NEWS

മക്കള്‍ കാരണമാണ് സിനിമയിലെത്തിയത്...

News

സാധാരണ അച്ഛനമ്മമാര്‍ മുഖേന മക്കള്‍ സിനിമയിലേക്ക് എത്താറുണ്ട്. എന്നാല്‍ ഇവിടെ നേരെ തിരിച്ചാണ്. എന്‍റെ മകന്‍ അമല്‍ കെ. ഉദയ്, മകള്‍ അഭിരാമി. രണ്ടുപേരും സിനിമയിലുള്ളവരാണ്.

'ഒരിക്കല്‍ മോന്‍ ഓഡിഷന് പോകാന്‍ ഒരുങ്ങുമ്പോഴാണ് ഞാനും വന്നോട്ടെയെന്ന് ചോദിക്കുന്നത്. അവര്‍ക്കത് അതത്ര ഞെട്ടലൊന്നും ഉണ്ടാക്കിയില്ല. മകളാണെങ്കില്‍ എന്നോട് പറയുന്നത് അമ്മച്ചിയ്ക്ക് എന്താണോ ആഗ്രഹം, എന്ത് ചെയ്യുമ്പോഴാണ് സന്തോഷം കിട്ടുന്നത് അത് ചെയ്യണം എന്നാണ്. ഇത്രയും സപ്പോര്‍ട്ട് ചെയ്യുന്ന കുട്ടികള്‍ ഉണ്ടാവുമ്പോള്‍ എങ്ങനെയാണ് ഇഷ്ടമുള്ള കാര്യങ്ങള്‍ ചെയ്യാതിരിക്കുക. ഇപ്പോഴത്തെ ലൈഫ് ഒരുപാട് എന്‍ജോയ് ചെയ്യുന്നുണ്ട്. പരിചയമില്ലാത്ത ഒരുപാട് പേര്‍ വന്നു സ്നേഹത്തോടെ സംസാരിക്കുന്നു. വിളിക്കുന്നു.  പ്രശംസിക്കുന്നു.. ' 2024 ന്‍റെ തുടക്കം മലയാള സിനിമയ്ക്ക് മാത്രമല്ല റിനി ഉദയകുമാറിനും നല്ല തുടക്കമായിരുന്നു. ഈ വര്‍ഷത്തെ ആദ്യഹിറ്റുകളായ ഓസ്ലര്‍, മഞ്ഞുമല്‍ ബോയ്സ്, അന്വേഷിപ്പിന്‍ കണ്ടെത്തും... ഈ മൂന്ന് സിനിമകളുടെയും ഭാഗമായ സന്തോഷത്തിലാണ് റിനി. തന്‍റെ ഏറ്റവും പുതിയ വിശേഷങ്ങള്‍ പങ്കുവയ്ക്കുകയാണ് റിനി ഉദയകുമാര്‍.

പുതുവര്‍ഷം, നല്ല തുടക്കം

മഞ്ഞുമല്‍ ബോയ്സിന്‍റെ ആരവവും ആഘോഷവും ഏറെ സന്തോഷം നല്‍കുന്നുണ്ട്. മോന്‍ മറ്റൊരു സിനിമയുടെ ഓഡിഷന് പോയപ്പോള്‍ ചാള്‍സില്‍ പരിചയപ്പെട്ട പ്രതീക്ഷ ഇതിന്‍റെ പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവായിരുന്നു. മോനോട് രത്നമ്മ ചെയ്യാന്‍ ആരെയും കിട്ടിയിട്ടില്ലെന്ന് പറഞ്ഞപ്പോള്‍ അമ്മയെ വേണമെങ്കില്‍ നോക്ക് എന്ന് അവന്‍ പറയുകയായിരുന്നു. എന്‍റെ ഒരു പരസ്യചിത്രം അവരെ കാണിക്കുകയും പിന്നീട് ആ അവസരം എന്നിലേക്ക് വരുകയായിരുന്നു. ഇത്രയും വലിയൊരു സിനിമയില്‍ അത്രയും അടിപൊളി ടീമിനൊപ്പം ഒരു വേഷം ചെയ്യാന്‍ കഴിഞ്ഞുവെന്നതാണ് സന്തോഷം. റിയല്‍ ജീവിതത്തിന്‍റെ രത്നമ്മയെ കാണാന്‍ സാധിച്ചിരുന്നില്ല. ചിദു(ചിദംബരം) പറയുന്നപോലെ അഭിനയിക്കുകയായിരുന്നു. പിന്നെ റീല്‍ മഞ്ഞുമല്‍ ബോയ്സ് എല്ലാവരും അടുത്ത സുഹൃത്തുക്കളാണ്. അവരെല്ലാം സംസാരിച്ചിരിക്കുന്നതും പരസ്പരം കളിയാക്കുന്നതുമെല്ലാം കണ്ടിരിക്കാന്‍ തന്നെ നല്ല രസമാണ്. നമ്മള്‍ പുറത്തുള്ള ഒരാളെന്നപോലെയല്ല, കൂടെയുള്ള ആളായി തന്നെയാണ് എന്നെ അവരും പരിഗണിച്ചിട്ടുള്ളത്. എന്‍റെ മക്കളുടെ പ്രായമുള്ള കുട്ടികളാണ് എല്ലാവരും. 

അതുകൊണ്ടുതന്നെ എനിക്ക് കൂടുതല്‍ കംഫര്‍ട്ട് ആയിരുന്നു ആ ടീം. അന്വേഷിപ്പിന്‍ കണ്ടെത്തും എന്ന ചിത്രത്തില്‍ ചെറിയ വേഷമാണെങ്കിലും നല്ലൊരു സിനിമയുടെ ഭാഗമാവാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്. ഓസ്ലറിന്‍റെ കാസ്റ്റിംഗ് ഡയറക്ടര്‍ പ്രിന്‍സ് ജോയ് സംവിധാനം ചെയ്ത ഒരു പരസ്യചിത്രത്തില്‍ ഞാന്‍ നേരത്തെ അഭിനയിച്ചിട്ടുണ്ട്. അങ്ങനെയാണ് ഓസ്ലറിലേക്ക് കാസ്റ്റിംഗ് നടക്കുന്നത്. അതിലെ എന്‍റെ കഥാപാത്രം ശ്രദ്ധിക്കപ്പെട്ടിരുന്നു. എല്ലാവരും നന്നായിയെന്ന് പറയുമ്പോള്‍ സന്തോഷമുണ്ട്. ഇനി ഗോളം എന്നൊരു സിനിമയാണ് റിലീസിന് എത്താനുള്ളത്.

കണ്ണാടിക്ക് മുന്നില്‍ അഭിനയിച്ച കാലം

ചെറുപ്പം മുതല്‍ സിനിമ വലിയ സന്തോഷമാണ്. റിലീസ് സിനിമകള്‍ തീയേറ്ററുകളിലേക്ക് കാണാന്‍ ഓടുമായിരുന്നു. സിനിമയില്‍ കാണുന്ന പല കഥാപാത്രങ്ങളും സ്വാധീനിച്ച് ആരും കാണാതെ കണ്ണാടിക്ക് മുന്നില്‍ പെര്‍ഫോം ചെയ്യുമായിരുന്നു. അന്നെല്ലാം അത് ഞാന്‍ മാത്രം കണ്ടാണ് ആസ്വദിച്ചിരുന്നത്. മക്കള്‍ വലുതായി സിനിമയോടുള്ള ഇഷ്ടം കൊണ്ട് അവര്‍ അതിലേക്ക് മാത്രം മാറുമ്പോഴും ഞാന്‍ ഒരിക്കലും അവിടെ എത്തിപ്പെടുമെന്ന് സ്വപ്നത്തില്‍ പോലും കരുതിയിട്ടില്ല. വളരെ യാദൃച്ഛികമായി ഉണ്ടായ ഒരു സംഭാഷണമാണ് ഇന്നിവിടെ നില്‍ക്കുന്നതിന് കാരണമായത്. സിനിമയെല്ലാം വിദൂരമായി നില്‍ക്കുന്ന സ്പേസ് എന്നായിരുന്നു എന്‍റെ ചിന്ത.

അര്‍ച്ചന 31 നോട്ട് ഔട്ട്

തണ്ണീര്‍മത്തന്‍ ദിനങ്ങളുടെ സംവിധായകന്‍ ഗിരീഷ് എ.ഡി വഴിയാണ് അര്‍ച്ചന 31 നോട്ട് ഔട്ടില്‍ അവസരം ലഭിക്കുന്നത്. എന്‍റെ ആദ്യ സിനിമയാണ്. ഒരു കല്യാണവീട്ടില്‍ എങ്ങനെയാണോ ഉണ്ടാവുക അത് പോലെ തന്നെയായിരുന്നു അതിന്‍റെ ലൊക്കേഷനും. ഒരിക്കലും അഭിനയിക്കുകയാണെന്ന് തോന്നുക പോലും ചെയ്തില്ല. പിന്നെ ഞാന്‍ വളരെ കൂളാണ്. മക്കള്‍ എന്നെ അങ്ങനെയാക്കിയതുകൊണ്ട് വലിയ രീതിയിലുള്ള ടെന്‍ഷനൊന്നും എന്നെ ബാധിക്കാറില്ല.

മക്കളും ഞാനും ഒരുമിച്ച ചാള്‍സ് എന്‍റര്‍പ്രൈസസ്

സുഭാഷ് സുബ്രഹ്മണ്യന്‍ സംവിധാനം ചെയ്ത ചാള്‍സ് എന്‍റര്‍പ്രൈസസ് എല്ലാം കൊണ്ടും സ്പെഷ്യലായ ഒരു ചിത്രമായിരുന്നു. ചാള്‍സില്‍ ഞങ്ങള്‍ക്ക് മൂന്നുപേര്‍ക്കും അവസരം തന്നു സംവിധായകന്‍. അതോടൊപ്പം ഉര്‍വശി എന്ന അഭിനേത്രിയെ അത്രയധികം ആരാധിക്കുന്ന എനിക്ക് അവര്‍ക്കൊപ്പം അഭിനയിക്കാന്‍ സാധിച്ചു. സെറ്റില്‍ എല്ലാവരോടും എത്ര സ്നേഹമായാണ് അവര്‍ പെരുമാറിയത്. ചായകുടിക്കാന്‍ നേരം ഞങ്ങള്‍ക്കൊപ്പം ഇരുന്ന് സ്നാക്കെല്ലാം കഴിക്കും. എനിക്ക് വളരെ അത്ഭുതമായാണ് അവരെ തോന്നിയത്. കോമ്പിനേഷന്‍ സീനും ഉണ്ടായിരുന്നു. അതൊക്കെകൊണ്ട് വളരെ സ്പെഷ്യലായ ഒരു സിനിമയാണ് ചാള്‍സ് എന്‍റര്‍പ്രൈസസ്.

ഇപ്പോഴത്തെ ജീവിതം ആസ്വദിക്കുന്നു

പുറത്തെല്ലാം പോകുമ്പോള്‍ ആള്‍ക്കാര്‍ തിരിച്ചറിയുന്നു. എന്തുകൊണ്ട് ഇത്ര ലേറ്റായി എന്ന് ചോദിക്കുന്നവരുണ്ട്. പക്ഷേ ഇതാണ് കറക്ട് സമയം എന്ന് തോന്നാറുണ്ട്. ഞാന്‍ നാടകരംഗത്തുനിന്ന് വന്നതാണോ എന്ന് ചോദിക്കുന്നവരുമുണ്ട്. നാടകവുമായി ഒരു ബന്ധവും ഉണ്ടായിട്ടില്ല. സിനിമ വിദൂരമായി നില്‍ക്കുന്ന ഒരു സംഭവമായിരുന്നു. മക്കള്‍ ഉള്ളതുകൊണ്ടാണ് ഈ വഴിയിലേക്ക് ഇപ്പോഴെങ്കിലും എത്തിയതെന്ന് പറയാം. മക്കളാണ് എന്‍റെ ലൈഫിലെ ഏറ്റവും കടുത്ത വിമര്‍ശകരും.

പുറത്തുള്ളവര്‍ എല്ലാവരും നന്നായിയെന്ന് പറയുമ്പോള്‍ അവര്‍ പറയും അമ്മച്ചി കുറച്ചുകൂടെ മെച്ചപ്പെടുത്താന്‍ ഉണ്ടെന്ന്. അങ്ങനെയുള്ളതുകൊണ്ടാണ് കൂടുതല്‍ മെച്ചപ്പെടുത്താന്‍ ശ്രമിച്ചുകൊണ്ടേയിരിക്കുന്നത്. സിനിമയ്ക്ക് മുന്‍പ് ഭര്‍ത്താവിനൊപ്പം ഇന്‍ഷുറന്‍സ് മേഖലയിലാണ് വര്‍ക്ക് ചെയ്തിരുന്നത്. അത് വിട്ടിട്ട് കുറച്ചുവര്‍ഷങ്ങള്‍ കഴിഞ്ഞു. ആക്ട് ലാബ് ട്രെയിനിംഗ് സ്ക്കൂള്‍ ഒരുപാട് സഹായിച്ചിട്ടുണ്ട്. സജീവ് സാര്‍, ജ്യോതിഷ് സാര്‍ ഇവരെല്ലാം അഭിനയത്തെ കൂടുതല്‍ മനസ്സിലാക്കാന്‍ സഹായിച്ചിട്ടുണ്ട്. ഇവരുടെ അഭിനയക്കളരി കൊണ്ടാണ് എന്തെങ്കിലും അഭിനയിക്കാന്‍ അറിയുന്നുണ്ടെങ്കില്‍ അതിന് കഴിയുന്നത്.


LATEST VIDEOS

Interviews