NEWS

'നാന'യ്ക്ക് എന്‍റെ ബിഗ് സല്യൂട്ട് -എം. ജയചന്ദ്രന്‍

News

പ്രേംനസീര്‍ സാറിന്‍റെ കാലം മുതലിങ്ങോട്ട് നമുക്കറിയാവുന്ന സിനിമാതാരങ്ങളുടെയെല്ലാം ഫോട്ടോയും ഇന്‍റര്‍വ്യൂവും ഒക്കെ കണ്ടുകൊണ്ടിരുന്നത് 'നാന'യിലൂടെയാണ്.

സംഗീതത്തിനോടുള്ള ഇഷ്ടം കൊണ്ടുതന്നെ രവീന്ദ്രന്‍ മാഷിന്‍റെ പാട്ടുകളോടും അദ്ദേഹം ചിട്ടപ്പെടുത്തുന്ന ഈണങ്ങളോടും എനിക്ക് പണ്ടേ ഒരിഷ്ടമുണ്ടായിരുന്നു. ആ പഴയകാലത്തൊക്കെ രവീന്ദ്രന്‍ മാഷെന്ന് പേരുകൊണ്ട് അറിയാം എന്നല്ലാതെ ആ ആളിന്‍റെ മുഖമോ രൂപമോ ഒന്നും എങ്ങനെയിരിക്കുന്നുവെന്നറിയില്ലായിരുന്നു. രവീന്ദ്രന്‍ മാഷ് എങ്ങനെയാണിരിക്കുന്നതെന്നറിയാത്ത കാലത്ത് പെട്ടെന്നാണ് ഒരു ദിവസം 'നാന'യില്‍ അച്ചടിച്ചുവന്ന ഒരു ഫോട്ടോ കണ്ടിട്ട് ആളിനെ മനസ്സിലാക്കിയത്.. ഓ... ഇങ്ങനെയാണ് രവീന്ദ്രന്‍ മാഷിരിക്കുന്നതെന്ന് അപ്പോള്‍ മാത്രമാണറിയുന്നത്.

അതുപോലെ പലരെയും 'നാന'യിലെ ഫോട്ടോ കണ്ടാണ് ഞാന്‍ തിരിച്ചറിഞ്ഞിട്ടുള്ളത്. അന്നൊക്കെ മിക്ക സിനിമകളുടേയും പൂജാച്ചടങ്ങുകളും ഗാനങ്ങളുടെ കമ്പോസിംഗും റിക്കോര്‍ഡിംഗും എല്ലാം മദ്രാസില്‍ നടക്കുമ്പോള്‍ അതിന്‍റെയെല്ലാം ചിത്രങ്ങള്‍ 'നാന'യില്‍ പ്രസിദ്ധീകരിച്ചുകണ്ടിട്ടുണ്ട്. ആ ചിത്രങ്ങളിലൂടെയാണ് ആ ആളുകളെയും സിനിമയെയും പാട്ടിനെക്കുറിച്ചുമൊക്കെ അിറഞ്ഞതും മനസ്സിലാക്കിയിരുന്നതും.
 

'നാന' മലയാള സിനിമയുടെ ഒരഭിഭാജ്യഘടകമായി നിലകൊണ്ടു എന്നുള്ളതാണ് സത്യം. മലയാള സിനിമയില്‍ നിന്നും ഒഴിച്ചുനിര്‍ത്താനാകാത്തവിധം ഏറ്റവും പ്രധാനപ്പെട്ട ഒരു മധ്യമം തന്നെയാണ് 'നാന' സിനിമാവാരിക.
 

ഞാന്‍ ഇന്നും നന്ദിയോടെ ഓര്‍ക്കുന്ന ഒരു കാര്യമുണ്ട്. എനിക്ക് എന്‍റെ ജീവിതത്തില്‍ ആദ്യമായി കിട്ടുന്ന അവാര്‍ഡ് 'നാന' മിനിസ്ക്രീന്‍ അവാര്‍ഡാണ.് 'സതി' എന്ന പേരില്‍ വന്ന ഒരു സീരിയലിന്‍റെ മ്യൂസിക് ചെയ്തതിനാണ് അവാര്‍ഡ് കിട്ടിയത്. അതെനിക്ക് ഒരിക്കലും മറക്കാന്‍ പറ്റാത്തതാണ്. വീട്ടില്‍ എന്‍റെ പേരില്‍ 'നാന'യുടെ 
ഓഫീസില്‍ നിന്നും അയച്ച ഒരു ഇന്‍ലന്‍റ് ലെറ്റര്‍ കിട്ടുമ്പോഴാണ് ഞാന്‍ ഈ അവാര്‍ഡ് വിവരം അറിയുന്നത്.

 

ഇത്തവണത്തെ 'നാന' മിനിസ്ക്രീന്‍ അവാര്‍ഡ് എനിക്കാണെ ന്നും അത് കൊല്ലത്ത് ഓഫീസില്‍ നടക്കുന്ന ചടങ്ങില്‍ താങ്കള്‍ വന്ന് വാങ്ങിക്കൊള്ളണം എന്നായിരുന്നു കത്തിലെ ഉള്ളടക്കം. അന്ന് ഞാന്‍ കൊല്ലത്ത് 'നാന'യുടെ ഓഫീസില്‍ വന്ന് ആ അവാര്‍ഡ് കൈപ്പറ്റിയതുമൊക്കെ ഞാനോര്‍ക്കുന്നു.
 

ഒരു വലിയ സന്തോഷം കൂടി അന്ന് ആ ചടങ്ങില്‍ വച്ച് എനിക്കനുഭവിക്കാന്‍ കഴിഞ്ഞു. ആ അവാര്‍ഡ് ദാനച്ചടങ്ങിലെ മുഖ്യ അതിഥികളില്‍ ഒരാള്‍ രവീന്ദ്രന്‍ മാഷായിരുന്നു.
 

'നാന' മിനിസ്ക്രീന്‍ അവാര്‍ഡില്‍ നിന്നുമാണ് എന്‍റെയൊരു സംഗീതയാത്ര തുടങ്ങിയതെന്ന് വേണം പറയുവാന്‍. അതെ.. നൂറ് ശതമാനവും അങ്ങനെതന്നെ.
 

ഏഷ്യാനെറ്റ് ചാനലില്‍ ആ സമയത്ത് ഞാന്‍ അപ്രന്‍റീസായി വര്‍ക്ക് ചെയ്യുന്നുണ്ടായിരുന്നു. എനിക്ക് ഈ അവാര്‍ഡ് കിട്ടിയപ്പോള്‍ എനിക്കൊരു കോണ്‍ഫിഡന്‍സുണ്ടായി... സംഗീതരംഗത്ത് എനിക്ക് തുടര്‍ന്നുപോകാന്‍ കഴിയുമെന്ന്. കൂടുതലൊന്നും പിന്നെ ആലോലിച്ചില്ല. ഏഷ്യാനെറ്റിലെ അപ്രന്‍റീസ് ജോലി വേണ്ടെന്നു വയ്ക്കുവാന്‍ തീരുമാനിച്ചു.

അങ്ങനെയാണ് ഭാവിയില്‍ ഒരു സംഗീതജ്ഞനാകാനുള്ള എന്‍റെ യാത്ര ആരംഭിക്കുന്നത്.
സിനിമാപ്രവര്‍ത്തകരെയും സിനിമാവായനക്കാരെയും ഒരുപോലെ എന്നപോലെ ഒരുമിപ്പിക്കുന്നതില്‍ 'നാന' സ്തുത്യര്‍ഹമായ സേവനമാണ് കാഴ്ച വച്ചിട്ടുള്ളത്.


അന്‍പത് വര്‍ഷത്തെ സിനിമയുടെ ചരിത്രമെടുത്ത് നോക്കുമ്പോള്‍ 'നാന' എന്ന പ്രസിദ്ധീകരണം മലയാള സിനിമയ്ക്കുവേണ്ടി എത്രമാത്രം പ്രൊമോട്ട് ചെയ്തിട്ടുണ്ടെന്നുള്ള കാര്യം തിരിച്ചറിയാന്‍ കഴിയും. ഏതൊരു സിനിമാക്കാരനും 'നാന'യെ കൈവെള്ളയില്‍ കൊണ്ടുനടക്കുന്ന കാഴ്ചയാണ് കണ്ടിട്ടുള്ളത്. പഴയ തലമുറക്കാരായ ഏതൊരു സിനിമാക്കാരനും അത് നൂറു ശതമാനം ശരിയാണെന്ന് സമ്മതിക്കും. എപ്പോഴും 'നാന'യ്ക്ക് എന്‍റെ ബിഗ് സല്യൂട്ട്...


LATEST VIDEOS

Top News