ചിത്രജാലക്കാഴ്ചകള്‍
ജയന് മറ്റുതാരങ്ങളില്‍ നിന്നും വ്യത്യസ്തമായി മാറുന്ന കാലയുവത്വം ഒരേ ആവേശത്തോടെ, അഭിമാനത്തോടെ, ആരാധനയോടെ ഹൃദയത്തില്‍ പ്രതിഷ്ഠിക്കുന്ന നടനാണ്. അതിന്‍റെ മാസ്മരികത ഒരുപക്ഷേ അദ്ദേഹത്തിന്‍റെ ജോലിയോടുള്ള ആത്മാര്‍ത്ഥതയും സാഹസികതയോടുള്ള അമിതമായ ഇഷ്ടവും ഒക്കെയാകാം. ഒരു തുടക്കക്കാരന്‍ എന്ന നിലയില്‍ ചെറിയ വേഷങ്ങളില്‍ മാത്രമായിരുന്നു ജയന്‍ പ്രത്യക്ഷപ്പെട്ടിരുന്നത്.
അടുത്ത ബന്ധുവായ നടി ജയഭാരതിയുടെ നിര്‍ദ്ദേശപ്രകാരം ഹരിഹരന്‍ സംവിധാനം ചെയ്ത സുപ്രിയായുടെ പഞ്ചമി എന്ന ചിത്രത്തില്‍ കെ.ടി. ഉമ്മറിന്‍റെ അസൗകര്യം സൃഷ്ടിച്ച ഒഴിവില്‍ പ്രതിനായകനായാണ് ജയന്‍ സിനിമയില്‍ പദമൂന്നുന്നത്. കൃഷ്ണന്‍നായര്‍ എന്നാണ് ജയന്‍റെ യഥാര്‍ത്ഥ നാമം. നടന്‍ ജോസ് പ്രകാശാണ് ആ പേര് കല്‍പ്പിച്ചുനല്‍കിയതും.
.jpg)
ജോസ്പ്രകാശിന്‍റെ നിര്‍ദ്ദേശപ്രകാരം ജേസി സംവിധാനം ചെയ്ത 'ശാപമോക്ഷം' ചിത്രത്തില്‍ ഗായകനായും ഐ.വി. ശശിയുടെ 'ഇതാ ഇവിടെവരെ' ചിത്രത്തില്‍ കടത്തുകാരനായുമൊക്കെ ചെറിയ വേഷത്തിലായിരുന്നു ജയന്‍ ആദ്യകാലങ്ങളില്‍ അഭിനയിച്ചുവരുന്നത്. ഏതാനും നിമിഷങ്ങള്‍ മാത്രം സ്ക്രീനില്‍ പ്രത്യക്ഷപ്പെടുന്ന ചെറുവേഷങ്ങള്‍. അവിടെ നിന്നാണ് ജയന്‍ മലയാള സിനിമയിലെ ആദ്യ ആക്ഷന്‍ ഹീറോ എന്ന പദവിയിലേയ്ക്ക് എടുത്തുയര്‍ത്തപ്പെടുന്നത്.
നേവിയില്‍ ഉദ്യോഗസ്ഥനായിരുന്നതാകാം ഒരുപക്ഷേ ജയന് സാഹസികതയെ പ്രണയിക്കാന്‍ കാരണമായ ഘടകം. ചന്ദ്രഹാസത്തില്‍ ഉയരുന്ന ക്രെയിനില്‍ തൂങ്ങിക്കിടന്നും അറിയപ്പെടാത്ത രഹസ്യത്തില്‍ കൊമ്പനാനയുടെ തുമ്പിക്കൈയില്‍ ഊഞ്ഞാലാടിയുമുള്ള സാഹസിക അഭിനയം കാണികള്‍ നെഞ്ചിടിപ്പോടെയാണ് കണ്ടത്. ആ സാഹസിക അഭിനയത്തിന്‍റെ തുടര്‍ച്ചയാണ് സി.വി. ഹരിഹരന്‍ നിര്‍മ്മിച്ച പി.എന്‍. സുന്ദരം സംവിധാനം ചെയ്ത 'കോളിളക്കം' ചിത്രത്തിലെ സ്റ്റണ്ടുരംഗം ആവിഷ്ക്കരിക്കുന്നതിനിടെ അത്യാഹിതമരണത്തിലേയ്ക്ക് ജയനെ കൂട്ടിക്കൊണ്ടുപോയതും.
ചെന്നൈയ്ക്ക് സമീപം ഷോളവാരത്ത് ഒരു മൈതാനത്തുവച്ചായിരുന്നു ഷൂട്ടിംഗ്. ജയനും ബാലന്‍ കെ. നായരുമായി ഹെലികോപ്റ്ററില്‍ വച്ചുനടത്തുന്ന സ്റ്റണ്ട് രംഗമായിരുന്നു ചിത്രീകരിച്ചുകൊണ്ടിരുന്നത്. ജയന്‍, സുകുമാരന്‍ ഓടിക്കുന്ന ഒരു മോട്ടോര്‍ ബൈക്കില്‍ എഴുന്നേറ്റുനിന്ന് ഉയരാന്‍ തുടങ്ങുന്ന ഹെലികോപ്റ്ററില്‍ ചാടിപ്പിക്കുന്നു. എന്നിട്ട് ഹെലികോപ്റ്ററില്‍ തൂങ്ങിക്കയറി അതിനുള്ളിലിരിക്കുന്ന ബാലന്‍ കെ. നായരുമായി സംഘട്ടനത്തിലേര്‍പ്പെടുന്നു. ഇതായിരുന്നു രംഗം. സാഹസികവും അപകടകരവുമായ ആ രംഗങ്ങള്‍ രണ്ട് ടേക്കുകള്‍ എടുത്തിരുന്നു. എന്നാല്‍ സംവിധായകന്‍ 'ഓകെ' പറഞ്ഞിട്ടും ജയന് തൃപ്തിയായില്ലത്രേ.

അങ്ങനെ അദ്ദേഹത്തിന്‍റെ നിര്‍ബന്ധപ്രകാരം മൂന്നാമതൊരു ടേക്കുകൂടി എടുക്കാനൊരുമ്പെട്ടു. അതിന്‍പ്രകാരം സുകുമാര്‍ ഓടിച്ചുവന്ന ബൈക്കില്‍ നിന്നും ജയന്‍ ഒരഭ്യാസിയെപ്പോലെ വളഞ്ഞുയര്‍ന്ന് ഹെലികോപ്റ്ററിലേയ്ക്ക് കയറിക്കൂടാന്‍ ശ്രമിച്ചു. അപ്പോള്‍ കോപ്റ്റര്‍ ഒരു വശം കൊണ്ടുചരിഞ്ഞു. ഉടനടി പിടിവിട്ടുപോയ ജയന്‍ നിലത്തുവീണു. അടുത്തനിമിഷം ഉയര്‍ന്നുപൊങ്ങിയ ഹെലികോപ്റ്റര്‍ താണുവന്ന് ജയന്‍റെ മേല്‍ വന്നിടിച്ചു. രണ്ടാമത് ഒരിക്കല്‍കൂടി ഉയര്‍ന്ന കോപ്റ്റര്‍ ഇത്തവണ തലയിലാണ് ഇടിച്ചത്.
അങ്ങനെ മുതുകിലും തലയിലും ഇടിയേറ്റ ജയന്‍ ഉടന്‍തന്നെ ചാടിയെഴുന്നേറ്റ് കയ്യുയര്‍ത്തിപ്പറഞ്ഞു- 'ആള്‍ റൈറ്റ്, ഒന്നുമില്ല.. ആള്‍റൈറ്റ്...' എന്നാല്‍ ഉടനെ ജയന്‍റെ മൂക്കില്‍ നിന്ന് രക്തം പുറത്തുവരാന്‍ തുടങ്ങുകയും പെട്ടെന്ന് ബോധം കെട്ട് നിലത്തുവീഴുകയും ചെയ്തു. ഉടനടി സെറ്റിലുള്ളവരും നടന്മാരും ആശുപത്രിയിലെത്തിക്കുകയും ശസ്ത്രക്രിയ നടത്തുകയും ചെയ്തെങ്കിലും വൈകുന്നേരം ആറുമണിയോടെ സാഹസികതയുടെയും പൗരുഷത്തിന്‍റെയും പ്രതീകമായ ജയന്‍ അന്ത്യശ്വാസം വലിക്കുകയാണുണ്ടായത്.
ജയന്‍റെ മരണത്തെക്കുറിച്ച് പരസ്പരവിരുദ്ധമായ പല റിപ്പോര്‍ട്ടുകള്‍ ഇപ്പോഴും നിലനില്‍ക്കുന്നെങ്കിലും ഹെലികോപ്റ്റര്‍ അപകടത്തിലാണ് മരണം സംഭവിച്ചതെന്നത് നിഷേധിക്കാനാകാത്ത സത്യമാണ്. ഇത് സംബന്ധിച്ച സവിസ്തര പ്രതിപാദനം പങ്കുവച്ചത് 1985 ഒക്ടോബര്‍ 10, 20 ലക്കങ്ങളിലെ നാനയിലൂടെയായിരുന്നു.
1980 നവംബര്‍ 16 നായിരുന്നു ദാരുണമായ അന്ത്യം. ഇപ്പോള്‍ അദ്ദേഹം
ഓര്‍മ്മയായിട്ട് നാല്‍പ്പത്തഞ്ച് വര്‍ഷം തികയുന്നു. കാലം ചിതയൊരുക്കി വിസ്മൃതിയിലാക്കാന്‍ ശ്രമിച്ചിട്ടും യുവമനസ്സുകളില്‍ മുഴങ്ങാത്ത ശബ്ദത്തോടെ, നീട്ടിയുള്ള സംസാരശൈലിയോടെ ജയന്‍ വീണ്ടും പുനര്‍ജ്ജനിച്ചുകൊണ്ടിരിക്കുന്നു എന്നതാണ് അത്ഭുതകരം. എന്താണ് അതിന്‍റെ കാന്തികതയെന്ന് ആര്‍ക്കുമറിയില്ല. ജയന്‍ മരിക്കുന്ന ദിവസം പി. ചന്ദ്രകുമാര്‍ സംവിധാനം ചെയ്ത മധുവും ജയനും തുല്യവേഷത്തില്‍ അഭിനയിച്ച 'ദീപം' എന്ന ചിത്രം കേരളത്തിലുടനീളം നിറഞ്ഞ സദസ്സില്‍ പ്രദര്‍ശിപ്പിച്ചുകൊണ്ടിരിക്കുകയായിരുന്നു.
.jpg)
അപ്പോഴാണ് കൊല്ലം ആരാധനാതീയേറ്ററില്‍ ആ ചിത്രത്തിന്‍റെ പ്രദര്‍ശനത്തിനിടെ സ്ലൈഡില്‍ ഒരു വാര്‍ത്ത പ്രത്യക്ഷപ്പെട്ടത്- നടന്‍ ജയന്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍ അന്തരിച്ചു. ഇതുകണ്ട കാണികള്‍ ഒന്നടങ്കം നിലവിളിച്ച് തീയേറ്റര്‍ വിട്ട് സമീപപ്രദേശമായ കൊല്ലം ഓലയില്‍ ഭാഗത്തേയ്ക്ക് ഒഴുകിയെത്തിയിരുന്നു. അവിടെയായിരുന്നു ജയന്‍റെ ജന്മദേശം. അവിടെ അടുത്തുള്ള ഗവണ്‍മെന്‍റ് ബോയ്സ് സ്ക്കൂളിലാണ് ജയന്‍ പഠിച്ചതും അതിന്‍റെ പരിസരങ്ങളിലായിരുന്നു വളര്‍ന്നതും.
ജയന്‍ ഏകദേശം നൂറ്റിയിരുപത്തഞ്ചിനടുത്ത് ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. അതിലേറെയും സാഹസികതയും പൗരുഷത്വവും നിറഞ്ഞ വേഷങ്ങളായിരുന്നു. 'അങ്ങാടി'യാണ് ജയന്‍റെ താരമൂല്യമുയര്‍ത്തിയ ചിത്രമെങ്കിലും അതിന് മുമ്പിറങ്ങിയ 'ശരപഞ്ജര'മായിരുന്നു. അദ്ദേഹത്തെ ശ്രദ്ധേയനാക്കിയതും മലയാളത്തിലെ തിരക്കുള്ള നടന്മാരിലൊരാളാക്കി തീര്‍ത്തതും.
ശരപഞ്ജരത്തിലെ പരുക്കനും ക്രൂരനുമായ ജയന്‍റെ കുതിരക്കാരന്‍, മലയാളത്തില്‍ ഒരു പുതിയ നായക സങ്കല്‍പ്പത്തിനിടയാക്കി. ഉറച്ച, ദൃഢമായ ശരീരഘടനയും സാഹസികത സ്ഫുരിക്കുന്ന ഊര്‍ജ്ജസ്വലതയും ജയന് വ്യത്യസ്തമായ പ്രതിഛായ നല്‍കി. ഇത്ര ഹ്രസ്വമായ കാലയളവിനുള്ളില്‍, മലയാളത്തിലെ മറ്റൊരു നടനും ഇവ്വിധത്തില്‍ ആവേശകരമായ പ്രതിഛായ മലയാളത്തില്‍ സൃഷ്ടിക്കാന്‍ കഴിഞ്ഞിരുന്നില്ല.

സാഹസികതയുടെയും പൗരുഷത്തിന്‍റെയും പ്രതീകമായി, പ്രേക്ഷകര്‍ ജയനെ വാഴ്ത്തുകയും ഒരു ഹരമായി ആരാധിക്കുകയും ചെയ്തു. സംഘട്ടനരംഗങ്ങളില്‍ ജയന്‍ പുലര്‍ത്തിയിരുന്ന യാഥാര്‍ത്ഥ്യതയും ചുറുചുറുക്കിന്‍റെ മികവുമായിരുന്നു അതിന് പ്രധാന കാരണം. മറ്റുനായകനടന്മാരെപ്പോലെ സംഘട്ടനരംഗങ്ങളിലും ശ്രമകരമായ സാഹസിക രംഗങ്ങളിലും പകരം സ്റ്റണ്ട് കലാകാരന്മാരെ ഉപയോഗിക്കാന്‍ ജയന്‍ തയ്യാറായിരുന്നില്ല.
ഇക്കാര്യത്തില്‍ പ്രത്യേക പിടിവാശി തന്നെ ജയനുണ്ടായിരുന്നു. ശാരീരികമായ കരുത്തും, പൂര്‍ണ്ണതയ്ക്കുവേണ്ടിയുള്ള വ്യഗ്രതയുമായിരുന്നു ഇതിന്‍റെ പിന്നിലുള്ളതെങ്കിലും, നിര്‍ഭാഗ്യമെന്നുപറയട്ടെ, ഈ സ്വഭാവം തന്നെ ജയന്‍റെ ദാരുണമായ അന്ത്യത്തിനും വഴിയൊരുക്കുകയാണുണ്ടായത്. വെള്ളിത്തിരയില്‍ അനേകം സാഹസിക മുഹൂര്‍ത്തങ്ങള്‍ കാഴ്ചവച്ച ആരാധകരെ പുളകം കൊള്ളിച്ച ജയന്‍, അത്തരമൊരു സാഹസിക നിമിഷത്തിന്‍റെ, സാഹസിക ചിത്രീകരണത്തിനിടയില്‍തന്നെ മരണമടഞ്ഞു.
ജയന്‍റെ അപകടമരണത്തിന് കാരണമായ ഹെലികോപ്റ്റര്‍ മുമ്പൊരിക്കല്‍ ഇതുപോലൊരു അപകടമരണത്തിന് വഴിയൊരുക്കിയിരുന്നു. ധര്‍മ്മേന്ദ്ര നായകനായി അഭിനയിച്ച ഒരു ഹിന്ദി ചിത്രത്തില്‍ ധര്‍മ്മേന്ദ്രയുടെ ഡ്യൂപ്പായി വേഷമിട്ട ഒരു നടന്‍ ഈ ഹെലിക്കോപ്റ്ററില്‍ നിന്ന് വീണുമരണമടഞ്ഞിരുന്നു. കടലിന് മുകളില്‍ കോപ്റ്ററില്‍ ഒരു സ്റ്റണ്ട് രംഗം ചിത്രീകരിച്ചുകൊണ്ടിരിക്കെ ഡ്യൂപ്പ് നടന്‍ പിടിവിട്ട് കടലില്‍ വീണ് മുങ്ങിമരിക്കുകയായിരുന്നു. അതുപോലെ ജയന് മുമ്പ് ചിത്രീകരണത്തിനിടെ അപകടമരണമടഞ്ഞ മറ്റൊരു നടനായിരുന്നു ശ്യാം. ഒരു ഹിന്ദി ചിത്രത്തില്‍ അഭിനയിച്ചുകൊണ്ടിരിക്കെ ശ്യാം കുതിരപ്പുറത്തുനിന്നും വഴുതി വീഴുകയും കുതിരയുടെ തൊഴിയേറ്റ് തലയ്ക്ക് മാരകമായി മുറിവ് സംഭവിക്കുകയും ആശുപത്രിയിലെത്തും മുമ്പ് മരണമടയുകയുമായിരുന്നു.
ഏതായാലും ഒരു കാര്യം ഉറപ്പിച്ചുപറയാം. ജയനെപ്പോലെ സാഹസികരംഗങ്ങളെ അര്‍ത്ഥവത്താക്കുന്ന ഒരു നടന്‍ മുമ്പ് ഉണ്ടായിട്ടില്ല, ഇനി ഉണ്ടാവുകയുമില്ല. ആ ഊര്‍ജ്ജ്വസ്വലതയ്ക്ക് സിനിമാരംഗം നല്‍കുന്ന ആദരവാണ് മലയാളി മനസ്സിലെ അദ്ദേഹത്തെക്കുറിച്ചുള്ള കെടാത്ത ഓര്‍മ്മകള്‍.