട്ടിന് മുമ്പ് തന്നെ ഞങ്ങള്‍ സീനുകള്‍ റിഹേഴ്‌സല്‍ ചെയ്തിട്ടുണ്ടായിരുന്നു. സിങ്ക് സൗണ്ട് ആയതിനാല്‍ ഡയലോഗുകള്‍ കൃത്യമായി പോകണം. എന്നെ സംബന്ധിച്ചിടത്തോളം സിങ്ക് സൗണ്ട് നല്ല കാര്യമാണ്. കാരണം കഥാപാത്രത്തിനായുള്ള നമ്മുടെ റിഹേഴ്‌സലും ഒരുക്കവുമെല്ലാം സിങ്ക് സൗണ്ടാണെങ്കില്‍ നന്നായി പ്രതിഫലിക്കും. സിനിമയുടെ ഷൂട്ടിംഗ് കഴിഞ്ഞ് കുറേനാള്‍ കഴിഞ്ഞ് ഡബ്ബിംഗ് വരുമ്പോള്‍ അതേപോലെ ചെയ്യാന്‍ കഴിയുമോ എന്നറിയില്ല. സിങ്ക് സൗണ്ട് ഉപയോഗിക്കുമ്പോള്‍ ആക്‌ടേഴ്‌സ് ഗിവ് ആന്റ് ടേക്ക് ആയി സീനുകള്‍ ചെയ്യാം.
ആ ചിരി വന്നത് അങ്ങനെ
ഒരു സംവിധായകന്റെ മനസ്സിലുള്ളത് തന്നെയാണ് സിനിമ. പക്ഷേ, ചില സീനുകള്‍ മറ്റേതെങ്കിലും രീതിയില്‍ ചെയ്താല്‍ രസമാകുമെന്ന് തോന്നുകയാണെങ്കില്‍ ഞാനത് ഉറപ്പായും പറയും. അവര്‍ക്കതില്‍ അഭിപ്രായവ്യത്യാസം ഉണ്ടാകുകയാണെങ്കിലും ഞാന്‍ എന്റെ ഭാഗം ബോധ്യപ്പെടുത്താന്‍ നോക്കും. ഇനി അവര്‍ പറയുന്നതാണ് ശരിയെന്ന് മനസ്സിലായാല്‍ അത് ഉള്‍ക്കൊള്ളും. ഈ സിനിമയിലെ തന്നെ ആതിര എന്ന കഥാപാത്രത്തിന്റെ ചിരി വളരെ വിലപിടിച്ചതാണെന്ന് ശരണ്‍ ആദ്യം തന്നെ പറഞ്ഞിരുന്നു. ചെയ്തുവന്നപ്പോള്‍ അത് ഏതായാലും വര്‍ക്കൗട്ടായി. ഇടയ്ക്ക് ശരണ്‍ പറയുമായിരുന്നു. ചിരി ഒരു മീറ്റര്‍ കുറയ്ക്കാന്‍ പറ്റുമോ എന്നൊക്കെ.
വടക്കന്‍ ഭാഷ കുഴക്കിയില്ല
സിനിമയുടെ കഥ നടക്കുന്നത് വടകര പരിസരത്താണെങ്കിലും ഭാഷ എന്നെ ബുദ്ധിമുട്ടിച്ചില്ല. കാരണം അവിടെ ജനിച്ചുവളര്‍ന്നയാളാണ് ആതിര. അതുകൊണ്ടുതന്നെ സിനിമയില്‍ ഞാനങ്ങനെ കോഴിക്കോട്, വടകര ഭാഷ പിടിച്ചിട്ടില്ല. എന്റെ കോഴിക്കോട്ടുള്ള കൂട്ടുകാരൊക്കെ പറഞ്ഞ അനുഭവം, കോളേജില്‍ പോകുമ്പോള്‍ ഭാഷയുടെ പേരില്‍ അവര്‍ കളിയാക്കലുകള്‍ നേരിട്ടുണ്ടെന്നാണ്. ഇങ്ങനെയുള്ള പല പരിഹാസങ്ങല്‍ കൊണ്ട് ചിലപ്പോള്‍ ഭാഷ തന്നെ മാറ്റേണ്ടി വരുന്ന സാഹചര്യവുമുണ്ടെന്ന് കേട്ടിട്ടുണ്ട്.
ബന്ധങ്ങളിലെ വിമര്‍ശനം
കസിന്‍ റിലേഷന്‍ഷിപ്പൊക്കെ ചര്‍ച്ചയായ സാഹചര്യത്തിലും എന്നോട് ആരും അതിനെക്കുറിച്ച് നെഗറ്റീവായി സംസാരിച്ചിട്ടില്ല. സിനിമയെയും എന്റെ അഭിനയത്തെക്കുറിച്ചുമൊക്കെയാണ് പൊതുവേ സംസാരിച്ചിട്ടുള്ളത്. ചിലപ്പോള്‍ അതൊക്കെ സംവിധായകനോടും എഴുത്തുകാരനോടും ആകും ചോദിക്കുക.