തമിഴ് സിനിമയിലെ ബഹുമുഖ പ്രതിഭയായ ടി. രാജേന്ദ്രന്‍ കണ്ടെത്തി സിനിമയില്‍ നായികയായി അവരോധിക്കപ്പെട്ട എണ്‍പതുകളിലെ എവര്‍ഗ്രീന്‍ ഹീറോയിനാണ് അമല. നൃത്തം അഭ്യസിക്കാനായി കൊല്‍ക്കത്തയില്‍ നിന്നും ചെന്നൈയില്‍ എത്തിയതായിരുന്നു അമല മുഖര്‍ജി.
കലാക്ഷേത്രയില്‍ നൃത്തം അഭ്യസിച്ചുവരവേയാണ് ടി. രാജേന്ദര്‍ 'മൈഥിലി എന്ന കാതലി' എന്ന സിനിമയില്‍ നായികയാകുന്നത്. അരങ്ങേറ്റ ചിത്രം തന്നെ മഹാവിജയമായി എന്നുമാത്രമല്ല, ആദ്യചിത്രത്തിലെ അഭിനയജീവിതത്തിന് മികച്ച നടിക്കുള്ള ഫിലിം ഫെയര്‍ അവാര്‍ഡും അമല കരസ്ഥമാക്കി. 1986 ല്‍ സിനിമയില്‍ എത്തിയ വര്‍ഷം തന്നെ അരഡസനോളം സിനിമയില്‍ അഭിനയിച്ച് വിജയഗാഥ രചിച്ചു അമല.

'മൈഥിലി എന്നെ കാതലി'യ്ക്കുശേഷം അഭിനയിച്ച 'മെല്ലെ തിറന്തത് കനവ്' എന്ന സിനിമയിലെ നൂര്‍ജഹാന്‍ എന്ന കഥാപാത്രം ഇന്നും സിനിമാപ്രേമികളുടെ മനസ്സില്‍ ജീവിക്കുന്നു. പിന്നീട് തമിഴിലെ മാത്രമല്ല തെന്നിന്ത്യന്‍ സിനിമകളിലേയും ബോളിവുഡ്ഡിലേയും സൂപ്പര്‍താരങ്ങളുടെ നായികയായി അന്ന് പുതിയ ചരിത്രം കുറിച്ചു അമല. മലയാളത്തില്‍ രണ്ടു സിനിമകളിലേ നായികയായി അഭിനയിച്ചുള്ളൂവെങ്കിലും അതിലെ കഥാപാത്രങ്ങളെ അമല അനശ്വരമാക്കി. 'എന്‍റെ സൂര്യപുത്രി'യിലെ മായാവിനോദിനിയേയും ഉള്ളടക്കത്തിലെ രേഷ്മയേയും മലയാളിക്ക് മറക്കാവുന്നതല്ല.
1992 ല്‍ നാഗാര്‍ജ്ജുനയെ വിവാഹം കഴിച്ച് കുടുംബജീവിതത്തിലേക്ക് പ്രവേശിച്ച അമല പിന്നീട് സാമൂഹ്യരംഗത്തും ശ്രദ്ധ പതിപ്പിച്ചു. അനിമല്‍ വെല്‍ഫെയര്‍ ആക്ടിവിസ്റ്റ് കൂടിയാണ് അമല. എണ്‍പതുകളിലെ സിനിമാനായികനടിമാരില്‍ 'സപ്നോം കി റാണി'യായി വിലസിയ അമല ഇന്ന് സഹനടിയായി അഭിനയിക്കുന്നതോടൊപ്പം തന്നെ സാമൂഹ്യ പ്രവര്‍ത്തകയായും സജീവം. അടുത്തിടെ ചെന്നൈയിലെത്തിയ അമല അക്കിനേനിയുമായി നടത്തിയ അഭിമുഖത്തില്‍ നിന്നും...
അമലയെ പരിചയപ്പെടുത്താന്‍ ഒരു മുഖവുര..?
അമല: എന്‍റെ അച്ഛന്‍ നേവി ഉദ്യോഗസ്ഥനായിരുന്നു. അദ്ദേഹം പ്രൊഫസറായും ജോലി ചെയ്തിട്ടുണ്ട്. ഗോരഖ്പൂറില്‍ ജനിച്ച ഞാന്‍ അച്ഛന്‍റെ ജോലിക്കും സ്ഥലംമാറ്റങ്ങള്‍ക്കും ഒപ്പം പല സംസ്ഥാനങ്ങളിലായിട്ടാണ് വളര്‍ന്നത്. അതുകൊണ്ട് അവിടുങ്ങളിലെ ഭാഷയും ഞാന്‍ പഠിക്കുമായിരുന്നു.ചില സിനിമകള്‍ കണ്ടിട്ടുണ്ട് എന്നല്ലാതെ പതിവായി സിനിമകള്‍ കാണാനുള്ള അവസരങ്ങള്‍ അന്നെനിക്ക് കിട്ടിയിരുന്നില്ല. മാത്രമല്ല സിനിമയുമായി യാതൊരു തരത്തിലുള്ള ബന്ധവും ഇല്ലാത്ത കുടുംബമായിരുന്നു ഞങ്ങളുടേത്. ബാല്യകാലം തൊട്ടേ വീട്ടില്‍ ധാരാളം വളര്‍ത്തുജന്തുക്കളെ വളര്‍ത്തുമായിരുന്നു.
അവയോടുള്ള ഇഷ്ടം കാരണം ഭാവിയില്‍ ഒരു വെറ്റ്റിനറി ഡോക്ടര്‍ ആവണമെന്ന് ആഗ്രഹിച്ചു. എന്‍റെ ആറാമത്തെ വയസ്സില്‍ ഞങ്ങളുടെ താമസം വിശാഖപട്ടണത്തിലേക്കായി. ഒരിക്കല്‍ പത്മ സുബ്രഹ്മണ്യത്തിന്‍റെ ഭരതനാട്യം കാണാന്‍ അമ്മ എന്നെ കൂട്ടിക്കൊണ്ടുപോയി. അതുവരെ ഡാന്‍സിനക്കുറിച്ച് ഒന്നും അറിയാത്ത എനിക്ക് പത്മാമാഡത്തിന്‍റെ ആ ഡാന്‍സ് വളരെയധികം ഇഷ്ടപ്പെട്ടുവെന്ന് മാത്രമല്ല അവരുടെ നൃത്തം എന്നെ അത്ഭുതപരതന്ത്രയാക്കുകയും ചെയ്തു. പിന്നീട് ആഹാരം കഴിക്കുമ്പോഴും, ഹോം വര്‍ക്ക് ചെയ്യുമ്പോഴും, സ്ക്കൂളില്‍ പോകുമ്പോഴുമൊക്കെ ഞാന്‍ ആടിക്കൊണ്ടേയിരിക്കുമായിരുന്നു. ഡാന്‍സ് സ്ക്കൂളില്‍ ചേര്‍ന്ന് പ്രതിപത്തിയോടെ ഞാന്‍ ഡാന്‍സ് പഠിച്ചു. നൃത്തത്തിലുള്ള എന്‍റെ കഴിവ് പോഷിപ്പിക്കുവാനായി കലാക്ഷേത്രയില്‍ ചേര്‍ന്ന് പരിശീലനം നേടാന്‍ പലരും നിര്‍ദ്ദേശിച്ചു. അങ്ങനെ ചെന്നൈയിലെത്തി ഹോസ്പിറ്റലില്‍ താമസിച്ചുകൊണ്ട് കലാക്ഷേത്രയില്‍ നൃത്തം പഠിച്ചു.

ഹോസ്റ്റല്‍ ജീവിതവും സിനിമാപ്രവേശവും?
അമല: എന്‍റെ എട്ടാമത്തെ വയസ്സില്‍ ചെന്നൈയിലെ ഹോസ്റ്റല്‍ ജീവിതം ആരംഭിച്ചു. നന്നായി പഠിക്കുമായിരുന്നു. പഠിത്തം, നൃത്തം രണ്ടും ഒരേ സ്ഥലത്ത്. ശാന്തമായ അന്തരീക്ഷത്തില്‍ എനിക്ക് ഇഷ്ടപ്പെട്ട രീതിയിലുള്ള ജീവിതം. ഞങ്ങളുടെ ലേഡീസ് ഹോസ്റ്റലില്‍ എനിക്ക് ധാരാളം നല്ല തോഴിമാരെ കിട്ടി. അവരിലൂടെ ഞാന്‍ തമിഴ് പഠിച്ചു. ഒഴിവുദിവസങ്ങളില്‍ തെരുവുനായ്ക്കളെ ശുശ്രൂഷിക്കാന്‍ അധികം സമയം ചെലവിട്ടു.
ജന്തുക്കളോടുള്ള സ്നേഹം കാരണം ഞാന്‍ സസ്യഭുക്കായി മാറി. കലാക്ഷേത്രയില്‍ കോളേജില്‍ പഠിച്ചുകൊണ്ടുതന്നെ, ആ ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ പല സംസ്ഥാനങ്ങളിലും നടന്ന ഡാന്‍സ് പരിപാടികളില്‍ ഞാന്‍ നൃത്തം ചെയ്തു. ഒരളവിന് വരുമാനം ലഭിച്ചിരുന്നുവെങ്കിലും അത് എനിക്ക് പോരാതെ വന്നു. അന്ന് എന്‍റെ അമ്മ അയര്‍ലന്‍റിലായിരുന്നു. അച്ഛന്‍ മറ്റൊരു വിവാഹം കഴിച്ചു. പഠിത്തം ഉള്‍പ്പെടെയുള്ള എന്‍റെ എല്ലാ ആവശ്യങ്ങളും ഞാന്‍ തന്നെയാണ് നോക്കിയത്. അമ്മയുടെ ആവശ്യങ്ങളും ചെയ്തുകൊടുക്കേണ്ട ഉത്തരവാദിത്തം എനിക്കുണ്ടായിരുന്നു. സംവിധായകന്‍ ടി. രാജേന്ദ്രന്‍ സര്‍(ചിമ്പുവിന്‍റെ അച്ഛന്‍) എന്‍റെ ഡാന്‍സ് കണ്ടിട്ടുണ്ട്.
ആവശ്യങ്ങള്‍ നിറവേറ്റാന്‍ കൂടുതല്‍ വരുമാനം പ്രതീക്ഷിച്ചുകൊണ്ടിരുന്ന സമയത്ത് ഒരു ദിവസം അദ്ദേഹം എന്നെ കണ്ടതും സിനിമയില്‍ അഭിനയിക്കാമോ എന്ന് ചോദിച്ചതും. അതുവരെ ഞാന്‍ ഒരു തമിഴ് സിനിമാപോലും കണ്ടിട്ടില്ലായിരുന്നു. എനിക്ക് അഭിനയിക്കാന്‍ അറിയില്ല എന്ന് ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു. 'അതാണ് എനിക്ക് വേണ്ടത്. നിന്നെ അഭിനയിപ്പിക്കുക എന്‍റെ ഉത്തരവാദിത്വമാണ്' എന്ന് അദ്ദേഹം പറഞ്ഞു.