കമൽഹാസൻ ഇപ്പോൾ 'ഇന്ത്യൻ-2'വിന്റെ ചിത്രീകരണത്തിലാണ് പങ്കെടുത്തുവരുന്നത്. ഈ ചിത്രത്തിന് ശേഷം മണിരത്നം സംവിധാനം ചെയ്യുന്ന തന്റെ 234-ാമത്തെ ചിത്രത്തിലാണ് അഭിനയിക്കാനിരിക്കുന്നത് എന്നാണ് പറയപ്പെടുന്നത്. അതേ സമയം മഹേഷ് നാരായണൻ സംവിധാനത്തിൽ ഒരു ചിത്രം, 'ധീരൻ അധികാരം ഒൻഡ്രു', 'നേർകൊണ്ട പാർവൈ', 'വലിമൈ', 'തുണിവ്' എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്ത ഹെച്.വിനോദ് സംവിധാനത്തിൽ ഒരു ചിത്രം, വെട്രിമാരൻ സംവിധാനം ചെയ്യുന്ന ഒരു ചിത്രം എന്നിവയാണ് കമൽഹാസന്റെ അടുത്തടുത്ത പ്രോജെക്റ്റുകളായി ഒരുങ്ങാനിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് കമൽഹാസനെ കുറിച്ച് മറ്റൊരു പുതിയ വാർത്ത കോളിവുഡിലും, ടോളിവുഡിലും പുറത്തുവന്ന് വൈറലായിരിക്കുന്നത്. അതായത്, തെലുങ്കിൽ പ്രഭാസ് നായകനാകുന്ന ഒരു ചിത്രത്തിൽ കമൽഹാസൻ വില്ലനായി അഭിനയിക്കാനിരിക്കുകയാണെന്നുള്ളതാണ് ആ വാർത്ത!
തെലുങ്കിൽ പ്രഭാസിനെ നായകനാക്കി നാഗ് അശ്വിൻ ഒരു ചിത്രം സംവിധാനം ചെയ്യുന്നുണ്ട്. തൽക്കാലമായി 'പ്രൊജക്ട്-കെ' എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. ഈ ചിത്രത്തിൽ പ്രഭാസിനൊപ്പം ബോളിവുഡ് താരങ്ങളായ അമിതാഭ് ബച്ചൻ, ദീപിക പദുക്കോൺ, ദിഷാ പടാനി തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങൾ അവതരിപ്പിക്കുന്നുണ്ട്. ഒരു സയൻസ് ഫിക്ഷൻ ചിത്രമായി ബ്രമ്മാണ്ഡമായി ഒരുങ്ങുന്ന ഈ ചിത്രം അടുത്ത വർഷം പൊങ്കലിന് റിലീസ് ചെയ്യാൻ തീരുമാനിച്ചാണത്രെ ചിത്രത്തിന്റെ അണിയറപ്രവർത്തകർ പ്രവർത്തിച്ചുവരുന്നത്.
ഈ ഘട്ടത്തിലാണ് ചിത്രത്തിൽ പ്രഭാസിന് വില്ലനായി എത്തുന്നത് കമൽഹാസനാണെന്നുള്ള വിവരം പുറത്തു വന്നിരിക്കുന്നത്. കമൽഹാസ്സൻ ഉൾപ്പെടുന്ന രംഗങ്ങൾ ചിത്രീകരിക്കാനായി 20 ദിവസങ്ങളാണ് കമൽഹാസ്സൻ നൽകിയിരിക്കുന്നതെന്നും, അതിനായി കമൽഹാസൻ വലിയ ഒരു തുകയാണ് ശമ്പളമായി വാങ്ങാനിരിക്കുന്നതെന്നും, ഇത് സംബന്ധമായുള്ള ഔദ്യോഗിക പ്രഖ്യാപനം അടുത്തുതന്നെ ഉണ്ടായിരിക്കുമെന്നുമാണ് റിപ്പോർട്ടുകൾ. ഈയിടെ കമൽഹാസ്സൻ ഒരു മീഡിയക്ക് വേണ്ടി സംസാരിക്കുമ്പോൾ അടുത്ത് തന്നെ ഒരു വലിയ ചിത്രത്തിൽ അഭിനയിക്കുമെന്നുള്ള സൂചന നൽകിയിരുന്നു. അപ്പോൾ കമൽഹാസ്സൻ സൂചന നൽകിയ ആ ചിത്രമായിരിക്കും ഇത് എന്നാണു പറയപ്പെടുന്നത്.