നാല്‍പ്പതുവര്‍ഷത്തിനുമുകളിലായി നൂറിലധികം സിനിമകളില്‍ അഭിനയിച്ച വ്യക്തിയാണ് മഹേഷ്. ഒരു നടന്‍ എന്നതിലുപരി സിനിമാമേഖലയിലെ പല പ്രശ്നങ്ങളിലും വിവാദങ്ങളിലും നിലപാട് എടുത്തിട്ടുള്ള ഒരു വ്യക്തികൂടിയാണ് മഹേഷ്.
രാഷ്ട്രീയത്തില്‍ ഇറങ്ങി എന്നുള്ള വാര്‍ത്തകള്‍ കേട്ടിരുന്നുവല്ലോ?
ഞാന്‍ എന്‍റെ ചെറുപ്പം മുതലേ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകനായിരുന്നു. യുവജനസംഘടനയില്‍ ഒക്കെ പ്രവര്‍ത്തിച്ചിരുന്നു. പക്ഷേ നായനാര്‍, വി.എസ്. അച്യുതാനന്ദന്‍ എന്നീ നേതാക്കള്‍ക്ക് ശേഷം പാര്‍ട്ടിയുടെ പ്രവര്‍ത്തനങ്ങള്‍ അത്ര നല്ലതല്ല എന്ന് തോന്നിയിരുന്നു. നരേന്ദ്രമോദി പ്രധാനമന്ത്രി ആയതിനുശേഷമുള്ള ഇന്ത്യയുടെ വികസനം പ്രത്യക്ഷമായിരുന്നു. എയര്‍പോര്‍ട്ടുകള്‍, നല്ല ഹൈവേകള്‍, റെയില്‍ ഗതാഗതം ഒക്കെ അദ്ദേഹത്തിന്‍റെ ഭരണകാലത്ത് ഉണ്ടായ വികസനങ്ങള്‍ അല്ലെ. അതുകൊണ്ടുതന്നെയാണ് ബി.ജെ.പിയിലേക്ക് താല്‍പ്പര്യം ഉണ്ടായത്.
ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരളാ എന്ന സിനിമ നേരിടുന്ന വിമര്‍ശനങ്ങള്‍ അനാവശ്യമല്ലേ? അതില്‍ ബി.ജെ.പി നേതൃത്വത്തിലുള്ള സെന്‍സര്‍ ബോര്‍ഡിന്‍റെ ഇടപെടലുകള്‍ അല്ലെ നടക്കുന്നത്?
ഭരിക്കുന്ന പാര്‍ട്ടിയുടെ ആളുകള്‍ തന്നെയാണ് സെന്‍സര്‍ ബോര്‍ഡില്‍ ഉണ്ടാവുക എന്നത് ശരിതന്നെ. സിനിമയുടെ പേരിനുനേരെയുള്ള വെട്ടലുകള്‍ നേരത്തെയും ഉണ്ടായിട്ടുണ്ട്. എല്ലാറ്റിലും ഹിന്ദുത്വചിന്ത ഉണ്ടാകുന്നത് രാഷ്ട്രീയകക്ഷികള്‍ വോട്ട് ബാങ്ക് കളിക്കുന്നത് കൊണ്ടാണ്. സുരേഷ്ഗോപി കേന്ദ്രമന്ത്രി കൂടിയല്ലേ. അദ്ദേഹത്തിന്‍റെ സിനിമ അല്ലെ ഇത്. ഇത് ബി.ജെ.പിയുടെ കളിയല്ല. സെന്‍സര്‍ ബോര്‍ഡിന്‍റെയാണ്. സെന്‍സര്‍ ബോര്‍ഡിന്‍റെ തീരുമാനം എന്താണോ അതിന്‍റെ പിറകില്‍ പോകുന്നതാണ് നല്ലത്. ജാനകി എന്ന പേരില്‍ ഉള്ള വിവാദം അനാവശ്യം തന്നെ എന്നുതന്നെയാണ് എന്‍റെ അഭിപ്രായം.
'അമ്മ' താരസംഘടനയിലെ മീറ്റിംഗില്‍ മോഹന്‍ലാല്‍ തന്നെ പ്രസിഡന്‍റ് ആകണം എന്ന നിലപാടുതന്നെയല്ലേ താങ്കള്‍ ഉയര്‍ത്തിയത്? സംഘടനയില്‍ സ്ത്രീകളെ പരിഗണിക്കാറില്ല എന്ന് സ്ത്രീസംഘടനയിലെ വ്യക്തികള്‍ പറഞ്ഞിരുന്നുവല്ലോ?
അതെ. ലാല്‍ സാര്‍ ഒരു കാര്യം പറഞ്ഞാല്‍ ആരെങ്കിലും കേള്‍ക്കാതിരിക്കും എന്ന് തോന്നുന്നുണ്ടോ? അങ്ങനെയുള്ള ആളുകള്‍ ആണ് നേതൃത്വത്തില്‍ ഉണ്ടാകേണ്ടത് എന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്. യുവതാരങ്ങള്‍ പലരും സന്നദ്ധരായില്ല എന്നുള്ളതാണ്. ലാല്‍ സാര്‍ ഒക്കെ ഒരു സംഘടനയ്ക്കുവേണ്ടി എടുക്കുന്ന പരിശ്രമം അത്രത്തോളം വലുതാണ്. സംഘടനയെ അവരെ ഏല്‍പ്പിക്കുക എന്നത് ആണ് നല്ലത്. എന്നാല്‍ സംഘടനയ്ക്ക് അങ്ങനെ വേര്‍തിരിവുകള്‍ ഒന്നുമില്ല എന്നുതന്നെയാണ് എനിക്ക് പറയാനുള്ളത്. നേതൃനിരയില്‍ സ്ത്രീകള്‍ ഇല്ലേ? സംഘടനയില്‍ തന്നെ സ്ത്രീകള്‍ ആണ് കൂടുതലുള്ളത്. സംഘടനയ്ക്ക് അകത്ത് അസമത്വം ഉണ്ടെങ്കില്‍ അകത്തുനിന്ന് പോരാടുകയാണ് വേണ്ടത്. അല്ലാതെ പുറത്തുപോയി ആരോപണങ്ങള്‍ ഉണ്ടാക്കുകയല്ല. ഉള്ളില്‍ നിന്ന് പോരാടിയിട്ട് ഒന്നും നേടാനായില്ലെങ്കില്‍ എല്ലാവരും ഒരുമിച്ചു അവരുടെ കൂടെ നില്‍ക്കും.