ലോഗേഷ് കനകരാജ് സംവിധാനം ചെയ്തു കമൽഹാസൻ നായകനായി അഭിനയിച്ച് 2022-ൽ റിലീസായ ചിത്രമാണ് 'വിക്രം'. സൂപ്പർഹിറ്റായ ഈ ചിത്രത്തിന് ശേഷം കമൽഹാസന്റേതായി അടുത്തടുത്തു മൂന്ന് സിനിമകളാണ് പുറത്തുവരാനിരിക്കുന്നത്. അതിൽ ആദ്യത്തെ ചിത്രം തെലുങ്കിൽ ബ്രമ്മാണ്ഡമായി ഒരുങ്ങി, ഒരു പാൻ ഇന്ത്യൻ സിനിമയായി പുറത്തുവരാനിരിക്കുന്ന 'കൽക്കി 2898 എഡി' എന്ന സിനിമയാണ്. പ്രഭാസ്, കമൽഹാസൻ, അമിതാബ് ബച്ചൻ, ദീപികാ പദുകോൺ തുടങ്ങിയ സൂപ്പർ താരങ്ങൾ അണിനിരക്കുന്ന ഈ ചിത്രം ജൂൺ 27-ന് റിലീസാകുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ചിത്രത്തിൽ കമൽഹാസൻ വില്ലനായിട്ടാണ് എത്തുന്നത് എന്നുള്ള റിപ്പോർട്ടും ഉണ്ട്.
അടുത്തതായി വരാനിരിക്കുന്ന ചിത്രം തമിഴ് സിനിമയിലെ ബ്രമ്മാണ്ഡ ചിത്രങ്ങളുടെ സംവിധായകനായ ശങ്കർ ഒരുക്കി വരുന്ന 'ഇന്ത്യൻ-2' ആണ്. കമൽഹാസനൊപ്പം സിദ്ധാർഥ്, എസ്.ജെ.സൂര്യ, കാജൽ അഗർവാൾ, രഹുൽ പ്രീത് സിങ്ങ്, പ്രിയാ ഭവാനി ശങ്കർ തുടങ്ങി ഒരുപാട് താരങ്ങൾ അണിനിരക്കുന്ന ഈ ചിത്രവും ജൂൺ മാസം റിലീസാകും എന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാൽ ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പൂർത്തിയാകാത്തതിനാൽ ചിത്രത്തിന്റെ റിലീസ് ജൂലൈ മാസത്തിലേക്ക് വൈകും എന്നാണ് ഇപ്പോഴത്തെ റിപ്പോർട്ട്!
ഇതിന് അടുത്തതായി മണിരത്നം ഒരുക്കുന്ന 'തഗ് ലൈഫ്' റിലീസാകുമെന്നാണ് പറയപ്പെടുന്നത്. 'നായകൻ' എന്ന ചിത്രത്തിന് ശേഷം ഏകദേശം 35 വർഷങ്ങൾക്ക് ശേഷം കമൽഹാസനും, മണിരത്നവും ഒന്നിക്കുന്ന ചിത്രമാണ് 'തഗ് ലൈഫ്'. കമൽഹാസനൊപ്പം സിമ്പു, തൃഷ, ഐശ്വര്യ ലക്ഷ്മി, ജോജു ജോർജ് തുടങ്ങി വൻ താരനിര ഈ ചിത്രത്തിലും അണിനിരക്കുന്നുണ്ട്. ഇതിന്റെ ചിത്രീകരണം ഇപ്പോൾ വളരെ വേഗത്തിൽ നടന്നു വരികയാണ്. ചിത്രത്തിന്റെ റിലീസ് തീയതി ഇനിയും ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും എങ്ങനെയായാലും ഈ വർഷം ഡിസംബർ മാസത്തിനുള്ളിൽ ചിത്രം റിലീസ് ചെയ്യണമെന്ന തീരുമാനത്തോടെയാണ് ചിത്രത്തിന്റെ അണിയറപ്രവർത്തകൾ പ്രവർത്തിച്ചു വരുന്നത്.
ഇങ്ങിനെ കമൽഹാസന്റെ മൂന്ന് സിനിമകളാണ് ഈ വർഷം റിലീസാകാനിരിക്കുന്നത്. ഇത് കമൽഹാസന്റെ ആരാധകർക്ക് സന്തോഷം നൽകുന്ന വാർത്തയാണ്. ഒരുപാട് വർഷങ്ങൾക്ക് ശേഷമാണ് ഇതുപോലെ ഒരേ വർഷം കമൽഹാസന്റേതായി രണ്ടു, മൂന്ന് സിനിമകൾ റിലീസാകുന്നത്. 2015-ൽ 'ഉത്തമ വില്ലൻ', 'തൂങ്കാവനം' എന്നീ സിനിമകൾ പുറത്തുവന്നിരുന്നു.