NEWS

ടൊവിനോയുടെ കൂടെ നായികയായി അഭിനയിക്കുമ്പോള്‍ ഞാന്‍ കൂടുതല്‍ കംഫര്‍ട്ടബിള്‍ ആണ് -തന്‍വിറാം

News

സിനിമയിലെത്തിയതിനുശേഷം തന്‍വിറാം കേട്ട കഥകളുടെ എണ്ണം 98. ഇതില്‍, ഈ അഭിനേത്രി തെരഞ്ഞെടുത്ത സിനിമകള്‍ പതിമൂന്ന്. ശ്രുതി രാമചന്ദ്രനെന്നാണ് യഥാര്‍ത്ഥ പേര്. സിനിമയിലെത്തിയപ്പോള്‍ തന്‍വിയെന്ന പേര് ഗൂഗിളിലൂടെ സ്വയം കണ്ടെത്തിയതും ശ്രുതിയായിരുന്നു.

പ്രളയദുരന്തത്തിന്‍റെ കഥപറഞ്ഞ 2018 ല്‍ ടൊവിനോ തോമസ്സിന്‍റെ നായികയായതോടെയാണ് തന്‍വിറാം കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടത്. മലയാളത്തിന് പുറമെ തെലുങ്കിലും തന്‍വിറാമിന് തിരക്കേറുകയാണ്.  തന്‍റെ ചലച്ചിത്ര ജീവിതത്തെക്കുറിച്ച് തന്‍വിറാം സംസാരിക്കുകയാണ്..

പുതിയ ചിത്രത്തിലെ കഥാപാത്രത്തെക്കുറിച്ച്...?

ധ്യാന്‍ ശ്രീനിവാസന്‍റെ നായികയായാണ് അഭിനയിക്കുന്നത്. മതസൗഹാര്‍ദ്ദത്തിന്‍റെ കഥ പറയുന്ന ഈ ചിത്രത്തില്‍ ആയിഷയെന്ന കഥാപാത്രമായാണ് ഞാന്‍ അഭിനയിക്കുന്നത്. 

തന്‍വിറാമിന്‍റെ കലാപരമായ പശ്ചാത്തലത്തെക്കുറിച്ച് സൂചിപ്പിക്കാമോ?

കണ്ണൂരാണ് സ്വദേശമെങ്കിലും ഞാന്‍ വളര്‍ന്നത് ബാംഗ്ലൂരിലാണ്. അച്ഛന്‍ രാമചന്ദ്രന്‍ കഴിഞ്ഞ 40 വര്‍ഷമായി ബാംഗ്ലൂരില്‍ വിനയ് മ്യൂസിക് റെക്കോര്‍ഡിംഗ് സെന്‍റര്‍ നടത്തുന്നു. ദക്ഷിണേന്ത്യയിലെ മികച്ച മ്യൂസിക് റെക്കോര്‍ഡിംഗില്‍ സ്റ്റുഡിയോകളിലൊന്നാണ് ഞങ്ങളുടേത്. അമ്മ ജയശ്രീ വീട്ടമ്മയാണ്. ഞങ്ങള്‍ രണ്ട് മക്കള്‍. സംഗീതത്തെ സ്നേഹിക്കുന്ന കുടുംബമായതിനാല്‍ എന്‍റെ പേര് ശ്രുതിയെന്നും സഹോദരന്‍റെ പേര് സംഗീത് എന്നുമാണ്.

ബാംഗ്ലൂരിലെ ഇന്ദിരാനഗര്‍ ജ്യോതിനിവാസ് കോളേജില്‍ നിന്ന് പി.യു.സിക്ക് ശേഷം ന്യൂ ഹൊറൈസന്‍ കോളേജില്‍ നിന്നും ബി.ബി.എം പഠനം പൂര്‍ത്തിയാക്കി ഡ്യൂച്ചെ ബാങ്ക്, എച്ച്.എസ്.ബി.സി ബാങ്ക് എന്നിവിടങ്ങളില്‍ ജോലി ചെയ്തു. പഠനകാലത്ത് ഭരതനാട്യവും മോഹിനിയാട്ടവും അഭ്യസിച്ചെങ്കിലും ഞാന്‍ കണ്ടമ്പററി ഡാന്‍സിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചത്. പക്ഷേ, ചെറുപ്പം മുതല്‍ക്കേ സിനിമയിലെത്തുകയെന്നത് മനസ്സിലെ സ്വപ്നമാണ്. 

2012 ല്‍ ബാംഗ്ലൂരില്‍ നടന്ന മത്സരത്തില്‍ മിസ് കേരളയായി ഞാന്‍ തെരഞ്ഞെടുക്കപ്പെട്ടതോടെ സിനിമയിലെത്താന്‍ കഴിയുമെന്ന ആത്മവിശ്വാസം എനിക്കുണ്ടായി. ബാംഗ്ലൂരില്‍ ഒരു സിനിമയുടെ ഓഡിഷന്‍ വെറുതെ കാണാന്‍ പോയതാണ്. പ്രതീക്ഷയൊന്നും ഇല്ലായിരുന്നു. ഓഡിഷനില്‍ തെരഞ്ഞെടുക്കപ്പെട്ട ഞാന്‍ അമ്പിളിയെന്ന ചിത്രത്തില്‍ നായികയായി അഭിനയിച്ചു. സൗബിന്‍റെ നായികയായിരുന്നു. തുടക്കത്തില്‍ ടെന്‍ഷനുണ്ടായിരുന്നു. എന്നാല്‍ രണ്ടാഴ്ചത്തെ ആക്ടിംഗ് വര്‍ക്ക് ഷോപ്പിലൂടെ കഥാപാത്രവുമായി കൂടുതല്‍ ഇഴുകിച്ചേരാന്‍ കഴിഞ്ഞു.

തന്‍വിറാമിനെ കൂടുതല്‍ ശ്രദ്ധേയയാക്കിയ 2018 ലെ നായികാകഥാപാത്രം ഒരനുഭവമായിരുന്നില്ലേ...?

തീര്‍ച്ചയായും, മലയാളത്തില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ ലഭിച്ച, ഓസ്ക്കാറിലേക്ക് പരിഗണിക്കപ്പെട്ട 2018 ല്‍ നായികയായി അഭിനയിക്കാന്‍ കഴിഞ്ഞത് മഹാഭാഗ്യമായി ഞാന്‍ കാണുന്നു. ആന്‍റോ ജോസഫ് സാറും, ജൂഡ് ആന്‍റണിയുമാണ് 2018 ലേക്ക് എന്നെ വിളിച്ചത്. ടൊവിനോയുടെ കൂടെ നായികയായി അഭിനയിക്കുമ്പോള്‍ ഞാന്‍ കൂടുതല്‍ കംഫര്‍ട്ടബിള്‍ ആയിരുന്നു. ഞാന്‍ പ്രളയം കണ്ടിട്ടില്ലായിരുന്നു. 2018 ല്‍ സെറ്റില്‍ തയ്യാറാക്കിയ പ്രളയസീന്‍ വല്ലാത്തൊരു അനുഭവമായിരുന്നു.

2018 ലെ ഫീഡ്ബാക്ക് ശരിക്കും ആസ്വദിച്ചിരുന്നോ...?

തീര്‍ച്ചയായും.. ചിത്രം പുറത്തിറങ്ങിയപ്പോള്‍ പ്രേക്ഷകരുടെ ആരാധന ഞാന്‍ ശരിക്കും ആസ്വദിക്കുകയായിരുന്നു. എറണാകുളത്ത് വച്ചാണ് 2018 കണ്ടത്. സിനിമയുടെ അവസാനം ടൊവിനോയെ പ്രതീക്ഷിച്ച് ബസ്സില്‍ ഞാന്‍ വരുന്ന സീന്‍ വന്നപ്പോള്‍ എന്‍റെ തൊട്ടരികിലിരുന്ന തട്ടമണിഞ്ഞ മുസ്ലീം പെണ്‍കുട്ടി കരയുകയായിരുന്നു. ഇതൊരിക്കലും മറക്കാനാവില്ലല്ലോ


LATEST VIDEOS

Interviews