ഐമാക്സ് സൗകര്യമുള്ള ഇന്ത്യയിലും, യു.എസ്.എ, ഇംഗ്ലണ്ട്, സിംഗപ്പൂർ, മലേഷ്യ തുടങ്ങിയ വിദേശ രാജ്യങ്ങളിലുള്ള ഐമാക്സ് തിയേറ്ററുകളിലും റിലീസാകാനിരിക്കുകയാണ്
ലോകമെമ്പാടുമുള്ള തെന്നിന്ത്യൻ സിനിമാ ആരാധകർ വളരെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് വിജയ്, ലോഗേഷ് കനകരാജ് കൂട്ടുകെട്ടിൽ ഒരുങ്ങിയിരിക്കുന്ന 'ലിയോ'. 19-ന് റിലീസാകാനിരിക്കുന്ന ഈ ചിത്രത്തിൽ വിജയ്‌ക്കൊപ്പം തൃഷ, സഞ്ജയ് ദത്ത്, അർജുൻ, ഗൗതം വാസുദേവ്, മേനോൻ, മിഷ്‌കിൻ, പ്രിയ ആനന്ദ്, മാത്യു തോമസ്, ബാബു ആന്റണി, മൻസൂർ അലിഖാൻ, മഡോണ സെബാസ്റ്റ്യൻ തുടങ്ങി നിരവധി താരങ്ങളാണ് അണിനിരക്കുന്നത്. ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത് അനിരുദ്ധ് ആണ്.
ഇന്ത്യയിൽ മാത്രമല്ലാതെ വിദേശ രാജ്യങ്ങളിലും വമ്പൻ രീതിയിൽ റിലീസിനൊരുങ്ങി വരുന്ന ഈ ചിത്രം ഐമാക്സ് സൗകര്യമുള്ള ഇന്ത്യയിലും, യു.എസ്.എ, ഇംഗ്ലണ്ട്, സിംഗപ്പൂർ, മലേഷ്യ തുടങ്ങിയ വിദേശ രാജ്യങ്ങളിലുള്ള ഐമാക്സ് തിയേറ്ററുകളിലും റിലീസാകാനിരിക്കുകയാണ്. ആദ്യമായാണ് വിജയ് അഭിനയിക്കുന്ന ഒരു ചിത്രം ഐമാക്‌സിൽ തിയേറ്ററുകളിൽ റിലീസ് ചെയ്യുന്നത്. ഈ ചിത്രം നിർമ്മിച്ച സെവൻ സ്‌ക്രീൻ സ്റ്റുഡിയോസാണ് ഈ വാർത്ത പുറത്തുവിട്ടിരിക്കുന്നത്. ഈ വാർത്ത പുറത്തുവന്നതിനെ തുടർന്ന് വിജയ് ആരാധകർ ആവേശത്തിലാണ്. ഇതിന് മുൻപ് മണിരത്നം സംവിധാനം ചെയ്ത 'പൊന്നിയിൻ സെൽവൻ' ഐമാക്സിൽ പ്രദർശനം നടത്തിയിരുന്നു.