NEWS

സ്വന്തമായി പടം നിര്‍മ്മിച്ച പല താരങ്ങളും ഇന്ന് നിര്‍മ്മാതാക്കളുടെ പെയിന്‍ മനസ്സിലാക്കുന്നുണ്ട്... - സാന്ദ്രാതോമസ്

News

താരങ്ങളുടെ പ്രതിഫലം തീരുമാനിക്കേണ്ടത് അവര്‍ തന്നെയാണ്. പക്ഷേ അവര്‍ക്ക് ചെയ്യാവുന്ന മറ്റുചില കാര്യങ്ങള്‍ കൂടിയുണ്ട്. അത്തരം വിഷയങ്ങള്‍ അഡ്രസ് ചെയ്യപ്പെട്ടാല്‍ മാത്രമേ നിലവിലെ പ്രതിസന്ധിക്ക് പരിഹാരമാവുകയുള്ളൂ. നിര്‍മ്മാതാക്കളെ ഒറ്റുന്ന ചില നിര്‍മ്മാതാക്കള്‍ ചില താക്കോല്‍ സ്ഥാനങ്ങളില്‍ ഇരിപ്പുണ്ട്. ഇവിടെ ഗുണപരമായ മാറ്റങ്ങള്‍ പലതും സംഭവിക്കുന്നുണ്ട്. നല്ല നാളുകള്‍ വരും, നല്ല സിനിമകള്‍ സൃഷ്ടിക്കപ്പെടും. പക്ഷേ അതിനായി നാം ചില കാര്യങ്ങള്‍ കണ്ണുതുറന്നുതന്നെ കാണണം. അല്ലാതെ കണ്ണടച്ച് ഇരുട്ടാക്കുകയല്ല വേണ്ടത്- നടിയും നിര്‍മ്മാതാവുമായ സാന്ദ്രാതോമസ് തന്‍റെ നിലപാട് വ്യക്തമാക്കുന്നു. മലയാള സിനിമാമേഖല നിലവില്‍ നേരിടുന്ന പ്രതിസന്ധികളെക്കുറിച്ചും ആനുകാലിക സിനിമാ സംഭവവികാസങ്ങളെക്കുറിച്ചും 'നാന'യോട് സംസാരിക്കുകയായിരുന്നു അവര്‍

 

ഇന്ന് താരങ്ങള്‍ പലരും സ്വന്തമായി പടം നിര്‍മ്മിക്കുന്നുണ്ട്?

സ്വന്തമായി പടം നിര്‍മ്മിച്ച പല താരങ്ങളും ഇന്ന് നിര്‍മ്മാതാക്കളുടെ പെയിന്‍ മനസ്സിലാക്കുന്നുണ്ട്. അതും ഒരു മാറ്റമായി കാണാം.

ഇവിടെ എന്താണ് പരിഹാരം?

ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നതെല്ലാം പരിഹാരത്തിലേക്കുള്ള ചവിട്ടുപടിയായി കാണാം. സര്‍ക്കാര്‍ തലത്തിലുള്ള ഇടപെടലുകള്‍ പലയിടങ്ങളിലും വരുന്നുണ്ട്. സര്‍ക്കാരിന് നികുതി ഇനത്തില്‍ ധാരാളം പണം ഇവിടെ നിന്നും ലഭിക്കുന്നുണ്ട്. അപ്പോള്‍ അവരും വിഷയത്തില്‍ ഇടപെടട്ടെ. പോളിസികളും റെഗുലേഷന്‍സുമൊക്കെ വരട്ടെ. രജിസ്ട്രേഷന്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങളിലൊക്കെ സര്‍ക്കാര്‍ ഇടപെടല്‍ ഉണ്ടാകുന്നത് നല്ലതാണ്. എന്‍ഡ് ഓഫ് ദി ഡേ നല്ലത് സംഭവിക്കുമെന്ന് പ്രത്യാശിക്കാം.

സിനിമയിലെ പ്രശ്നങ്ങള്‍ സിനിമാക്കാരെക്കൊണ്ട് തന്നെ പരിഹരിക്കാന്‍ പറ്റില്ല എന്നാണോ?

ചിലപ്പോഴെങ്കിലും അങ്ങനെയാണെന്ന് സമ്മതിക്കേണ്ടി വരും. കാരണം ഇവിടെ ഒരു നിര്‍മ്മാതാവിന് പ്രശ്നമുണ്ടായാല്‍ അയാള്‍ അസോസിയേഷനില്‍ പരാതി നല്‍കും. അന്നേരം ഒരു പരാതി എഴുതി നല്‍കാന്‍ അസോസിയേഷന്‍ നേതാവ് ആവശ്യപ്പെടും. ചില അസോസിയേഷന്‍ നേതാക്കള്‍ ഈ പരാതി അവര്‍ക്കുള്ള അവസരമായി കാണും. തുടര്‍ന്നവര്‍ കുളംകലക്കി മീന്‍പിടിക്കാന്‍ ശ്രമിക്കും. താരങ്ങള്‍ക്കെതിരായ പരാതി ലഭിച്ചാല്‍ പ്രസ്തുത പരാതി ഒതുക്കിത്തീര്‍ക്കുകയോ മുക്കുകയോ ചെയ്യുന്നതിലൂടെ തന്‍റെ അടുത്ത പടത്തിന് ഒരു ഡേറ്റ് വാങ്ങിയെടുക്കാനാകും ചില നേതാക്കന്മാരുടെ ശ്രമം. അങ്ങനെവരുമ്പോള്‍ പ്രശ്നങ്ങള്‍ പ്രശ്നങ്ങളായി തന്നെ ശേഷിക്കും. പരാതി കൊടുത്തയാള്‍ എല്ലാവരുടേയും മുന്നേ ഒരു പരിഹാസ്യകഥാപാത്രമായി സ്ഥിരം പ്രശ്നക്കാരനെന്ന ലേബലും പേറി നില്‍ക്കേണ്ടിവരും. ഇവിടെ ഒരു തേര്‍ഡ് പാര്‍ട്ടി ഉണ്ടെങ്കില്‍ കുറേയധികം പ്രശ്നങ്ങല്‍ പരിഹരിക്കപ്പെടുമെന്നാണ് ഞാന്‍ കരുതുന്നത്.

പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍റെ തലപ്പത്ത് ഇരിക്കുന്നവര്‍ പ്രൊഡ്യൂസര്‍മാരെ ഒറ്റുന്നു എന്നാണോ താങ്കള്‍ പറയുന്നത്?

100 ശതമാനം തറപ്പിച്ച് പറയുന്നു. ഇന്നല്ലെങ്കില്‍ നാളെ ഇത് താരങ്ങള്‍ തന്നെ തുറന്നുപറയും എന്നാണ് എന്‍റെ വിശ്വാസം. പലരും പിന്‍വാതില്‍ ഡീലുകളിലൂടെയാണ് സിനിമ ചെയ്യുന്നത്.

ചുരുക്കത്തില്‍ താരങ്ങളെ വഷളാക്കിയത് നിര്‍മ്മാതാക്കള്‍ തന്നെയാണ് എന്നുപറഞ്ഞാല്‍?

താരങ്ങളില്‍ ചിലരെയെങ്കിലും വഷളാക്കിയത് നിര്‍മ്മാതാക്കള്‍ തന്നെയാണ്. ഇപ്പോള്‍ ഇന്‍ഡസ്ട്രിയില്‍ നിറഞ്ഞുനില്‍ക്കുന്ന ആന്‍റോ ജോസഫിനേയും ലിസ്റ്റിന്‍ സ്റ്റീഫനേയും പോലുള്ള ആള്‍ക്കാരുടെ പ്രവൃത്തികള്‍ ഇവിടം ഉദാഹരിക്കാന്‍ സാധിക്കും. ഇവരില്‍ പലരും താരങ്ങളെ ഓവറായിട്ട് പാമ്പര്‍ ചെയ്യുന്നു. ഒരു താരത്തിന്‍റെ ഡേറ്റ് ലഭിക്കാന്‍ ബുദ്ധിമുട്ടായാല്‍ അവര്‍ ഇരട്ടിയും അതിലധികവും പ്രതിഫലം ഓഫര്‍ ചെയ്യും. അതിലൂടെ നിര്‍മ്മാണച്ചെലവ് ഇരട്ടിയിലധികമാവും. അങ്ങനെവരുമ്പോള്‍ അവര്‍ മറ്റ് നിര്‍മ്മാതാക്കളോടും കൂടി തുക ആവശ്യപ്പെടും. ഇത് കേട്ടിട്ട് അവര്‍ തലകുനിച്ച് ഇരുന്നിട്ടുണ്ട്. എന്തുചെയ്യാന്‍, നമ്മുടെ കടം തീര്‍ക്കേണ്ട എന്ന് ചോദിച്ചവരും ഉണ്ട്.


LATEST VIDEOS

Interviews