NEWS

കാണാതായവരുടെ ലിസ്റ്റില്‍ എന്നെയും നിങ്ങള്‍ ചേര്‍ത്തോ? -Yasmin Ponnappa

News

പതിമൂന്ന് കൊല്ലം മുമ്പ് അതായത് 2010 ല്‍ ആരണ്യകാണ്ഡം എന്ന സിനിമയില്‍ അഭിനയിച്ച യാഷ്മിന്‍ പൊന്നപ്പയെ ആ സിനിമ കണ്ടവര്‍ക്കൊന്നും അത്ര പെട്ടെന്ന് മറക്കാനാവില്ല. ജാക്കിഷറഫ്, സമ്പത്ത്, ഗുരു സോമസുന്ദരം എന്നീ പ്രഗത്ഭര്‍ക്കൊപ്പമാണ് യാഷ്മിന്‍ അഭിനയിച്ചത്. ചിത്രത്തിന്‍റെ ക്ലൈമാക്സ് രംഗത്തില്‍ പണസഞ്ചിയുമായി തലയുയര്‍ത്തി നടക്കുന്നത് കണ്ട പ്രേക്ഷകര്‍ അന്ന് വിധിയെഴുതി, 'യാഷ്മിന്‍ പൊന്നപ്പ കോളിവുഡ്ഡില്‍ ഒരു റൗണ്ട് വരുംچ എന്ന്. പക്ഷേ ആ ഒറ്റ സിനിമയോടുകൂടി യാഷ്മിന്‍ അപ്രത്യക്ഷയാവുകയായിരുന്നു. ഇപ്പോഴിതാ പതിമൂന്ന് വര്‍ഷത്തെ ഇടവേളയ്ക്കുശേഷം 'ഇടിമിന്നല്‍ കാതല്‍' എന്ന സിനിമയിലൂടെ തിരിച്ചുവരവിന് തയ്യാറെടുക്കുകയാണ് യാഷ്മിന്‍ പൊന്നപ്പ. അടുത്തിടെ ഈ സിനിമയുടെ ചിത്രീകരണത്തിനായി ചെന്നൈയിലെത്തിയ യാഷ്മിനെ കണ്ടപ്പോള്‍ ചോദിച്ചു.

 

യാഷ്മിന്‍ ഇത്രയും നാള്‍ എവിടെയായിരുന്നു?

കാണാതായവരുടെ ലിസ്റ്റില്‍ എന്നെയും നിങ്ങള്‍ ചേര്‍ത്തോ? ഞാന്‍ എവിടെയും പോയിട്ടില്ല. സ്വദേശമായ ബാംഗ്ലൂരില്‍ എനിക്ക് ഇഷ്ടപ്പെട്ട ജോലികള്‍ ചെയ്തുകൊണ്ടിരിക്കയായിരുന്നു.

അത്രയും ഇഷ്ടപ്പെട്ട എന്തുജോലിയാണ് ചെയ്തുകൊണ്ടിരുന്നത്?

ഞാനൊരു യോഗാ ടീച്ചറാണ്. യോഗ ചെയ്യുന്നത് എനിക്ക് അത്രയധികം ഇഷ്ടമുള്ള കാര്യമാണ്. അത് ഒരു നിധിപോലെ എനിക്ക് കിട്ടിയ കലയാണ്. എനിക്കറിയാവുന്ന ഈ കല മറ്റുള്ളവര്‍ക്കും പകര്‍ന്നുകൊടുക്കണം എന്ന് ആഗ്രഹിച്ചു. അതിനായി ബാംഗ്ലൂരില്‍ ഒരു യോഗാ സെന്‍റര്‍ ഞാന്‍ നടത്തുന്നുണ്ട്. 

ആരണ്യകാണ്ഡത്തിലെ യാഷ്മിന്‍റെ കഥാപാത്രം വലിയ റീച്ചായിരുന്നു. അതിനുശേഷം 
നിങ്ങളെ ഒരു സിനിമയിലും കണ്ടില്ലല്ലോ?

ഞാന്‍ ഒരു സിനിമയില്‍ അഭിനയിക്കയാണെങ്കില്‍ അതിന്‍റെ കഥ എനിക്ക് ഇഷ്ടമാവണം. അങ്ങനെ ഇഷ്ടപ്പെട്ട കഥയോ കഥാപാത്രമോ എന്നെത്തേടി എത്തിയില്ല.

പതിമൂന്ന് വര്‍ഷത്തിനുശേഷമുള്ള ഈ റീ എന്‍ട്രിക്ക് എന്ത് മാജിക്കാണ് നിങ്ങളെ ആകര്‍ഷിച്ചത്?

കഥ കേട്ടു, ഇഷ്ടപ്പെട്ടു, അഭിനയിക്കാം എന്ന് തീര്‍ച്ചപ്പെടുത്തി. പുതിയ ടീം, നെക്സ്റ്റ് ജനറേഷന്‍ സംവിധായകര്‍ക്കൊപ്പം ജോലി ചെയ്യാനും സുഖമുണ്ട്. ഈ സിനിമയിലെ എന്‍റെ കഥാപാത്രം പ്രത്യേകം ചര്‍ച്ചാവിഷയമാവും. നിങ്ങള്‍ മീഡിയാക്കാരുടെ നല്ല രീതിയിലുള്ള നിരൂപണങ്ങളും വിലയിരുത്തലുകളും എന്നെ രണ്ടാം റൗണ്ടിന് സജീവമാക്കും എന്നുതന്നെയാണ് എന്‍റെ വിശ്വാസം.

ആരണ്യകാണ്ഡത്തില്‍ കണ്ട അതേപോലെ തന്നെയുണ്ട് വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും ഒരു മാറ്റവുമില്ല കാഴ്ചയില്‍...?

താങ്ക് യൂ ഫോര്‍ യുവര്‍ കോംപ്ലിമെന്‍റ്. കിട്ടുന്നതെന്തും വാരിവലിച്ച് ഭക്ഷിക്കാറില്ല. ആവശ്യത്തിന് ഭക്ഷണം മാത്രം കഴിക്കുന്ന ശീലമാവാം ഇങ്ങനെ മെയിന്‍റയിന്‍ ചെയ്യാന്‍ സഹായിക്കുന്നത്. മറ്റൊരു കാര്യം മനസ്സില്‍ അനാവശ്യമായ വിഷയങ്ങള്‍ക്ക് സഞ്ചരിക്കാന്‍ ഇടം നല്‍കാറില്ല. ചിരിയാണ് എന്‍റെ സിഗ്നേച്ചര്‍ സോംഗ്. എന്നും ചിരിച്ചുകൊണ്ട് സന്തുഷ്ടയായിരിക്കുന്നതും എന്‍റെ യൗവ്വനത്തിന്‍റെ കാരണമാവാം.

വിവാഹിതയാണോ?

നിങ്ങളുടെ മനസ്സില്‍ എന്തുതോന്നുന്നുവോ അത് എഴുതിക്കൊള്ളൂ. ആണുങ്ങളോട് അവരുടെ ശമ്പളത്തെക്കുറിച്ച് ചോദിക്കരുത് എന്നുപറയാറില്ലേ. അതുപോലെ സ്ത്രീകളോടും വിവാഹത്തെക്കുറിച്ച് ചോദിക്കരുത്.

നിങ്ങള്‍ക്കിഷ്ടപ്പെട്ട നായകനടന്മാര്‍ ആരൊക്കെയാണ്?

എന്‍റെ ലിസ്റ്റ് വളരെ വലുതാണ്. പറഞ്ഞാല്‍ നീണ്ടുപൊയ്ക്കൊണ്ടേയിരിക്കും. ഇപ്പോഴുള്ള ഹീറോമാരെല്ലാം അവരുടെ സ്വന്തം സ്റ്റൈലില്‍ അഭിനയിക്കുന്നവരാണ്. എല്ലാവരുടേയും അഭിനയം ഞാന്‍ ആസ്വദിക്കുന്നുണ്ട്. ഇഷ്ടപ്പെടുന്നുണ്ട്. വിജയ് സേതുപതി വളരെ നന്നായി അഭിനയിക്കുന്നുണ്ട്. അദ്ദേഹം വളരെ ടാലന്‍റഡും വളരെ ഹംബിളുമാണ്.


LATEST VIDEOS

Interviews