തെന്നിന്ത്യൻ സിനിമയിലെ പ്രശസ്ത നടിയായ ജ്യോതിക 'Doli Saja Ke Rakhna' എന്ന ഹിന്ദി സിനിമ മുഖേനയാണ് സിനിമയിൽ പ്രവേശിച്ചത്. അതിന് ശേഷം അജിത്ത് നായകനായി അഭിനയിച്ച 'വാലി' എന്ന ചിത്രം മുഖേനയാണ് തമിഴിൽ പ്രവേശിച്ചത്. പിന്നീട് രജനികാന്ത്, കമൽഹാസൻ, വിജയ്, വിക്രം, സൂര്യ തുടങ്ങി തമിഴ് സിനിമയിലെ മുൻനിര നടന്മാരൊപ്പം നിരവധി ചിത്രങ്ങളിൽ അഭിനയിച്ചു. അതിനോടൊപ്പം മലയാളം, തെലുങ്ക്, കന്നഡ സിനിമകളിലും അഭിനയിച്ച് തെന്നിന്ത്യൻ സിനിമയിലെ ഒരു മുൻനിര നടിയായി മാറി ജ്യോതിക.
ഇപ്പോൾ ഭർത്താവ് സൂര്യ, മക്കൾ ദിയ, ദേവ് എന്നിവർക്കൊപ്പം മുംബൈയിൽ താമസിച്ചുവരുന്ന ജ്യോതിക അടുത്തിടെ നൽകിയ ഒരു അഭിമുഖത്തിൽ, “ദക്ഷിണേന്ത്യൻ സിനിമയിൽ, നടിമാരെ കൂടുതലും നൃത്തം ചെയ്യാനും നായകന്മാരെ പ്രണയിക്കാനും മാത്രമാണ് ഉപയോഗിക്കുന്നത്. എന്നാൽ ഹിന്ദിയിൽ അങ്ങനെയല്ല. തെന്നിന്ത്യൻ സിനിമയിൽ ഇപ്പോഴും പഴയ സാഹചര്യം തന്നെയാണ് നിലനിൽക്കുന്നത്'' എന്ന് പറയുകയുണ്ടായി. ജ്യോതിക നടത്തിയ ഈ പ്രസ്താവന തമിഴ് സിനിമാ ആരാധകരെ വളരെയധികം രോഷാകുലരാക്കിയിരിക്കുകയാണ്. അതിനെ തുർന്ന് ആരാധകർ ഹിന്ദി സിനിമകളിലും, സീരീസുകളിലും അഭിനയിക്കാനായി മുംബൈയിൽ താമസമാക്കിയ ജ്യോതിക ഹിന്ദിയിൽ അവസരം ലഭിക്കാൻ വേണ്ടിയാണ് തമിഴ് സിനിമയെ തരം താഴ്ത്തിയും, ഹിന്ദി സിനിമയെ ഉയർത്തിപ്പിടിച്ചും പ്രസ്താവന നടത്തിയിരിക്കുന്നത്. തന്നെ ഒരു നടിയായി വളർത്തി വലുതാക്കിയ തമിഴ് സിനിമയെ ജ്യോതിക ഇങ്ങിനെ വിമർശിക്കുന്നത് ശരിയല്ല... എന്ന് പറഞ്ഞാണ് ആരാധകർ സോഷ്യൽ മീഡിയകളിൽ ജ്യോതികയ്ക്ക് എതിരായി വിമർശനങ്ങൾ ചെയ്തു വരുന്നത്. .
വിവാഹ ശേഷം സിനിമയിൽ നിന്ന് വിട്ടുനിന്ന ജ്യോതിക പിന്നീട് അഭിനയത്തിലേക്ക് തിരിച്ചു വന്നു . അഭിനയിച്ച ചിത്രങ്ങളാണ് '36 വയതിനിലെ', 'മഹിളിർ മട്ടും' 'നാച്ചിയാർ', ' കാട്രിൻ മൊഴി', 'രാക്ഷസി', 'ജാക്ക്പോട്ട്', 'തമ്പി', 'പൊൻമകൾ വന്താൽ' തുടങ്ങിയവ. ഇവയെല്ലാം നായികയ്ക്ക് പ്രാധാന്യം നൽകുന്ന ചിത്രങ്ങളായിരുന്നു. അങ്ങിനെയുള്ള സാഹചര്യത്തിലാണ് തമിഴിൽ നായികക്ക് പ്രാധാന്യമില്ലെന്ന് ജ്യോതിക പറഞ്ഞിരിക്കുന്നത്. ഇത് എന്തിന്റെ അടിസ്ഥാനത്തിലാണെന്നാണ് പലരും ഉയർത്തിയിരിക്കുന്ന ചോദ്യം.കോളിവുഡിൽ സംസാര വിഷയമായിരിക്കുന്ന ഇക്കാര്യം കുറിച്ച് ജ്യോതികയുടെ ഭർത്താവും, നടനുമായ സൂര്യയും മൗനം കാത്ത് വരികയാണ്.