പ്രീസ്റ്റിലൂടെ തുടക്കം. പിന്നീട് രേഖാചിത്രം. രണ്ടും ശ്രദ്ധിക്കപ്പെടുകയും ചര്‍ച്ചാവിഷയവും ആകുമ്പോള്‍ ഏറെ സന്തോഷത്തിലാണ് ഷമീര്‍ മുഹമ്മദ്. ആ സന്തോഷം 'നാന'യ്ക്കൊപ്പം പങ്കിടുമ്പോള്‍...
എഡിറ്റര്‍ ലൊക്കേഷനില്‍ ഉണ്ടെങ്കില്‍ കുറെ ഗുണങ്ങളും ദോഷങ്ങളും ഉണ്ട്
ഒരു സിനിമയുടെ എഡിറ്റര്‍ ഓണ്‍ ലൊക്കേഷനില്‍ ഉണ്ടെങ്കില്‍ കുറെ ഗുണങ്ങളും ദോഷങ്ങളുമുണ്ട്. ഒരു സീനെടുക്കുന്നതിന്‍റെ ബുദ്ധിമുട്ട് കണ്ടാല്‍ നമുക്ക് അത് ചിലപ്പോള്‍ കട്ട് ചെയ്യാന്‍ തോന്നില്ല. എഡിറ്റര്‍ അവിടെയുണ്ടെങ്കില്‍ നമുക്ക് അധികമായി വേണ്ട ഷോട്ടുകള്‍ എടുക്കാം. അല്ലെങ്കില്‍ എടുത്ത ഷോട്ടുകള്‍ മതിയെങ്കില്‍ അത് പറയാം. ടര്‍ബോയില്‍ ബസ്സിലുള്ള ഫൈറ്റ് സീന്‍ ഒന്നരദിവസം കൊണ്ടാണ് ഷൂട്ട് ചെയ്തത്. ഞാന്‍ അവിടെ ലൊക്കേഷനില്‍തന്നെ എഡിറ്റ് ചെയ്തിരുന്നു. അപ്പോള്‍ മമ്മൂക്ക പറഞ്ഞു, ഇവനെ അടുത്ത പടം മുതല്‍ ഫുള്‍ കോണ്‍ട്രാക്ട് എടുത്ത് ലൊക്കേഷനില്‍ നിര്‍ത്തണം എന്ന്.
യഥാര്‍ത്ഥത്തില്‍ ഒരു സ്പോട്ട് എഡിറ്ററുടെ ജോലി എന്താണ്
ഒരു സ്പോട്ട് എഡിറ്ററുടെ ജോലി ഒരു സ്റ്റുഡിയോയുടെ നാല് ചുവരുകളില്‍ ഒതുങ്ങുന്നില്ല. പകരം അദ്ദേഹം സിനിമയുടെ ചിത്രീകരണത്തിനൊപ്പം വ്യത്യസ്ത സ്ഥലങ്ങളില്‍ ഓരോ ദിവസത്തെയും ഷൂട്ടിംഗ് ട്രിം ചെയ്യുന്നു. ഒരു അന്തിമ ഉല്‍പ്പന്നത്തിലേക്ക് ഫ്രെയിമുകള്‍ നെയ്തെടുക്കുമ്പോള്‍ അത് ഒടുവില്‍ സംവിധായകനെയും പ്രധാന എഡിറ്ററെയും സഹായിക്കുന്നു. ഗ്രാന്‍ഡ്മാസ്റ്റര്‍, മെമ്മറീസ്, ജവാന്‍ ഓഫ് വെള്ളിമല, എന്ന് നിന്‍റെ മൊയ്തീന്‍ തുടങ്ങിയ സിനിമകളുടെ സ്പോട്ട് എഡിറ്ററായി ഞാന്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. അക്ഷയ്കുമാറിന്‍റെ ഗബ്ബര്‍ ഈസ് ബാക്ക് എന്ന ചിത്രത്തിലും ഞാന്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.