NEWS

പുതിയതായി വരുന്നവരെ അങ്ങേയറ്റം പ്രൊമോട്ട് ചെയ്യുന്ന പ്രസിദ്ധീകരണമാണ് 'നാന' -മനോജ് കെ. ജയന്‍

News

അന്‍പത് വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കിയിരിക്കുന്ന മലയാളത്തിലെ എക്കാലത്തെയും പ്രിയപ്പെട്ട സിനിമാവാരികയായ 'നാന'യ്ക്ക് എന്‍റെ ഹൃദയം നിറഞ്ഞ ആശംസകള്‍ ആദ്യം തന്നെ അറിയിക്കട്ടെ.

'നാന'യുമായിട്ടുള്ള ബന്ധം ഞാനായി തുടങ്ങിവച്ചതല്ല. എന്‍റെ വീട്ടില്‍ അച്ഛനും കൊച്ചച്ഛനും അടക്കമുള്ളവരില്‍ നിന്നുമാണ് ഞാന്‍ 'നാന'യെ അറിഞ്ഞുതുടങ്ങിയത്.

'നാന'യെക്കുറിച്ച് മാത്രമല്ല, 'നാന'യുടെ സ്ഥാപക പത്രാധിപരായ കൃഷ്ണസ്വാമി റെഢ്യാരെക്കുറിച്ചും വീട്ടില്‍ അച്ഛനും എന്‍റെ കൊച്ചച്ഛനുമൊക്കെ പറയുന്നത് കേട്ടിട്ടുണ്ട്. കൊല്ലത്തുപോയപ്പോള്‍ 'നാന'യുടെ ഓഫീസില്‍ പോയെന്നും കൃഷ്ണസ്വാമി റെഢ്യാരെ കണ്ടുമെന്നുമൊക്കെ പറയുന്നത് ചെറുപ്പക്കാലത്ത് തന്നെ ഞാന്‍ കേട്ടിരുന്നു.

സിനിമയിലേക്ക് വരണമെന്നുള്ള സ്വപ്നമൊക്കെ ഞാന്‍ മനസ്സില്‍ കണ്ടുതുടങ്ങുന്നതിനും മുമ്പുതന്നെ 'നാന'യുടെ ഒരു ഫാനായി ഞാന്‍ മാറിയിരുന്നു.

'നാന'യില്‍ വരുന്ന ചില ചിത്രങ്ങള്‍ ഞാന്‍ വെട്ടിയെടുത്ത് സൂക്ഷിക്കുന്ന ഒരു ശീലം പണ്ടെനിക്കുണ്ടായിരുന്നു. അത് നസീര്‍ സാറിന്‍റെയും ജയന്‍റെയുമൊക്കെ ചിത്രങ്ങളായിരുന്നു. ചാകര, മീന്‍.. തുടങ്ങിയ സിനിമകളിലെ ജയന്‍റെ ഫോട്ടോകള്‍ വെട്ടിയെടുത്ത് സൂക്ഷിച്ചിരുന്നത് ഞാനിപ്പോഴും ഓര്‍ക്കുന്നു. ഒപ്പംതന്നെ ഹിന്ദി സിനിമകളിലെയും തമിഴ് സിനിമകളിലെയും പ്രമുഖരായ നടന്മാരുടെയൊക്കെ ഫോട്ടോകള്‍ 'നാന'യിലൂടെ കണ്ട് അവരുടെയെല്ലാം ഒരു വലിയ ആരാധകനായി ഞാന്‍ മാറിയിരുന്നു.
സിനിമയില്‍ പുതിയവരായി ആരൊക്കെ വരുന്നുവോ, അവരെയെല്ലാം അങ്ങേയറ്റം പ്രൊമോട്ട് ചെയ്യുന്ന ഒരു പ്രസിദ്ധീകരണമാണ് 'നാന'

'നാന'യില്‍ ഫോട്ടോ അച്ചടിച്ചുവരിക എന്നുപറഞ്ഞാല്‍ അക്കാലത്ത് ഏതൊരു ആര്‍ട്ടിസ്റ്റിന്‍റെയും സ്വപ്നവും സന്തോഷവുമായിരുന്നു.

പില്‍ക്കാലത്ത് ഞാന്‍ സിനിമയില്‍ വന്നപ്പോഴും ഒരു പുതിയ നടനെന്ന നിലയില്‍ എന്നെ ഒരുപാട് സഹായിച്ചിട്ടുള്ള പ്രസിദ്ധീകരണമാണ് 'നാന.'

'നാന'യുടെ മുഖച്ചിത്രമായി വരുന്നതും ഒരാര്‍ട്ടിസ്റ്റിനെ സംബന്ധിച്ചിടത്തോളം ചെറിയ കാര്യമല്ലായിരുന്നു. ഒരു ഓസ്ക്കാര്‍ അവാര്‍ഡ് കിട്ടുന്നതിന് തുല്യമായിരുന്നു ആ മുഖച്ചിത്രം. അത്രയും പോപ്പുലാരിറ്റിയും അംഗീകാരവുമുള്ള മാഗസിനായിരുന്നു 'നാന.'
ഞാന്‍ സിനിമയില്‍ വന്നുതുടങ്ങുന്ന സമയത്ത് എന്‍റെ സിനിമകളുടെയെല്ലാം സ്റ്റില്ലുകള്‍ 'നാന'യുടെ ഉള്‍പ്പേജുകളില്‍ അച്ചടിച്ചുവരുമായിരുന്നു.

ഞാന്‍ നായകനായി അഭിനയിച്ചുതുടങ്ങുമ്പോള്‍ എന്‍റെ മനസ്സിലും ഒരാഗ്രഹം തോന്നിയിരുന്നു. മുഖച്ചിത്രമായി എന്‍റെ ഫോട്ടോയും വരണമെന്ന്. പിന്നീട് എന്‍റെ ചിത്രങ്ങളും 'നാന'യുടെ മുഖച്ചിത്രമായി വന്നിട്ടുണ്ട്. അതെല്ലാം വലിയ സന്തോഷം എനിക്ക് സമ്മാനിച്ചിട്ടുണ്ട്. ഇന്ന്, ആ അനുഭവങ്ങളെല്ലാം വലിയ ഓര്‍മ്മകളായി മനസ്സിലുണ്ട്. അതൊരു വലിയ അച്ചീവ്മെന്‍റായിരുന്നു.

ഒരു ഒഫീഷ്യല്‍ ബന്ധമല്ലാതെ കുടുംബപരമായ ഒരു ബന്ധവും സ്നേഹവും അടുപ്പവുമായിരുന്നു എനിക്ക് 'നാന'യുമായിട്ടുള്ളത്. അതെല്ലാം ഞാനായിട്ടല്ല, എന്‍റെ അച്ഛനും കൊച്ഛച്ഛനും കൂടി തുടങ്ങിവച്ചതായിരുന്നു.

എന്‍റെ ഹൃദയത്തിന്‍റെ അടിത്തട്ടില്‍ നിന്നും ഞാനെന്‍റെ ആശംസകളും അഭിനന്ദനങ്ങളും ഈയവസരത്തില്‍ 'നാന'യെ അറിയിക്കുന്നു.


LATEST VIDEOS

Top News