NEWS

'നാന'യിലൂടെ ഞാനും ഒരു സിനിമാക്കാരനായി -സലിം ഹസ്സന്‍

News

ഞാന്‍ വലിയ വായനാശീലമൊന്നുമുള്ള ആളല്ല. എങ്കിലും 'നാന' വായിക്കുമായിരുന്നു. സിനിമാക്കാരെക്കുറിച്ചറിയാനും സിനിമാക്കാരുടെ വിശേഷങ്ങളറിയാനുമൊക്കെ 'നാന' വായിച്ചിട്ടുണ്ട്. ചെറിയ പ്രായത്തില്‍ അച്ഛനോടൊപ്പം മുടിവെട്ടാന്‍ കടയില്‍ പോകുമ്പോള്‍ അവിടെയുണ്ടാകും 'നാന.' അന്നേ, അതെല്ലാം വായിച്ച് വായിച്ചാണ് സിനിമയോട് താല്‍പ്പര്യവും ഇഷ്ടവും കൂടിയത്.

സിനിമ മനസ്സില്‍ ഇല്ലാത്ത മനുഷ്യരുണ്ടാവില്ല, അത് എവിടെയായാലും സിനിമയില്‍ കാണുന്ന കഥാപാത്രങ്ങളെ നമ്മള്‍ ഭാവനയില്‍ കാണും. അങ്ങനെയൊക്കെയാണല്ലോ സിനിമയോട് ഒരു ഭ്രമമുണ്ടാകുന്നത്. വെറുതെ നടന്ന ഞാനും സിനിമാക്കാരനായത് 'നാന'യിലൂടെയാണെന്ന് എനിക്ക് തോന്നുന്നു. ഫോണും ടി.വിയും ഒന്നുമില്ലാതിരുന്ന കാലത്ത് 'നാന' വായിച്ചാണ് സിനിമയെക്കുറിച്ച് അറിഞ്ഞുകൊണ്ടിരുന്നത്. സിനിമയുടെയും നടന്മാരുടെയും തിയേറ്ററിലെത്താന്‍ റെഡിയാകുന്ന സിനിമകളുടെയുമൊക്കെ പുതിയ പുതിയ വിവരങ്ങള്‍ 'നാന'യിലൂടെ തന്നെയാണ് ഞാനറിഞ്ഞുകൊണ്ടിരുന്നത്. 'നാന'യാണ് എന്നെ സിനിമയിലേക്ക് അടുപ്പിച്ചത്. അതുകൊണ്ട് 'നാന'യോട് ഒരിഷ്ടം എപ്പോഴും മനസ്സിലുണ്ട്.
 

ബാര്‍ബര്‍ ഷോപ്പില്‍ ചെല്ലുമ്പോള്‍ മുറിവെട്ടാനല്ലെങ്കിലും വെറുതെ വന്ന് 'നാന' മറിച്ചുനോക്കിയിട്ട് പോകുന്നവരെ കണ്ടിട്ടുണ്ട്. അവര്‍ക്ക് 'നാന'യില്‍ വരുന്ന ചിത്രങ്ങളൊക്കെ ഒന്നുകണ്ടാല്‍ മതിയെന്ന് തോന്നും.
 

ഞാന്‍ ഒരു കാര്യം വ്യക്തമായി പറയട്ടെ. സിനിമാക്കാരനാകണമെന്നൊരു സ്പാര്‍ക്ക് മനസ്സിലുണ്ടായത് ഈ 'നാന' കണ്ടിട്ടും വായിച്ചിട്ടുമൊക്കെത്തന്നെയാണ്. പില്‍ക്കാലത്ത് ഞാന്‍ 'നാന' പതിവായി വാങ്ങിത്തുടങ്ങിയിരുന്നു.
 

പിന്നീട് സീരിയലുകളിലുമൊക്കെ അഭിനയിച്ചുതുടങ്ങിയപ്പോള്‍ എന്‍റെ പേരും 'നാന'യില്‍ അച്ചടിച്ചുവരാന്‍ തുടങ്ങി. അതുകാണുമ്പോഴുള്ള സന്തോഷവും സംതൃപ്തിയും ചെറുതല്ലായിരുന്നു.
സിനിമാക്കാര്‍ പലരുടേയും സിനിമയിലേക്ക് വന്ന വഴികളും അവരുടെ സിനിമാസ്വപ്നങ്ങളും അനുഭവങ്ങളും ഒക്കെ കുറെ വായിച്ചിട്ടുണ്ട്. സിനിമകളുടെ കഥ ഉണ്ടായതും പാട്ടുണ്ടായതും തുടങ്ങി എന്തെല്ലാം കാര്യങ്ങളാണ് നമുക്കറിയാന്‍ പാടില്ലാത്തത് 'നാന'യിലൂടെ വായിച്ചറിഞ്ഞത്.

 

ഇന്നും 'നാന' കാണുമ്പോള്‍ ഒന്ന് വാങ്ങിച്ചുവായിക്കണമെന്ന് തോന്നിപ്പോകുന്ന സിനിമാക്കാരുണ്ട്. 'നാന' വായിച്ചില്ലെങ്കില്‍ സിനിമാക്കാരനല്ലാതെ പോകുമോയെന്ന് ചിന്തിക്കുന്നവര്‍ പോലുമുണ്ടെന്നാണ് എനിക്ക് ഇന്നും തോന്നുന്നത്.
 

സോഷ്യല്‍മീഡിയയുടെ വരവും മറ്റും ഉണ്ടെങ്കിലും സിനിമ ഉള്ളിടത്തോളം കാലം 'നാന'യും നിലനില്‍ക്കട്ടെയെന്ന് ആശംസിക്കുന്നു.


LATEST VIDEOS

Top News