ആടുജീവിതം എന്ന സിനിമ താങ്കളെ തേടിയെത്തിയത് എപ്പോഴാണ്?
2017 ലാണ് ഇതിന്‍റെ ഓഡിഷന്‍ നടക്കുന്നത്. ഞാന്‍ പ്ലസ് ടൂ കഴിഞ്ഞ് കോളേജില്‍ പ്രവേശിച്ചിരുന്ന സമയം. യൂണിവേഴ്സിറ്റി യൂണിയന്‍റെ കീഴിലുള്ള 'കലാജാഥ' എന്നൊരു കൂട്ടായ്മയുടെ ഭാഗമായിരുന്നു അന്ന് ഞാന്‍. ഇതിന്‍റെ ഭാഗമായ നാടകം, പാട്ട്, ഡാന്‍സ് ഒക്കെ അവതരിപ്പിക്കുമായിരുന്നു. ശാന്തേട്ടന്‍ എന്ന് ഞാന്‍ വിളിക്കുന്ന കോഴിക്കോടുള്ള ഒരു നാടകക്കാരനാണ് കാസ്റ്റിംഗ് കോളിന്‍റെ കാര്യം എന്നോട് പറയുന്നത്. അപ്പോള്‍തന്നെ ഞാന്‍ അസിസ്റ്റന്‍റ് ഡയറക്ടറിന് ഫോട്ടോ അയച്ചുകൊടുത്തു. അത് കണ്ടിട്ടാണ് അവരെന്നെ ഓഡിഷന്‍ അറ്റന്‍ഡ് ചെയ്യാന്‍ കൊച്ചിയിലേക്ക് വിളിക്കുന്നത്. അന്ന് ഞാന്‍ ചെയ്ത പെര്‍ഫോമന്‍സ് ബ്ലെസി സാറിന് ഇഷ്ടപ്പെട്ടതുകൊണ്ടാണ് ഞാനിന്ന് ഇവിടെയിരിക്കുന്നത്.
ആടുജീവിതം സിനിമ ഇറങ്ങില്ല എന്നുള്ള വാര്‍ത്തകള്‍ ഒക്കെ കേട്ട് ആകുലപ്പെട്ടിട്ടുണ്ടോ?
സിനിമ ഡ്രോപ്പ് ചെയ്യപ്പെടും എന്നെനിക്ക് തോന്നിയതേയില്ല. കാരണം ആ സംവിധായകന്‍റെ നിശ്ചയദാര്‍ഢ്യം അത്രത്തോളം ഉണ്ടായിരുന്നു. കൊറോണ സമയത്ത് ഒരു അനിശ്ചിതാവസ്ഥയുണ്ടായിരുന്നു. അപ്പോള്‍ പോലും സിനിമ ഡ്രോപ്പ് ചെയ്യുമെന്ന ചിന്ത ഉണ്ടായില്ല. ബ്ലെസി സാര്‍ ആ സമയത്തും പ്രതീക്ഷ കൈവെടിയാതെ നിന്നു എന്നുള്ളതാണ്.
എവിടെയായിരുന്നു ഇത്രനാള്‍...?
ഞാനിവിടെയൊക്കെത്തന്നെ ഉണ്ടായിരുന്നു. ആടുജീവിതത്തിലെ എന്‍റെ ക്യാരക്ടര്‍ ഒരു പുതുമ ആവശ്യപ്പെടുന്നുണ്ട് എന്ന നിര്‍ബന്ധം ബ്ലെസി സാറിനുണ്ടായിരുന്നു. ഇതിനിടയില്‍ പല പ്രോജക്ട് വന്നപ്പോഴും ഞാന്‍ അവ കമ്മിറ്റ് ചെയ്യാതിരുന്നതിന്‍റെ കാരണവും ഇതുതന്നെയാണ്. സിനിമ പുറത്തിറങ്ങിയതിനുശേഷം എനിക്ക് കിട്ടേണ്ടത് എന്തായാലും കിട്ടിയിരിക്കും എന്ന ഉറപ്പും അദ്ദേഹം തന്നിരുന്നു.
മലയാള സിനിമയിലെ മുന്‍നിരയില്‍ നില്‍ക്കുന്ന നടന്‍റെ കൂടെയും മലയാളത്തിലെ മികച്ച ഒരു സംവിധായകന്‍റെ കൂടെയുമാണ് താങ്കള്‍ അഭിനയിച്ചത്. ഒരു പുതുമുഖ നടനെന്ന നിലയില്‍ അതിനുവേണ്ടി എന്തെല്ലാം തയ്യാറെടുപ്പുകള്‍ നടത്തി?
ഹക്കീം എന്ന നടനാവാന്‍ വേണ്ടി ഒരുപാട് റിസര്‍ച്ചുകള്‍ നടത്തിയിരുന്നു. മരുഭൂമിയുടെ കഥ പറയുന്ന ഒരുപാട് പുസ്തകങ്ങള്‍ വായിക്കാന്‍ ശ്രമിച്ചു. അതിജീവനത്തിന്‍റെ കഥ പറയുന്ന കുറെ സിനിമകള്‍ കണ്ടു. എന്‍റെ ഡയലോഗുകള്‍ ഏത് രീതിയില്‍ പറയണമെന്ന് പരിശീലിച്ചു.
ആടുജീവിതം എന്ന നോവല്‍ സിനിമയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നതിന് മുന്‍പേ വായിച്ചിരുന്നോ?
ആടുജീവിതം എന്ന നോവലിനെക്കുറിച്ച് കേട്ടിട്ടുണ്ട്. പക്ഷേ ഞാനത് വായിക്കുന്നത് ഓഡിഷന്‍ കഴിഞ്ഞ ശേഷമാണ്.