‘വേട്ടയൻ’ എന്ന ചിത്രത്തിന് ശേഷം രജനികാന്ത് അഭിനയിക്കാനിരിക്കുന്ന ചിത്രം ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന 'കൂലി'യാണ്. അടുത്തിടെ ഈ ചിത്രത്തിൻ്റെ ടൈറ്റിൽ ടീസർ പുറത്തിറങ്ങുകയുണ്ടായി. അനിരുദ്ധ് സംഗീതം നൽകിയിരിക്കുന്ന ഈ ടീസർ വളരെയധികം ശ്രദ്ധ നേടുകയുണ്ടായി. എന്നാൽ ഈ ടീസറിൽ പ്രശസ്ത സംഗീത സംവിധായകനായ എം.വിശ്വനാഥൻ ഈണം പകർന്ന `നിനൈത്താലെ ഇനിക്കും' എന്ന ചിത്രത്തിലെ ഗാന വരികളും, അതോടൊപ്പം ഇളയരാജ സംഗീതം നൽകിയ രജനിയുടെ 'തങ്ക മകൻ' എന്ന ചിത്രത്തിലെ 'വാ വാ പക്കം വാ...' എന്ന ഗാനത്തിൻ്റെ സംഗീതവും ഉപയോഗിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് തൻ്റെ അനുവാദമില്ലാതെ 'വാ വാ...' ഗാനത്തിൻ്റെ സംഗീതം ഉപയോഗിച്ചിരിക്കുന്നത് എന്ന് പറഞ്ഞു ഇളയരാജ `കൂലി'യുടെ അണിയറപ്രവർത്തകർക്ക് നിയമപരമായി നോട്ടീസ് അയച്ചിട്ടുണ്ട്. എന്റെ അനുമതിയില്ലാതെ ഉപയോഗിച്ച ഗാനത്തിൻ്റെ സംഗീതം ടീസറിൽ നിന്നും നീക്കം ചെയ്യണമെന്നും, അല്ലാത്തപക്ഷം നിയമനടപടി സ്വീകരിക്കുമെന്നുമാണ് ഇളയരാജ ആ നോട്ടീസിൽ പറഞ്ഞിരിക്കുന്നത്.
പകർപ്പവകാശ പ്രശ്‌നവുമായി ബന്ധപ്പെട്ട് ഇളയരാജയുടെ സമീപകാല പ്രവർത്തനങ്ങൾ കോളിവുഡിൽ ചർച്ചാ വിഷയമായിരിക്കുകയാണ്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഗാനരചയിതാവായ വൈരമുത്തു ഇളയരാജയെ ഈയിടെ പരോക്ഷമായി വിമർശിച്ചത്. ഈ വിമർശനത്തിനെതിരായി ഇളയരാജയുടെ സഹോദരനും, സംഗീത സംവിധായകനുമായ ഗംഗൈ അമരൻ വൈരമുത്തുവിനെ അപലപിച്ച് വീഡിയോ പുറത്തിറക്കുകയും ചെയ്തിരുന്നു.