ഏഴാം ക്ലാസ്സില്‍ പഠിക്കുമ്പോഴാണ് ആദ്യമായി ഓഡിഷന് പങ്കെടുക്കുന്ത്. പത്രപ്പരസ്യം കണ്ട് വീട്ടില്‍ അറിയാതെ പെരുമ്പാവൂരിലേക്ക് ബസ് കയറി. അവിടെ പോയപ്പോള്‍ ഫോട്ടോ എടുക്കാനും രജിസ്റ്റര്‍ ചെയ്യാനുമെല്ലാം കൂടി നൂറുരൂപ വേണം. ഏഴാം ക്ലാസുകാരന്‍റെ അടുത്ത് നൂറുരൂപ പോയിട്ട് ഇരുപത് രൂപ പോലും തികച്ച് എടുക്കാനില്ല. വളരെ നിരാശയോടെയാണ് അന്ന് തിരിച്ചു വീട്ടിലേക്ക് പോവുന്നത്.
പക്ഷേ ഒരാഴ്ചയ്ക്കപ്പുറം പത്രം നോക്കിയപ്പോള്‍ ഞാന്‍ പോയ ഓഡിഷന്‍ തട്ടിപ്പായിരുന്നെന്ന വാര്‍ത്ത. അത് ഉള്ളില്‍ സന്തോഷവും ഒപ്പം ആശ്വാസവും പകര്‍ന്നു. മൂവാറ്റുപുഴക്കാരനായ ഞാന്‍ വളരുന്നതിനൊപ്പം എന്‍റെയുള്ളിലെ സിനിമാമോഹവും വളര്‍ന്നു. പി.ജി പഠനകാലം വരെ ഓഡിഷന് പോകുന്നത് ഒരു ജീവിതചര്യയായി മാറുകയായിരുന്നു. ഒരുപാട് റിജക്ഷന്‍സ് വേദന ഉണ്ടാക്കിയിട്ടുണ്ടെങ്കിലും അതെല്ലാം ഇപ്പോള്‍ ആലോചിക്കുമ്പോള്‍ സന്തോഷം തോന്നുന്നുണ്ട്.
അതുകൊണ്ടാണല്ലോ എനിക്ക് ഇത്ര നല്ലൊരു തുടക്കം കിട്ടിയത്. വീട്ടുകാരോട് ഒരിക്കലും എന്‍റെ ആഗ്രഹം ഇതാണെന്നോ എനിക്ക് ഇതാണോ ആഗ്രഹമെന്ന് അവരും ഒരിക്കല്‍ പോലും ചോദിച്ചിട്ടില്ലായിരുന്നു. ഒരു പരിധിയെത്തിയപ്പോള്‍ അവര്‍ അത് മനസ്സിലാക്ക് എടുക്കുകയായിരുന്നു.