NEWS

എന്‍റെ കെട്ടുപ്രായം കഴിഞ്ഞു -ആന്‍ഡ്രിയ

News

ബഹുമുഖപ്രതിഭ എന്ന് വിശേഷിപ്പിക്കാം ആന്‍ഡ്രിയായെ. സംഗീതജ്ഞ, ഗായിക, നര്‍ത്തകി, അഭിനേത്രി എന്നിങ്ങനെ സിനിമയിലും എന്‍റര്‍ടെയ്ന്‍മെന്‍റ് മേഖലയിലും തന്‍റെ കഴിവ് പ്രകടിപ്പിച്ചുകൊണ്ടിരിക്കുന്ന താരമാണിവര്‍. ഇടയ്ക്കിടെ കിംവദന്തികളിലും കഥാപാത്രമാകാറുണ്ട്. വളരെ സെലക്ടീവായി മാത്രം കഥാപാത്രങ്ങള്‍ തെരഞ്ഞെടുത്ത് അഭിനയിക്കുന്ന ആന്‍ഡ്രിയാ തന്‍റെ കാഴ്ചപ്പാടുകളെക്കുറിച്ച് 'നാന'യുമായുള്ള അഭിമുഖത്തിലൂടെ വ്യക്തമാക്കുന്നു.

കഥകളും കഥാപാത്രങ്ങളും തെരഞ്ഞെടുക്കുന്നത് എങ്ങനെയാണ്?

അങ്ങനെ കൃത്യമായിട്ട് ഈ ചോദ്യത്തിന് ഉത്തരം പറയാനാവില്ല. ഇതുപോലുള്ള വേഷങ്ങള്‍ എനിക്ക് വേണം എന്ന് പത്തുപതിനഞ്ച് കൊല്ലം മുമ്പ് ഞാന്‍ പറഞ്ഞിട്ടുണ്ടാവാം. അന്ന് അത്തരത്തിലൊരു അന്തരീക്ഷമുണ്ടായിരുന്നു. എന്നാലിന്ന് ആരാണ് നിര്‍മ്മാതാവ്, ആരാണ് സംവിധായകന്‍? എന്നൊന്നും ഞാന്‍ അന്വേഷിക്കാറില്ല. ഇന്നത്തെ സിനിമാ നിര്‍മ്മാണത്തില്‍ ആദ്യം തന്നെ ടീം വളരെ പ്രധാനമാണ്. മാത്രമല്ല, ഞാന്‍ ചെയ്യാത്ത വിഷയം ആ സിനിമയില്‍ പുതിയതായിട്ടുണ്ടെങ്കില്‍ നന്നായിരിക്കും എന്ന് ഞാന്‍ ചിന്തിക്കും. ഒരേ മാതിരിയാണെങ്കില്‍ എനിക്കും പടം കാണുന്ന കാണികള്‍ക്കും ബോറടിക്കും. അതുകൊണ്ട് പുതുമയുള്ള വ്യത്യസ്തമായി എന്തെങ്കിലും കഥകളോ കഥാപാത്രങ്ങളോ കിട്ടിയാല്‍ കൊള്ളാം എന്ന് കരുതുന്നു.

അഭിനയിച്ച സിനിമകളില്‍ ആന്‍ഡ്രിയയ്ക്ക് ഏറ്റവും ഇഷ്ടപ്പെട്ട കഥാപാത്രം ഏതായിരുന്നു...?

 അന്നയും റസൂലും എന്ന സിനിമയിലെ എന്‍റെ കഥാപാത്രം എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടതാണ്. ആ സിനിമയില്‍ അഭിനയിച്ചതിനെ എന്‍റെ ലൈഫ് ടൈം അച്ചീവ്മെന്‍റായിട്ടാണ് ഞാന്‍ കരുതുന്നത്. 

ആന്‍ഡ്രിയാ ഒരു കൊമേഴ്സ്യല്‍ ആര്‍ട്ടിസ്റ്റ് അല്ലേ?

ആന്‍ഡ്രിയാ: ഈ ചോദ്യത്തിനുള്ള ഉത്തരം ഞാന്‍ തന്നെ പറയണോ...? ഇതുവരെ ഞാന്‍ അഭിനയിച്ച സിനിമകള്‍ ആസ്വദിച്ചുകണ്ട ആരാധകരാണ് ഞാന്‍ എങ്ങനെയുള്ള നടിയാണ് എന്ന് വിലയിരുത്തേണ്ടത്. അതാണ് ശരി.

ആരെന്തുപറഞ്ഞാലും കുഴപ്പമില്ല എന്ന മാനസികാവസ്ഥയിലേക്ക് ആന്‍ഡ്രിയാ എത്തിയതെങ്ങനെ...?

ആന്‍ഡ്രിയാ: മുപ്പതുവയസ്സിനുശേഷമാണ് എനിക്ക് അങ്ങനെയൊരു മാനസികാവസ്ഥയുണ്ടായത്. മുപ്പതുവയസ്സിനുശേഷം ഒന്നിനെക്കുറിച്ചും ചിന്തിക്കേണ്ടതില്ല എന്നത് ഒരു വശത്തിരിക്കട്ടെ, മുപ്പതുവയസ്സില്‍ തന്നെ ഇങ്ങനെയാണെങ്കില്‍ അമ്പതുവയസ്സിനോടടുത്താല്‍ എങ്ങനെയായിരിക്കും എന്നതിനെക്കുറിച്ചാണ് ഞാന്‍ ചിന്തിക്കുന്നത്.. അത്രേയേയുള്ളൂ.

പ്രായത്തെ എങ്ങനെ കാണുന്നു...?

ആന്‍ഡ്രിയാ: പ്രായം നമ്മുടെ ജീവിതത്തിന്‍റെ ഒരു ഭാഗം മാത്രമാണ്. പ്രായം അധികമാവും തോറും ജീവിതത്തില്‍ ധാരാളം പഠിക്കാം. എന്നെ സംബന്ധിച്ചിടത്തോളം ജീവിതം 'എന്‍ജോയ്' ചെയ്ത് ജീവിക്കണം. പ്രായമാവുംതോറും നമ്മുടെ ജീവിതം കുറഞ്ഞുകൊണ്ടേയിരിക്കും. പണം മാത്രം സമ്പാദിച്ചിട്ട് എന്തുചെയ്യാന്‍ പോകുന്നു? സുന്ദരമായ ലോകമുണ്ട്. അഃിനെ ചുറ്റിക്കാണാം. ഇഷ്ടപ്പെട്ട നല്ല ആഹാരം കഴിക്കാം. ഇതൊക്കെ നോക്കണം, സംരക്ഷിക്കണം അത്രയേയുള്ളൂ ജീവിതം.

എന്തുകൊണ്ടാണ് ഇനിയും വിവാഹം കഴിക്കാത്തത്? ആരെങ്കിലും നിങ്ങളെ പ്രൊപ്പോസ് ചെയ്താല്‍ നിങ്ങളുടെ പ്രതികരണം എന്തായിരിക്കും?

ആന്‍ഡ്രിയ: കല്യാണം കഴിക്കേണ്ട പ്രായവും കാലവുമൊക്കെ കഴിഞ്ഞു. ഇപ്പോള്‍ ആരും വിവാഹത്തെക്കുറിച്ച് ചോദിക്കാറുമില്ല. പ്രൊപ്പോസ് ചെയ്യാറുമില്ല.

 


LATEST VIDEOS

Interviews