തമിഴിൽ 'ചിത്തിരം പേശുതടി', 'അജ്ഞാതെ', 'മുഖമൂടി', 'പിസാസ്സു', 'സൈക്കോ' തുടങ്ങി നിരവധി വ്യത്യസ്ത ചിത്രങ്ങൾ നൽകിയ സംവിധായകനാണ് മിഷ്കിൻ. ഇദ്ദേഹത്തിന്റെ സംവിധാനത്തിൽ അടുത്ത് പുറത്തുവയ്ക്കാനിരിക്കുന്ന ചിത്രം 'പിസാസ്സു-2' ആണ്. ഇപ്പോൾ തിരക്കുള്ള നടനായും പ്രവർത്തിച്ചുവരുന്ന മിഷ്കിൻ അടുത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ വിജയ് സേതുപതിയാണ് നായകനായി അഭിനയിക്കുന്നത്. ഷാരൂഖാൻ നായകനായ 'ജവാന്റെ' വിജയത്തിന് ശേഷം വിജയ് സേതുപതി നായകനായ 'മേരി ക്രിസ്മസ്' എന്ന ഹിന്ദി ചിത്രം തമിഴിലും പൊങ്കലിന് തിയേറ്ററുകളിലെത്താനിരിക്കുകയാണ്. ഇപ്പോൾ 'വിടുതലൈ'യുടെ രണ്ടാം ഭാഗം, 'മഹാരാജ' തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചുകൊണ്ടിരിക്കുന്ന വിജയ്സേതുപതി, മിഷ്കിൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അടുത്തുതന്നെ ജോയിൻ ചെയ്യുമെന്നാണ് റിപ്പോർട്ട്. തമിഴ് സിനിമയിലെ പ്രശസ്ത നിർമ്മാതാവായ 'കലൈപ്പുലി' എസ്.താണുവാണ് ഈ ചിത്രം നിർമ്മിക്കുന്നത്. ഈ ചിത്രത്തിന്റെ പൂജ ഈ മാസം അവസാനം നടക്കും. വിജയ് സേതുപതിയുടെ 51-ാമത്തെ ചിത്രം കൂടിയാണ് ഇത്. ഈ ചിത്രത്തിന്റെ കഥ ഓടുന്ന ഒരു ട്രെയിനിൽ നടക്കുന്ന ഒരു ത്രില്ലർ സംഭവത്തെ ചുറ്റിപ്പറ്റിയാണ് എന്നാണു പറയപ്പെടുന്നത്. അതിനാൽ ഈ ചിത്രത്തിന് 'ട്രെയിൻ' എന്നാണത്രെ മിഷ്കിൻ പേരിട്ടിരിക്കുന്നത്. ഈ ചിത്രത്തിൽ വിജയസേതുപതിക്കൊപ്പം മലയാളികളുടെ സ്വന്തം താരമായ ജയറാമും ഒരുപ്രധാന കഥാപാത്രത്തിൽ അഭിനയിക്കുന്നുണ്ടെന്നുള്ള റിപ്പോർട്ടും ലഭിച്ചിട്ടുണ്ട്. 'പൊന്നിയിൻ സെൽവൻ' എന്ന തമിഴ് ചിത്രത്തിന് ശേഷം ജയറാം അഭിനയിക്കുന്ന മറ്റൊരു ചിത്രം വിജയ്, വെങ്കട് പ്രഭു കൂട്ടുകെട്ടിൽ ഒരുങ്ങിവരുന്ന വിജയ്-യുടെ 68-മത്തെ ചിത്രമാണ്. മിഷിക്കിൻ, വിജയ് സേതുപതി കൂട്ടുകെട്ടിൽ ഒരുങ്ങുന്ന 'ട്രെയിനി'ൽ ജയറാം അവതരിപ്പിക്കുന്നത് ഒരു വ്യത്യസ്ത കഥാപാത്രമാണ് എന്നും പറയപ്പെടുന്നുണ്ട്.