'സാര്‍പ്പട്ട' എന്ന ചിത്രത്തിലൂടെ തമിഴ് സംവിധായകന്‍ പാ. രഞ്ജിത് സമ്മാനിച്ച നായികാതാരമാണ് തുഷാര വിജയന്‍. തനി തമിഴ്പെണ്‍കുട്ടി
രജനി സാറിനെ കൂടാതെ അമിതാഭ്ബച്ചന്‍, മഞ്ജുവാര്യര്‍, അഭിരാമി, ഫഹദ് ഫാസില്‍, രോഹിണി എന്നിങ്ങനെ ഒട്ടേറെ അഭിനയപ്രതിഭകള്‍ വേട്ടൈയനില്‍ ഉണ്ടായിരുന്നല്ലോ? അവര്‍ക്കൊപ്പം എങ്ങനെ ബാലന്‍സ് ചെയ്തു...?
ഞാന്‍ അവര്‍ക്ക് മുന്നില്‍ വളരെ ചെറിയ ആര്‍ട്ടിസ്റ്റാണ്. എങ്കിലും ആത്മവിശ്വാസത്തോടെയും ധൈര്യത്തോടെയും അഭിനയിച്ചു. ഞാന്‍ കാരണം റീടേക്ക് പാടില്ല. ഞാന്‍ കാരണം മറ്റുള്ളവര്‍ക്ക് ബുദ്ധിമുട്ടുണ്ടാവരുത് എന്ന് കരുതി. അഭിനയത്തോടുള്ള എന്‍റെ സ്നേഹം കാരണം അങ്ങനെയൊന്നും സംഭവിച്ചില്ല. ഫഹദ് സാര്‍ എന്നെ എപ്പോഴും പ്രശംസിക്കുമായിരുന്നു. മഞ്ജുവാര്യര്‍ മാഡം വളരെ അനായാസമായി അഭിനയിക്കുന്ന ആളാണ്. She is really a gentle women.
നിങ്ങളുടെ ആദ്യത്തെ നൂറുകോടി ക്ലബ്ബില്‍ പ്രവേശിച്ച സിനിമയായിരുന്നല്ലോ 'രായന്‍.' അതില്‍ അഭിനയിച്ച അനുഭവം..?
ധനുഷിനൊപ്പം അഭിനയിക്കണം എന്ന് വളരെ നാളായി ആഗ്രഹിച്ചിരുന്നു. അതൊരു സ്വപ്നമായിരുന്നു. രായനുവേണ്ടി വിളിച്ചപ്പോള്‍, 'ഈ കഥയില്‍ നിങ്ങള്‍ക്ക് എന്‍റെ അനുജത്തി വേഷമാണ്. സമ്മതമാണോ' എന്നാണ് ധനുഷ് ചോദിച്ചത്. ഒട്ടും ചിന്തിച്ചില്ല 'ഓക്കെ' എന്നുപറഞ്ഞു. ക്യാമറയുടെ മുന്നില്‍ മാത്രമാണ് ഞാന്‍ ചേട്ടനായി കരുതിയത്. ആ സീന്‍ കഴിഞ്ഞാല്‍ അദ്ദേഹം എനിക്ക് ഹീറോ തന്നെ. അദ്ദേഹത്തെ 'സാര്‍' എന്നുവിളിക്കും. അദ്ദേഹത്തിന്‍റെ ഹീറോയിനായി അഭിനയിക്കണം എന്നത് എന്‍റെ ആഗ്രഹമാണ്.'
വളരെ ധൈര്യത്തോടെ സംസാരിക്കുന്നല്ലോ. എവിടുന്നു കിട്ടി ഈ ധൈര്യം?
അച്ഛന്‍ രാഷ്ട്രീയക്കാരനാണ്. അമ്മ പക്കാ ഹൗസ് വൈഫ്. അവരില്‍ നിന്നും കിട്ടിയതാവാം. ചെന്നൈയ്ക്ക് പോയി ജയിക്കണം എന്ന് കരുതി. മറ്റുള്ളവര്‍ എന്തുവിചാരിക്കും എന്ന് കരുതി വെറുതെയിരുന്നിരുന്നുവെങ്കില്‍ എന്‍റെ കൂട്ടുകാരികളെപ്പോലെ തന്നെ രണ്ട് കുട്ടികളുടെ അമ്മയായി എവിടെയെങ്കിലും കഴിഞ്ഞുകൂടുമായിരുന്നു.
തമിഴ് പെണ്ണാണ് തുഷാര. സിനിമയില്‍ പ്രശസ്തയുമാണ്. അന്യഭാഷാ നടിമാര്‍ക്ക് കിട്ടുന്ന അത്ര പ്രതിഫലം നിങ്ങള്‍ക്ക് കിട്ടുന്നുണ്ടോ..?
എന്നെത്തേടി ശക്തമായ കഥാപാത്രങ്ങള്‍ ധാരാളം വരുന്നുണ്ട്. വെറുതെ ഒരു 'ടൂള്‍' മാതിരി അഭിനയിക്കാന്‍ ഞാന്‍ ഒരുക്കമല്ല. ജീവിതത്തില്‍ പണം ആവശ്യമാണ്. എന്നാല്‍ ഞാന്‍ ശമ്പളത്തിനുവേണ്ടി മാത്രം അഭിനയിക്കുന്നില്ല. എനിക്ക് സിനിമ ഇല്ലെങ്കിലും വീട്ടുകാര്‍ എനിക്ക് ആഹാരം നല്‍കി സംരക്ഷിക്കും. ശമ്പളമല്ല കഥാപാത്രമാണ് പ്രധാനം.
വിക്രമിനൊപ്പവും അഭിനയിച്ചുവല്ലോ..?
എന്‍റെ സിനിമാ ജീവിതത്തില്‍ രജനിസാര്‍, വിക്രം സാര്‍, പാ. രഞ്ജിത്ത് സാര്‍, ധനുഷ് സാര്‍ എന്നിങ്ങനെ പ്രതിഭകള്‍ക്കൊപ്പം സിനിമകള്‍ ചെയ്തു. ഞാന്‍ ഭാഗ്യവതിയാണ്. വിക്രം സാര്‍ ഒരു ജോളി ടൈപ്പാണ്. അദ്ദേഹത്തോടൊപ്പം അഭിനയിച്ചതും നല്ല എക്സ്പീരിയെന്‍സായിരുന്നു.