NEWS

മമ്മൂട്ടിയും മമ്മൂട്ടിക്കൊപ്പം സഞ്ചരിക്കുന്നവരും

News

 

 മമ്മൂട്ടിയുടെ സ്റ്റാഫ് അംഗങ്ങളെ ഒരുമിച്ച് കാണാന്‍ കഴിഞ്ഞത് ഒരുപാട് നാളുകള്‍ കൂടിയാണ്. ഏഴുപേരുണ്ട് അവര്‍. മമ്മൂട്ടിയുടെ സെറ്റുകളില്‍ ചെന്നാല്‍ ഇവരെല്ലാം അവരവരുടെ ജോലികളുമായി ബന്ധപ്പെട്ട് തിരക്കുകളിലായിരിക്കും. എന്നാല്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ സംവിധാനം ചെയ്യുന്ന പദയാത്രയുടെ സെറ്റില്‍ വീണുകിട്ടിയ ഒരിടവേളയില്‍ ഇവരെല്ലാം മമ്മൂട്ടിക്കൊപ്പമുണ്ടായിരുന്നു.

പേഴ്സണല്‍ മേക്കപ്പ്മാനും മാനേജരുമായ ജോര്‍ജ്ജ്, മേക്കപ്പ് അസിസ്റ്റന്‍റ് സലാം, കാര്‍ ഡ്രൈവര്‍ ഉണ്ണി, കോസ്റ്റ്യൂം ഡിസൈനര്‍ അഭി, ഫുഡ്ഡിന്‍റെ മേല്‍നോട്ടം വഹിക്കുന്ന ലാലേഷ്, കാരവന്‍ ഡ്രൈവര്‍ രാകേഷ്, ഫോട്ടോഗ്രാഫര്‍ ശരണ്‍ ബ്ലാക്ക് സ്റ്റാര്‍ എന്നിവരായിരുന്നു ആ ഏഴ് പേര്‍.

പ്രശസ്ത മേക്കപ്പ്മാന്‍ എം.ഒ ദേവസ്യയുടെ മകനാണ് ജോര്‍ജ്ജ്. മലയാള സിനിമയില്‍ ഒരു കാലത്ത് മേക്കപ്പ് രംഗത്ത് സജീവമായിരുന്നു എം.ഒ. ദേവസ്യ. ഐ.വി. ശശി- മമ്മൂട്ടിമാരുടെ ഒട്ടുമിക്ക ചിത്രങ്ങളുടെയും മേക്കപ്പ്മാനായി പ്രവര്‍ത്തിച്ചിട്ടുള്ളത് എം.ഒ. ദേവസ്യയായിരുന്നു.

പില്‍ക്കാലത്ത് പിതാവിനോടൊപ്പം തന്നെ ഉണ്ടായിരുന്ന മകന്‍ ജോര്‍ജ്ജിനെ മമ്മൂട്ടി പേഴ്സണല്‍ മേക്കപ്പ്മാനായി നിയമിക്കുകയായിരുന്നു. ജോര്‍ജ്ജ് മമ്മൂട്ടിയുടെ പേഴ്സണല്‍ മേക്കപ്പ്മാനായി വര്‍ക്ക് ചെയ്യുന്ന ആദ്യചിത്രം ഐ.വി. ശശിയുടെ തന്നെ 'നീലഗിരി' ആയിരുന്നു.

മേക്കപ്പ് അസിസ്റ്റന്‍റായ സലാം ആലുവ സ്വദേശിയാണ്. ആദ്യം സീരിയലുകളിലൂടെയായിരുന്നു തുടങ്ങിയത്. പിന്നീട് സിനിമയിലെത്തി. വാല്‍ക്കണ്ണാടിയായിരുന്നു ആദ്യചിത്രം. പി.എന്‍. മണി, പട്ടണം ഷാ, പട്ടണം റഷീദ് എന്നിവര്‍ക്കൊപ്പം മേക്കപ്പ് അസിസ്റ്റന്‍റായി വര്‍ക്ക് ചെയ്തു. തുറുപ്പുഗുലാന്‍ സിനിമയില്‍ വര്‍ക്ക് ചെയ്തുകൊണ്ടിരിക്കുമ്പോഴാണ് ജോര്‍ജ്ജ് ചേട്ടന്‍ വിളിക്കുന്നതെന്ന് സലാം പറഞ്ഞു. ഇരുപത് വര്‍ഷമായി ഇപ്പോള്‍ മമ്മൂക്കയ്ക്കൊപ്പമുണ്ട്. 2006 ഫെബ്രുവരി 12-ാം തീയതി മുതലാണ് ജോര്‍ജ്ജ് ചേട്ടന്‍റെയൊപ്പം പ്രവര്‍ത്തിച്ചുതുടങ്ങിയതെന്ന് സലാം ഓര്‍മ്മിക്കുന്നു.

ഒറ്റപ്പാലം സ്വദേശിയായ ഉണ്ണിയാണ് മമ്മൂട്ടിയുടെ കാര്‍ ഡ്രൈവര്‍. കേരളത്തിലായാലും ചെന്നൈയിലായാലും സദാ മമ്മൂട്ടിയുടെ സാരഥിയായി വരുന്നത് ഉണ്ണിയാണ്. 'ബെസ്റ്റ് ആക്ടര്‍' എന്ന സിനിമ മുതലാണ് ഉണ്ണി മമ്മൂക്കയ്ക്കൊപ്പം വരുന്നതെന്ന് ഉണ്ണി പറയുകയുണ്ടായി.

ഒരു നിയോഗം പോലെയായിരുന്നു ഉണ്ണിക്ക് മമ്മൂട്ടിയുടെ ആ സിനിമയുടെ പേര് സമ്മാനിച്ചതെന്ന് പറഞ്ഞാല്‍ അതിശയോക്തിയാവില്ല. മലയാള സിനിമയിലെ 'ബെസ്റ്റ് ആക്ട'റുടെ സാരഥിയാകാന്‍ ആദ്യമായെത്തുന്ന സിനിമയുടെ പേര് 'ബെസ്റ്റ് ആക്ടര്‍.'

നോര്‍ത്ത് പറവൂരിനടുത്താണ് രാകേഷിന്‍റെ വീട്. 'ബിഗ്ബി'യാണ് ആദ്യസിനിമ. പ്രൊഡക്ഷന്‍ കാര്‍ ഓടിച്ചുകൊണ്ടിരുന്ന രാകേഷ് മമ്മൂട്ടിയുടെ 'വെനീസിലെ വ്യാപാരി' എന്ന സിനിമ മുതല്‍ കാരവന്‍റെ ഡ്രൈവറായി. ഈ സിനിമയുടെ ഷൂട്ടിംഗ് തുടങ്ങുമ്പോഴാണ് മമ്മൂട്ടി ആദ്യമായി ഒരു കാരവന്‍ സ്വന്തമായി വാങ്ങിയത്. രാകേഷിന് കാരവന്‍റെ ഡ്രൈവറായി വരുവാന്‍ താല്‍പ്പര്യമുണ്ടോയെന്ന് ചോദിക്കുന്നത് മേക്കപ്പ്മാന്‍ ജോര്‍ജാണ്. 

താല്‍പ്പര്യമാണെന്ന് പറഞ്ഞതോടെ രാകേഷ് മമ്മൂട്ടിയുടെ കാരവന്‍റെ സ്ഥിരം ഡ്രൈവറായി. ഇപ്പോള്‍ പുതിയ ഒരു കാരവനാണ് മമ്മൂക്ക ഉപയോഗിക്കുന്നതെന്ന് രാകേഷ് പറഞ്ഞു.

മമ്മൂട്ടി സിനിമാലൊക്കേഷനിലെത്തിയാല്‍ മമ്മൂക്കയുടെ ഇഷ്ടപ്രകാരം ആവശ്യപ്രകാരം ആഹാരവും ചായയും കാപ്പിയുമൊക്കെ നല്‍കുന്നത് ലാലേഷാണ്. കഴിഞ്ഞ 20 വര്‍ഷമായി ലാലേഷും മമ്മൂക്കയ്ക്കൊപ്പമുണ്ട്. ആദ്യസിനിമ 'തൊമ്മനും മക്കളു'മായിരുന്നു. ആ സെറ്റില്‍ വച്ചാണ് മമ്മൂക്കയെ ഞാനാദ്യം കാണുന്നതെന്ന് ലാലേഷ് പറഞ്ഞു.

അഭി എന്നെല്ലാവരും വിളിക്കുന്ന അഭിജിത്താണ് മമ്മൂട്ടിയുടെ പേഴ്സണല്‍ കോസ്റ്റ്യൂം ഡിസൈനര്‍.

ഫോട്ടോഗ്രാഫര്‍ ശരണ്‍ ബ്ലാക്ക് സ്റ്റാര്‍ മമ്മൂട്ടിയൂടെ പേഴ്സണല്‍ ഫോട്ടോഗ്രാഫറാണ്. മമ്മൂക്കയുടെ വീട്ടിലെ പ്രൈവറ്റ് ഫംഗ്ഷനും പബ്ലിക് പ്രോഗ്രാമുകളും അഭിനയിക്കുന്ന സിനിമയിലെ സ്റ്റില്ലുകളുമെല്ലാമെടുക്കുന്നത് ശരണാണ്.

മമ്മൂട്ടിയുടെ തന്നെ പേഴ്സണല്‍ കോസ്റ്റ്യൂമറായ അഭിജിത്ത് വഴിയാണ് ശരണ്‍ മമ്മൂക്കയുടെ പേഴ്സണല്‍ ഫോട്ടോഗ്രാഫറായി മാറുന്നത്. മമ്മൂട്ടിയുടെ വലിയ ഒരു ഫാനാണ് ശരണ്‍. മമ്മൂട്ടിയെ കാണാനും അടുത്തെത്താനും കൊതിച്ചുനടന്ന ശരണ്‍ ഒടുവില്‍ മമ്മൂട്ടിയുടെ അടുത്തെത്തുകതന്നെ ചെയ്തു. അതൊരു ഭാഗ്യമായും ദൈവത്തിന്‍റെ അനുഗ്രഹമായും ശരണ്‍ വിശ്വസിക്കുന്നു. 

'ഷൈലോക്ക്' എന്ന സിനിമയില്‍ അസിസ്റ്റന്‍റ് ഫോട്ടോഗ്രാഫറായിട്ടാണ് തുടക്കം. ആ സിനിമ ഒരുപാട് പരിചയക്കാരെയും നല്ല ബന്ധങ്ങളെയും സമ്മാനിച്ചു. കണ്ണൂര്‍ സ്ക്വാഡ് സിനിമയുടെ ഷൂട്ടിംഗ് നടക്കുമ്പോള്‍ അഭിജിത്ത് ശരണിനെ വിളിപ്പിച്ചു. മമ്മൂക്കയുമായി നടന്ന ഒരു ഇന്‍റര്‍വ്യൂവിലൂടെ ഞാന്‍ അദ്ദേഹത്തിന്‍റെ സ്റ്റാഫ് ഫോട്ടോഗ്രാഫറായി മാറുകയായിരുന്നു. ഇപ്പോള്‍ 'ഷൈലോക്ക്' ഉള്‍പ്പെടെ 'പദയാത്ര'വരെ മമ്മൂക്കയുടെ എട്ട് സിനിമകള്‍ വര്‍ക്ക് ചെയ്യാന്‍ സാധിച്ചുവെന്ന് ശരണ്‍ പറഞ്ഞു.

ഫോട്ടോ: ചിത്രാകൃഷ്ണന്‍കുട്ടി


LATEST VIDEOS

Interviews