സിനിമയിലെപ്പോലെ ജീവിതത്തിലും മാളികപ്പുറമാകാൻ കഴിഞ്ഞതിന്റെ സന്തോഷവും കൊച്ചുമിടുക്കി ദേവനന്ദ പ്രേക്ഷകരുമായി പങ്കുവയ്ക്കുന്നു.
അയ്യപ്പഭക്തിയിൽ ആത്മനിർവൃതി കൊണ്ട് മലയാളികൾ ഇരുകയ്യും നീട്ടി സ്വീകരിച്ച ചിത്രമായിരുന്നു മാളികപ്പുറം. ചിത്രം ഹിറ്റിലേക്ക് കുതിക്കുമ്പോൾ മികവുറ്റ അഭിനയം കാഴ്ചവച്ച കല്ലുവായി അഭിനയിച്ച ദേവനന്ദ എന്ന ബാലതാരവും പ്രേക്ഷകശ്രദ്ധ നേടിയെടുത്തു. കളമശ്ശേരി രാജഗിരി പബ്ലിക് സ്‌ക്കൂളിൽ നാലാം ക്ലാസിൽ പഠിക്കുന്ന കൊച്ചുമിടുക്കി നാലരവയസ്സ് മുതൽ സിനിമയിൽ സജീവമാണ്. തൊട്ടപ്പൻ എന്ന ചിത്രത്തിൽ ആരംഭിച്ച അഭിനയജീവിതം മിന്നൽ മുരളി, മൈ സാന്റാ തുടങ്ങി നിരവധി ചിത്രങ്ങളിലൂടെ കടന്നുപോയി. മാളികപ്പുറത്തിന്റ ബ്ലോക്ക് ബസ്റ്റർ ഹിറ്റിനുശേഷം ദേവനന്ദയുടെ റിലീസിന് തയ്യാറെടുക്കുന്ന ചിത്രങ്ങളാണ് 2018, നെയ്മർ തുടങ്ങിയവ. സിനിമയിലെപ്പോലെ ജീവിതത്തിലും മാളികപ്പുറമാകാൻ കഴിഞ്ഞതിന്റെ സന്തോഷവും കൊച്ചുമിടുക്കി ദേവനന്ദ പ്രേക്ഷകരുമായി പങ്കുവയ്ക്കുന്നു.
സിനിമാതാരങ്ങൾക്കിടയിലെ ദേവുവിന്റെ ഇത്തവണത്തെ വിഷു ആഘോഷങ്ങൾ എങ്ങനെയായിരുന്നു?
സാധാരണ ആലുവയിലും തിരുവനന്തപുരത്തുമായാണ് എന്റെ വിഷു ആഘോഷങ്ങളൊക്കെ നടക്കാറുള്ളത്. പക്ഷേ ഇത്തവണ വിഷു തമിഴ് സിനിമയുടെ ലൊക്കേഷനിലായിരുന്നു. എന്റെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു ഒരു തമിഴ് സിനിമയിൽ അഭിനയിക്കുക എന്നത്. സുന്ദർ സി സാറിന്റെ അരമനഫോർ എന്ന ചിത്രത്തിൽ ഞാൻ അഭിനയിക്കുന്നുണ്ട്. ചെന്നൈയിലും പാലക്കാട്ടുമായാണ് ഷൂട്ടുകൾ പ്ലാൻ ചെയ്തിരിക്കുന്നത്. ഷൂട്ടിംഗ് ഇല്ലാതിരിക്കുന്ന സമയത്ത് അച്ഛനും അമ്മയും ബന്ധുക്കളുമൊക്കെ ചേർന്നാണ് ഞങ്ങൾ വിഷു ആഘോഷിക്കാറുള്ളത്. വൈകുന്നേരം ലുലുമാളിൽ പോയി സാധനങ്ങളൊക്കെ മേടിച്ചോണ്ട് വരും. പടക്കങ്ങൾ എനിക്ക് ഒരുപാട് ഇഷ്ടമല്ല. പക്ഷേ കമ്പിത്തിരി ഇഷ്ടമാണ്. അമ്മമ്മയാണ് കണിയൊരുക്കുക. എല്ലാവരും ഒരുമിച്ച് സദ്യ ഉണ്ടാക്കും. കണി കാണും, വിഷുക്കൈനീട്ടം മേടിക്കും. കൈനീട്ടം കിട്ടിയതെല്ലാം ഞാൻ അമ്മയുടെ കയ്യിൽ കൊടുക്കും. എന്നിട്ട് അഞ്ചുരൂപ മാത്രമേ ചെലവാക്കുകയുള്ളൂ. സദ്യയിൽ എനിക്ക് ഏറ്റവും ഇഷ്ടം പാൽപ്പായസവും ശർക്കരപ്പായസവുമാണ്. രണ്ടുപായസം വിഷുവിന് നിർബന്ധമായും എന്റെ വീട്ടിൽ ഉണ്ടാക്കാറുണ്ട്.
ആദ്യം അഭിനയിച്ച സിനിമയും, ക്യാമറയ്ക്ക് മുന്നിൽ വന്ന അനുഭവവും എങ്ങനെയായിരുന്നു?
ഞാൻ ആദ്യമായി അഭിനയിച്ചത് തൊട്ടപ്പനിലാണ്. ഫെയ്‌സ്ബുക്കിൽ പോസ്റ്റ് ചെയ്ത ഒരു ഫോട്ടോ കണ്ടിട്ട് ശരൺ വേലായുധൻ എന്ന ക്യാമറാമാൻ ചേട്ടനാണ് അഭിനയിക്കാൻ വിളിച്ചതെന്ന് അച്ഛൻ പറഞ്ഞിട്ടുണ്ട്. അന്ന് എനിക്ക് മൂന്നര വയസ്സേയുള്ളൂ. സിനിമ എന്താണെന്നൊന്നും എനിക്കറിയില്ലായിരുന്നു. നാലരവയസ്സിലാണ് തൊട്ടപ്പനിൽ വിനായകൻ ചേട്ടന്റെ കൂടെ അഭിനയിച്ചത്. അതിനുശേഷം ദിലീപ് അങ്കിളിന്റെ മൈ സാന്റാ, ടൊവിനോ ചേട്ടന്റെ കൂടെ മിന്നൽ മുരളി, വിനീത് ചേട്ടന്റെ സൈമൺ ഡാനിയൽ, ഹെവൻ, ടീച്ചർ, മാളികപ്പുറം എന്നിങ്ങനെ 12 സിനിമകളിൽ ഇപ്പോൾ അഭിനയിച്ചു.
അഭിനയത്തിൽ മാത്രമല്ല പഠനത്തിലും മിടുക്കിയാണെന്ന് അറിയാം. ഷൂട്ടിംഗ് തിരക്കുകൾക്കിടയിൽ സ്‌ക്കൂളും പഠിത്തവുമൊക്കെ മിസ്സ് ചെയ്യാറുണ്ടോ?
ശരിക്കും മിസ് ചെയ്യാറുണ്ട്. അഭിനയവും പഠനവും ഒരുപോലെ കൊണ്ടുപോകാനാണ് എനിക്കിഷ്ടം. അതിന് എന്റെ അച്ഛനും അമ്മയും കൂട്ടുകാരുമൊക്കെ ഒരുപാട് സഹായിക്കാറുണ്ട്. മാളികപ്പുറം റിലീസ് ചെയ്ത് കുറെ നാളുകൾ കഴിഞ്ഞാണ് ഞാൻ ക്ലാസിൽ പോയി തുടങ്ങിയത്. വെക്കേഷൻ സമയത്തായിരുന്നു സിനിമ റിലീസ് ചെയ്തത്. പിന്നെ പ്രമോഷനൊക്കെയായി കൂടുതൽ തിരക്കുകളിലേക്ക് പോയി. ആ സമയത്തൊക്കെ സ്‌ക്കൂളും പഠിത്തവുമൊക്കെ മിസ്സ് ചെയ്തു. എന്റെ കൂട്ടുകാരി നിഹാരയാണ് ക്ലാസിലെ ഓരോ നോട്ട്‌സും എനിക്ക് വാട്‌സാപ്പിൽ അയച്ചുതരുന്നത്. ക്ലാസിലെ ഓരോ കാര്യങ്ങളും അവളാണ് എനിക്ക് വൈകുന്നേരങ്ങളിൽ വരുമ്പോൾ പറഞ്ഞുതരാറുള്ളത്.
വലുതാകുമ്പോൾ നടി അല്ലാതെ മറ്റേത് മേഖലയിൽ അറിയപ്പെടാനാണ് ആഗ്രഹം?
സിനിമ തിരക്കുകൾക്കിടയിലാണെങ്കിലും ഞാൻ ക്ലാസിലെ ടോപ്പ് ത്രീയിൽ ഒരാളാണ്. അഭിനയവും പഠനവുമൊക്കെ ഒരുമിച്ചുകൊണ്ടുപോകണം. എന്റെ സ്‌ക്കൂളിൽ ടീച്ചേഴ്‌സും കൂട്ടുകാരുമൊക്കെ അതിന് ഒരുപാട് സഹായിക്കുന്നുണ്ട്. വലുതാകുമ്പോൾ എനിക്കൊരു കളക്ടർ ആവാനാണ് ആഗ്രഹം. അതിനുവേണ്ടി പഠനത്തിലും ആർട്‌സിലും ഒക്കെ അച്ഛനും അമ്മയും ഒരുപാട് സഹായിക്കാറുണ്ട്. പഠിക്കുന്നതിനോടൊപ്പം തന്നെ വെസ്റ്റേൺ മ്യൂസിക്, ക്ലാസിക്കൽ ഡാൻസ്, പിയാനോ, സിമ്മിംഗ് എന്നിവയൊക്കെ പഠിക്കുന്നുണ്ട്. വീട്ടിൽ എനിക്കൊരു കുഞ്ഞു ലൈബ്രറിയുണ്ട്. ഒരുപാട് വായിക്കാൻ ഇഷ്ടമാണ്. ഞാൻ ഒത്തിരി ബുക്കുകൾ വായിച്ചിട്ടുണ്ട്. ബുക്കുകളൊക്കെ വാങ്ങിത്തരുന്നത് അച്ഛനും അമ്മയും അമ്മൂമ്മയും വല്യച്ഛന്മാരൊക്കെയാണ്. ബുക്ക് വായിക്കാൻ അവരെന്നെ ഒരുപാട് സപ്പോർട്ട് ചെയ്യും. അതുകൊണ്ട് സ്‌ക്രിപ്റ്റ് ഒക്കെ തരുമ്പോൾ എനിക്ക് പെട്ടെന്ന് കാണാപ്പാഠം പഠിക്കാനും പറ്റാറുണ്ട്. പ്രമോഷന്റെ സമയത്ത് ഞാൻ ഒരു ഇംഗ്ലീഷ് പ്രസംഗം ചെയ്തിരുന്നു. അന്ന് ഉച്ചയ്ക്ക് എഴുതിപ്പഠിച്ച് വൈകുന്നേരം വേദിയിൽ പ്രസംഗിച്ചതാണത്.
ഷൂട്ടിംഗ് ലൊക്കേഷനുകളിൽ എപ്പോഴും കൂടെയുണ്ടാകുന്നത് അച്ഛനാണെന്ന് അറിയാം. ദേവുവിന്റെ ഏറ്റവും വലിയ വിമർശകൻ അച്ഛനാണോ?
അച്ഛനും അമ്മയും എനിക്ക് ഒരുപോലെ പ്രിയപ്പെട്ടവരാണ്. അമ്മ പ്രീത നെടുമ്പാശ്ശേരി എയർപോർട്ടിൽ ജോലി ചെയ്യുകയാണ്. അച്ഛന്റെ പേര് ജിബിൻ, ബിസിനസാണ് ചെയ്യുന്നത്. എന്നെ ഷൂട്ടിംഗ് ലൊക്കേഷനിലൊക്കെ കൊണ്ടുപോകുന്നത് അച്ഛനാണ്. എപ്പോഴും എന്റെ കൂടെത്തന്നെയുണ്ടാകും. ഒരു അച്ഛൻ ആയിട്ടല്ല എന്റെ കൂടെ നിൽക്കാറുള്ളത്. ഞങ്ങൾ രണ്ടുപേരും ഫ്രണ്ട്‌സ് ആണ്. എല്ലാ കാര്യങ്ങളും തുറന്നുപറയാം. എന്നെ അച്ഛൻ ഏറ്റവും കൂടുതൽ വഴക്ക് പറയുന്നത് ഭക്ഷണം കഴിക്കാത്തതുകൊണ്ടാണ്. ഞാൻ ഭക്ഷണം പതിയെ കഴിക്കുന്ന ആളാണ്. ഇന്റർവ്യൂവിന് പോകുമ്പോൾ ഡ്രസ്സ്, മേക്കപ്പും ഹെയറും ഒക്കെ ചെയ്തുതരുന്നത് അച്ഛനാണ്.
മാളികപ്പുറത്തിന്റെ കല്ലുവിന്റെ അസാധ്യ പെർഫോമൻസ് കണ്ട് മോഹൻലാലിന്റെ ഭാര്യ സുചിത്ര ഫോൺ വിളിച്ചെന്ന് കേട്ടല്ലോ?
അതെ, മോഹൻലാലങ്കിളിന്റെ ഭാര്യ സുചിത്ര ആന്റി എന്നെ ഫോൺ ചെയ്തിരുന്നു. സിനിമ കണ്ട് അടിപൊളിയായി, നന്നായിട്ടുണ്ട് എന്നൊക്കെ പറഞ്ഞു. പക്ഷേ ഫോൺ വിളിക്കുന്ന സമയം ഞാൻ ഉറങ്ങുകയായിരുന്നു. എന്റെ അമ്മയായിരുന്നു ഫോണെടുത്തത്. എല്ലാദിവസവും പ്രോഗ്രാം കഴിഞ്ഞ് രാത്രി ഒരു മണിക്കാണ് വന്നുകിടന്നുറങ്ങാറുള്ളത്. അന്ന് രാവിലെ എഴുന്നേൽക്കാൻ വൈകിപ്പോയി. അതുകൊണ്ട് ആ കോൾ എനിക്ക് മിസ്സായി. ആന്റി വിളിച്ച കാര്യം അമ്മ പറഞ്ഞപ്പോൾ ഒരുപാട് സന്തോഷം തോന്നി.
കല്ലു എന്ന കഥാപാത്രം ഒരുപാട് പേരുടെ ഹൃദയത്തിൽ സ്ഥാനം പിടിച്ചിരുന്നു. സിനിമ കണ്ടുകഴിഞ്ഞ് പ്രേക്ഷകരുടെ പ്രതികരണം എങ്ങനെയായിരുന്നു?
സിനിമ കണ്ട് അമ്മമാരും അമ്മൂമ്മമാരുമൊക്കെ വന്ന് നല്ല അഭിപ്രായം പറഞ്ഞു. ചിലരൊക്കെ വന്ന് കെട്ടിപ്പിടിച്ച് കരഞ്ഞിട്ടുണ്ട്. ഒരുപാട് കരഞ്ഞെന്ന് പലരും പറഞ്ഞു. എല്ലാവരുടേയും അഭിനന്ദനങ്ങൾ കാണുമ്പോൾ എനിക്ക് ഒത്തിരി സന്തോഷം തോന്നാറുണ്ട്. തിയേറ്റർ വിസിറ്റിന് പോകുമ്പോൾ ഏറ്റവും കൂടുതൽ ആരാധകരായി വരുന്നത് അമ്മൂമ്മമാരും അപ്പൂപ്പന്മാരും ആന്റിമാരുമൊക്കെയാണ്. അവര് വന്ന് കെട്ടിപ്പിടിക്കുകയും ഉമ്മ വയ്ക്കുകയും ചെയ്യും. എല്ലാവരും കല്ലുവിനെ സ്വീകരിച്ചു എന്നുപറയുന്നതിൽ നന്ദിയുണ്ട്. ഇനിയും എല്ലാവരുടേയും സപ്പോർട്ട് ഉണ്ടാവണം.
ക്യൂട്ട് നെസ്സ് ഓവറായി എന്നുപറയുന്നവരോട് എന്താണ് മറുപടി കൊടുക്കാനുള്ളത്?
ക്യൂട്ട്‌നെസ് ഓവറായി വാരി വിതറിയെന്നൊക്കെ ചിലർ കമന്റ് ചെയ്യുന്നത് ഞാനും കാണാറുണ്ട്. എന്റെ ക്യൂട്ട്‌നെസ് ഓവർ ആകുന്നതല്ല. ഞാൻ എപ്പോഴും ഇങ്ങനെയാണ് ചിരിക്കുന്നതും സംസാരിക്കുന്നതും. അത് ശരിക്കും എന്റെ കുഴപ്പമല്ല. ഒരുപാട് ആളുകളുടെ ഇടയിലിരുന്ന് ഇങ്ങനെ കമന്റ് പറയാൻ എളുപ്പമാണ്. പക്ഷേ അത് ഞങ്ങൾക്ക് എങ്ങനെയാണ് ഫീൽ ചെയ്യുന്നെതന്ന് ആരും ചിന്തിക്കാറില്ല. അവരെക്കുറിച്ച് നെഗറ്റീവ് പറഞ്ഞാൽ അവർക്ക് സങ്കടം വരില്ലേ. അതേപോലെ ഞങ്ങൾക്കും സങ്കടം വരില്ലേ. അപ്പോൾ നെഗറ്റീവ് പറയുമ്പോൾ ഒന്നുകൂടി ചിന്തിച്ചിട്ട് പറഞ്ഞാൽ നല്ലതല്ലേ. നെഗറ്റീവ് എന്തെങ്കിലും ചെയ്താൽ അതു ചൂണ്ടിക്കാണിച്ചാൽ അംഗീകരിക്കാൻ ഒരു മടിയുമില്ല.
ആദ്യമായി ശബരിമല കയറിയപ്പോൾ എന്താണ് മനസ്സിൽ തോന്നിയത്?
എന്റെ അമ്മമ്മ പറഞ്ഞുതന്ന കഥകളിലൂടെയാണ് അയ്യപ്പനെആദ്യമായി അറിയുന്നത്. അപ്പോഴൊക്കെ ശബരിമലയിൽ പോവാൻ ശരിക്കും ആഗ്രഹം തോന്നിയിട്ടുണ്ട്. ആ ആഗ്രഹം സാധിച്ചത് മാളികപ്പുറത്തിലൂടെയാണ്. അങ്ങനെ ഞാൻ ആദ്യമായി ശബരിമല കയറി. ഷൂട്ടിംഗിന് മുമ്പുതന്നെ വ്രതം തുടങ്ങി. 75 ദിവസത്തോളം വ്രതം തുടർന്നു. അങ്ങനെ ആഗ്രഹിച്ചതുപോലെ പതിനെട്ടാം പടി കയറി. നെയ്യഭിഷേകം നടത്തുമ്പോഴാണ് ഞാൻ അയ്യപ്പനെ കാണുന്നത്. പൊന്നിൽ കുളിച്ച സൂര്യനെപ്പോലെയായിരുന്നു അയ്യപ്പനെ കാണാൻ. മാളികപ്പുറം സൂപ്പർ ഹിറ്റാവണേ എന്നുമാത്രമാണ് ഞാനപ്പോൾ പ്രാർത്ഥിച്ചത്.
ദേവുവിന്റെ പുതിയ സിനിമാവിശേഷങ്ങൾ എന്തൊക്കെയാണ്?
പുതിയ ചിത്രങ്ങൾ ജൂഡ് ആന്റണി അങ്കിളിന്റെ 2018, നെയ്മർ, സോമന്റെ കൃതാവ് ഇവയൊക്കെയാണ്.