NEWS

കുവൈറ്റ് വിജയനിൽ നിന്ന് രാജീവനിലേക്ക്

News

പ്രേക്ഷകഹൃദയങ്ങളിൽ സ്ഥാനം പിടിച്ച നടനാണ് മനോജ് കെ.യു. തിങ്കളാഴ്ച നിശ്ചയത്തിലെ കുവൈറ്റ് വിജയനിൽ നിന്ന് പ്രണയ വിലാസത്തിലെ രാജീവനിലേക്കുള്ള യാത്രയെക്കുറിച്ച് മനോജ് 

നമ്മൾ ഇഷ്ടപ്പെടുന്ന ഒരു കാര്യത്തിനുവേണ്ടി റിസ്‌ക്ക് എടുക്കുക. അങ്ങനെ റിസ്‌ക്ക് എടുത്ത ഒരുപാട് പേരിൽ ഒരാൾ മാത്രമാണ് ഞാൻ. അഭിനയം ഇഷ്ടമാണെങ്കിലും എന്റെ ജീവിതത്തിൽ അതിനുവേണ്ടി ഞാൻ നിലകൊണ്ടപ്പോൾ വളരെ യാദൃച്ഛികമായി തുറക്കപ്പെട്ട വഴികളിലൂടെയാണ് ഇപ്പോൾ സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്. സ്വാഭാവിക അഭിനയമികവുകൊണ്ട് പ്രേക്ഷകഹൃദയങ്ങളിൽ സ്ഥാനം പിടിച്ച നടനാണ് മനോജ് കെ.യു. തിങ്കളാഴ്ച നിശ്ചയത്തിലെ കുവൈറ്റ് വിജയനിൽ നിന്ന് പ്രണയ വിലാസത്തിലെ രാജീവനിലേക്കുള്ള യാത്രയെക്കുറിച്ച് മനോജ് സംസാരിച്ചുതുടങ്ങി..

കുവൈറ്റ് വിജയനല്ല  രാജീവൻ

പ്രണയവിലാസത്തിന്റെ സ്‌ക്രിപ്റ്റ് കേട്ടപ്പോൾ തന്നെ കുവൈറ്റ് വിജയൻ അല്ല വില്ലേജ് ഓഫീസർ രാജീവൻ എന്ന് മനസ്സിലായി. രാജീവനിൽ കുവൈറ്റ് വിജയന്റെ മാനറിസവും സംസാരരീതിയൊന്നും കയറി വരരുതെന്ന് നിർബന്ധമുണ്ടായിരുന്നു.  രണ്ടും കണ്ണൂർ ഭാഷയായതുകൊണ്ട് രണ്ടിലും എന്തെങ്കിലും സാമ്യത തോന്നുമോ എന്നൊരു ആശങ്ക ഉണ്ടായിരുന്നു. അങ്ങനെ വരാതിരിക്കാൻ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. അത് തന്നെയായിരുന്നു നേരിട്ട പ്രധാന വെല്ലുവിളിയും. സിനിമ റിലീസായപ്പോൾ കുവൈറ്റ് വിജയനിൽ നിന്ന് രാജീവൻ വേറിട്ടു നിൽക്കുന്നുവെന്ന അഭിപ്രായം കേട്ടപ്പോൾ സന്തോഷം തോന്നി.

 

വില്ലേജ് ഓഫീസർ  രാജീവിനെക്കുറിച്ച്?

സ്‌ക്രിപ്റ്റ് ആദ്യം കേട്ടപ്പോൾ തന്നെ രാജീവ് എന്ന കഥാപാത്രം വളരെ ഇന്ററസ്റ്റിംഗായി തോന്നിയിരുന്നു. ഒരുപാട് എക്‌സ്‌പ്ലോർ ചെയ്യാൻ കഴിയുന്ന കഥാപാത്രമാണെന്നതായിരുന്നു മറ്റൊരു സന്തോഷം. രാജീവിനെപ്പോലെ ഒരാളെയെങ്കിലും നമ്മൾ ലൈഫിൽ കണ്ടിട്ടുണ്ടാവും. അയാൾ നമ്മൾ കാണുന്ന ഒരു ശരാശരി മനുഷ്യനാണ്. അയാൾക്ക് ഫാമിലിയോടുള്ള ബന്ധവും ഒപ്പം കാമുകിയെ വീണ്ടും കണ്ടുമുട്ടുമ്പോൾ അയാളിൽ പഴയ കാമുകൻ വീണ്ടും ജനിക്കുന്നു. ആ മാറ്റമെല്ലാം നല്ല രസമാണ്. ഒരു മനുഷ്യന്റെ എല്ലാ ഷെയ്ഡുകളും രാജീവനിലൂടെ കാണിക്കുന്നുണ്ട്. അയാളുടെ ഈഗോ, സങ്കടം, കോമഡി, ദേഷ്യം, കള്ളത്തരങ്ങൾ, സന്തോഷം അങ്ങനെ ഒരുപാട് ഇമോഷൻസിലൂടെ കടന്നുപോകുന്ന ഒരാളാണ് രാജീവൻ. നമ്മൾ എല്ലാവരും അങ്ങനെയല്ലേ...? നമുക്ക് എല്ലായ്‌പ്പോഴും ഒരേപോലെ ഇരിക്കാൻ കഴിയില്ല. സാഹചര്യങ്ങൾക്കനുസരിച്ച് നമ്മൾ മാറിക്കൊണ്ടിരിക്കും. എന്നെക്കാൾ കൂടുതൽ രാജീവൻ എങ്ങനെയാവണം എന്നതിൽ സംവിധായകന് ധാരണയുണ്ടാകും. അതുകൊണ്ടുതന്നെ സംവിധായകൻ എന്തുപറയുന്നുവോ അത് ക്യാമറയ്ക്ക് മുന്നിൽ അവതരിപ്പിക്കുക എന്നതാണ് ചെയ്യേണ്ടത്.

ഇരട്ടയിൽ നിന്ന് നേരെ പ്രണയവിലാസത്തിലേക്ക്

മാർട്ടിൻ പ്രക്കാട്ട് നിർമ്മിച്ച ഇരട്ടയിൽ പോലീസ് വേഷം ചെയ്തിരുന്നു. അദ്ദേഹം വഴിയാണ് പ്രണയവിലാസത്തിന്റെ കഥ കേൾക്കുന്നത്. സംവിധായകൻ നിഖിലും എഴുത്തുകാരിൽ ഒരാളായ ജ്യോതിഷും ഡി.ഒ.പി ഷിനോസും നിർമ്മാതാക്കളിൽ ഒരാളായ രഞ്ജിത്ത് നായരും ചേർന്നാണ് കഥ പറയാൻ ഇരട്ടയുടെ ലൊക്കേഷനിലേക്ക് വരുന്നത്. ഇന്റർവെൽ ആയപ്പോഴേക്കും കൈകൊടുത്തിരുന്നു. അതുപോലെ അർജുൻ അശോകൻ, മമിത ബൈജു, അനശ്വര ഇവരെല്ലാം ടാലന്റ് ആക്‌ടേഴ്‌സാണ്. അവർക്കൊപ്പം വർക്ക് ചെയ്യാമെന്നത് സന്തോഷം നൽകുന്ന കാര്യമായിരുന്നു.

അർജുനുമായുള്ള കോമ്പോ

അർജുൻ അശോകനാണ് മകനായി അഭിനയിക്കുന്നത് എന്ന് സ്‌ക്രിപ്റ്റ് വായിക്കുമ്പോൾ പറഞ്ഞിരുന്നു. അപ്പോഴാണ് അർജുന്റെ കടുവ കാണുന്നത്. കടുവയിൽ അർജുൻ ബോഡിയെല്ലാം ബിൽഡ് ചെയ്ത് അത്യാവശ്യം സൈസുള്ള ഒരാളായിരുന്നല്ലോ. എന്റെ മകനായി അയാൾ അഭിനയിച്ചാൽ ശരിയാവുമോ എന്ന് തോന്നിയിരുന്നു. പക്ഷേ പ്രണയവിലാസത്തിന് വേണ്ടി തടിയെല്ലാം കുറച്ച് ലൊക്കേഷനിൽ അർജുൻ വന്നപ്പോൾ ഞെട്ടി. ഈ സിനിമയ്ക്ക് വേണ്ടി വർക്ക് ഔട്ടെല്ലാം ചെയ്ത് അർജുൻ നല്ലോണം  മെലിഞ്ഞാണ് വന്നിരുന്നത്. അപ്പോൾ അർജുനെ കണ്ടപ്പോൾ എന്റെ മൂത്തമകനെപ്പോലെയാണ് തോന്നിയത്. അർജുനുമായുള്ള സീനുകൾ എല്ലാം നല്ല രസമായി ചെയ്യാൻ കഴിഞ്ഞു. സെക്കന്റ് ഹാഫിലെ ഞങ്ങളുടെ ആ കാർ യാത്ര തന്നെയാണ് ഏറ്റവും എൻജോയ് ചെയ്തത്. ഓരോ സീനും ഞങ്ങൾ പരസ്പരം ഡിസ്‌ക്കസ് ചെയ്യുമായിരുന്നു. അത് വർക്കായി എന്ന് പ്രേക്ഷക പ്രതികരണം കണ്ടപ്പോൾ മനസ്സിലായി.

ഭാഷ പഠിക്കാൻ എഫർട്ട് എടുക്കേണ്ടി വന്നില്ല

കഥയുടെ പശ്ചാത്തലം പയ്യന്നൂർ ആയതുകൊണ്ടുതന്നെ ഞാൻ ഒരു കണ്ണൂർകാരനായതുകൊണ്ട് രാജീവിനെ അവതരിപ്പിക്കുമ്പോൾ കുറച്ചുകൂടെ ഈസിയായി. ഭാഷ പഠിക്കാൻ എഫർട്ട് എടുക്കേണ്ടി വന്നില്ല. ആ സമയം കൂടെ രാജീവൻ എന്ന കഥാപാത്രത്തിലേക്ക് ശ്രദ്ധ കൊടുക്കാൻ സാധിച്ചു. അർജുനെ പയ്യന്നൂർഭാഷ പഠിച്ചെടുത്തു. അജയ് വാസുദേവ് സംവിധാനം ചെയ്ത പകലും പാതിരാത്രിയും എന്ന സിനിമയിൽ ഇടുക്കി സ്ലാംഗാണ് എന്റെ ക്യാരക്ടർ സംസാരിക്കുന്നത്. പ്രാവ് എന്ന പുതിയ സിനിമയിൽ തിരുവനന്തപുരം ഭാഷയാണ് സംസാരിക്കുന്നത്.

പ്രണയം  എല്ലാവർക്കുമുണ്ടാവും

പ്രണയവിലാസം റിലീസായി മൗത്ത് പബ്ലിസിറ്റിയിലൂടെയാണ് ഒരുപാട് പേരിലേക്ക് എത്തിയത്. റിലീസ് ചെയ്ത് ഒരാഴ്ച കഴിഞ്ഞ് തിയേറ്ററുകളുടെ എണ്ണം കൂട്ടിയത് അതിനൊരു ഉദാഹരണമാണ്. തിയേറ്റർ വിസിറ്റിന് പോയ സമയത്ത് ചെറിയ പിള്ളേരുടെ പോലും സിനിമ കഴിഞ്ഞു ഇറങ്ങിവരുമ്പോൾ കണ്ണ് നിറഞ്ഞുകണ്ടു. അതുപോലെ ഒരു സ്ത്രീ തിയേറ്ററിൽ നിന്നിറങ്ങി വരുമ്പോൾ സിനിമ എങ്ങനെയുണ്ടെന്ന ചോദ്യത്തിന് പോലും അവർക്ക് മറുപടി കൊടുക്കാൻ സാധിക്കാതെ നിൽക്കുന്നത് കണ്ടു. ഒരുപക്ഷേ അവരുടെ ജീവിതത്തിലും ഇതേപോലെ എന്തെങ്കിലും സംഭവം ഉണ്ടായിരിക്കാം. എല്ലാവരും പറയുന്നപോലെ വല്ലാത്തൊരു വിങ്ങലാണ് സിനിമ കഴിഞ്ഞു ഇറങ്ങി വരുമ്പോൾ. ഒരു പ്രേക്ഷകൻ എന്ന നിലയിൽ അനുവിന്റെയും വിനോദിന്റെയും പ്രണയം എന്നെ വല്ലാതെ അലട്ടിയിരുന്നു. പ്രണയവിലാസം കണ്ടിറങ്ങുമ്പോൾ നമ്മുടെയെല്ലാം ലൈഫിലെ ആരെങ്കിലെയുമൊക്കെ നമുക്ക് കണക്ട് ചെയ്യാൻ കഴിയുന്നുവെന്നത് തന്നെയാണ് ആ സിനിമയുടെ വിജയവും.

നാടകക്കാരുടെ നാട്ടിൽ

ചെറുപ്പം മുതൽ നാടകം കണ്ടു വളർന്ന ഒരാളാണ് ഞാൻ. അന്നൂർ ഗ്രാമം എന്നുപറഞ്ഞാൽ തന്നെ നാടകക്കാരുടെ നാടാണ്. വലുതാവുമ്പോൾ നാടകക്കാരൻ ആവണമെന്നതായിരുന്നു അന്നത്തെ ഏറ്റവും വലിയ ആഗ്രഹം. പിന്നീട് ജീവിതത്തിന്റെ ഒരു ഘട്ടത്തിൽ എത്തിയപ്പോൾ ജോലിയും കാര്യങ്ങളുമായി പോവേണ്ടി വന്നിരുന്നെങ്കിലും പിന്നീട് നാടകങ്ങളിലേക്ക് തിരിച്ചുവരികയായിരുന്നു. ലൈറ്റ് ഡയറക്ഷൻ ചെയ്തായിരുന്നു നാടകങ്ങളിൽ തുടക്കം. അഭിനയിക്കാൻ ആഗ്രഹം ഉണ്ടായിരുന്നെങ്കിലും മുപ്പതുകളിലാണ് നാടകങ്ങളിൽ അഭിനയിച്ചുതുടങ്ങുന്നത്. അതിന് മുൻപ് സിനിമകളിൽ ചെറിയ റോളുകൾ എല്ലാം അഭിനയിച്ചു. ഖസാക്കിന്റെ ഇതിഹാസം എന്ന നാടകത്തിൽ അഭിനയിച്ചത് അഭിനയജീവിതത്തിലെ വഴിത്തിരിവായി. അഭിനയത്തിന്റെ മറ്റൊരു തലത്തിലേക്ക് എത്തിച്ചത് അതിലൂടെയായിരുന്നു. അതിനുശേഷമാണ് സിനിമകളിലും ക്യാരക്ടർവേഷങ്ങൾ ചെയ്തുതുടങ്ങുന്നത്.


LATEST VIDEOS

Interviews