വര്‍ഷങ്ങള്‍ക്ക് മുമ്പ് 'ക്ഷണക്കത്ത്' എന്ന സിനിമയില്‍ നായകനായി അരങ്ങേറ്റം കുറിക്കുമ്പോള്‍ ഈ നടനെ വേറിട്ടുനിര്‍ത്തിയിരുന്നത് കണ്ണുകളായിരുന്നു. നക്ഷത്രത്തിളക്കമുള്ള കണ്ണുകളുള്ള നടന്‍ നിയാസ്.
ഇന്നും നിയാസിനെ തിളക്കമുള്ള കണ്ണുകളുടെ പേരില്‍ അടയാളപ്പെടുത്തുന്നുണ്ട്.
ആഷിക് അബു സംവിധാനം ചെയ്യുന്ന 'റൈഫിള്‍ ക്ലബ്ബാ'ണ് നിയാസിന്‍റെ ഏറ്റവും പുതിയ സിനിമ.
നിയാസിന് ഈ സിനിമയില്‍ ഒരു ജ്യേഷ്ഠസഹോദരന്‍റെ വേഷമാണ്. അനുജനായി അഭിനയിക്കുന്നത് വിനീത്കുമാര്‍. ഇരുവരെയും ചേര്‍ത്തുനിര്‍ത്തിയാല്‍ സഹോദരന്മാര്‍ എന്ന നിലയില്‍ വിനീതിന്‍റെ കണ്ണുകളിലുമുണ്ട്, ആ നക്ഷത്രക്കണ്ണുകളുടെ തിളക്കം.
മുണ്ടക്കയത്തിനടുത്തുള്ള കുപ്പക്കയം എസ്റ്റേറ്റിലെ ബംഗ്ലാവില്‍ ഈ സിനിമയുടെ ഷൂട്ടിംഗ് നടക്കുന്നതിനിടയിലാണ് നിയാസ് 'നാന'യോട് സംസാരിച്ചത്.
സിനിമയില്‍ ഈ റൈഫിള്‍ ക്ലബ്ബ് സ്ഥിതി ചെയ്യുന്നത് സുല്‍ത്താന്‍ ബത്തേരിയിലാണ്. കുറെപ്പേര്‍ ഈ ക്ലബ്ബിലെ അംഗങ്ങളും ഇവിടുത്തെ താമസക്കാരുമാണ്. ഇവിടേക്ക് വന്നുചേരുന്ന മറ്റുചിലരുണ്ട്. അങ്ങനെ കാസര്‍ഗോഡ് നിന്നും വന്നുചേരുന്ന രണ്ട് സഹോദരങ്ങളായിട്ടാണ് നിയാസും വിനീതും അഭിനയിക്കുന്നത്.
ഷാജഹാനും ഷാനവാസും
വിനീതിന്‍റെ കഥാപാത്രം ഒരു മൂവി ആക്ടറുടേതാണ്. നടനായ ഇളയ സഹോദരനെ ഒരു സ്റ്റാര്‍ ലെവലില്‍ നിര്‍ത്താന്‍ വേണ്ടി എപ്പോഴും കൂടെ പ്രോത്സാഹനവുമായി നില്‍ക്കുന്ന ഒരു ജ്യേഷ്ഠന്‍. അനുജന്‍റെ പുതിയ സിനിമയില്‍ തോക്കുകള്‍ കഥ പറയുന്നുണ്ട്. റൈഫിള്‍ ക്ലബ്ബിലെ പരിശീലനം അയാള്‍ക്കാവശ്യമാണ്. ആ പരിശീലനത്തിലൂടെ അറിവ് നേടി നല്ലൊരു ആക്ടറായി മാറ്റിയെടുക്കാന്‍ ജ്യേഷ്ഠസഹോദരനും പുതിയ സിനിമയുടെ പ്രൊഡ്യൂസറും തീരുമാനിക്കുന്നുണ്ട്. അങ്ങനെയാണിവന്‍ ഇവിടെ വന്നുചേരുന്നത്.
ഷാനവാസും ഷാജഹാനും കൂടി ഈ റൈഫിള്‍ ക്ലബ്ബിലെത്തുമ്പോള്‍ ഇവിടെ കുറെ ഇഷ്യൂസ് ഉണ്ടാക്കുന്നുണ്ട്. ആ പ്രശ്നങ്ങളില്‍ ഇവരും ഭാഗഭാക്കാകുകയാണ്. തോക്കും വെടിവയ്പ്പും വെടിയൊച്ചയുമായി കുറെ ദിവസങ്ങള്‍...
അഭിനയിച്ച സിനിമകള്‍?
സരോവരം, ദുബായ്, ഒരേ കടല്‍ ഈ മൂന്ന് സിനിമകളിലും മമ്മുക്കയ്ക്കൊപ്പം അഭിനയിച്ചു. ഇടയ്ക്കൊരു ബ്രേക്കുണ്ടായിരുന്നു. അതിനുശേഷം ബ്ലാക്കില്‍ അഭിനയിച്ചു. ആ സിനിമ എന്‍റെയും റഹ്മാന്‍റെയും ബാബു ആന്‍റണിയുടേയുമൊക്കെ ഒരു തിരിച്ചുവരവായിരുന്നു. മഹാസമുദ്രം, തസ്ക്കരവീരന്‍, പ്രണയം.. അര്‍ജ്ജുനന്‍ സാക്ഷി.. അങ്ങനെ കുറെ സിനിമകള്‍ ചെയ്തു. ശ്രീനിവാസന്‍ ചേട്ടനൊടൊപ്പം 'ആയുര്‍രേഖ'യില്‍ അഭിനയിച്ചിരുന്നു. ഈ സിനിമയിലാണ് ഞാനാദ്യമായി ഒരു പോലീസ് വേഷം ചെയ്യുന്നത്.
സിനിമയുടെ രീതികള്‍ മാറി അല്ലേ?
പിന്നെ.... തീര്‍ച്ചയായും. എത്രത്തോളം മാറിയിരിക്കുന്നു. ഇപ്പോള്‍ പഴയ സിനിമാരീതികളൊന്നും അല്ലല്ലോ. ക്യാമറകള്‍ മാറി, ലൈറ്റുകള്‍ മാറി... അങ്ങനെ പലതും. ആര്‍ട്ടിസ്റ്റുകള്‍ തന്നെ പുതിയവര്‍ പുതിയവര്‍ എത്രയോ വന്നുകൊണ്ടിരിക്കുന്നു. മോണിട്ടറിന്‍റെ വരവുതന്നെ എന്തൊരു മാറ്റമാണ് സിനിമയിലുണ്ടാക്കിയിരിക്കുന്നത്. ഇവിടെ ചിത്രീകരണം നടക്കുന്നതുതന്നെ ഞാന്‍ ശ്രദ്ധിച്ചു. എല്ലാം പെര്‍ഫെക്ട് ഷോട്ടുകളാണ് എടുക്കുന്നത്. കോംപ്രമൈസില്ല. അല്‍പ്പം ലേറ്റായാലും ശരി, അത് കറക്ടായിട്ടെ ഷോട്ട് ഓക്കെ പറയൂ. എല്ലാവര്‍ക്കും സിനിമയുടെ റിസള്‍ട്ട് നല്ലതായിരിക്കണം എന്നൊരു തീരുമാനവും നിശ്ചയവുമൊക്കെയുണ്ട്. നമുക്കതിനുള്ള എല്ലാ ഫ്രീഡവും അവര്‍ തരുന്നുമുണ്ട് - നിയാസ് പറയുകയുണ്ടായി.
അടുത്ത ചോദ്യം തമിഴ് സിനിമയെക്കുറിച്ചായിരുന്നു.
'തമിഴില്‍ ഞാന്‍ മുന്‍പ് അഭിനയിച്ചിട്ടുണ്ട്. ഫാസില്‍ സാറിന്‍റെ 'ഒരുനാള്‍ ഒരു കനവ്' എന്ന സിനിമ ചെയ്തിരുന്നു. പിന്നെ ഒരു സീരീസ് പോലെ ഒരു കഥയും തമിഴില്‍ ചെയ്തു. ഡബിള്‍റോള്‍. ഒരു ക്യാരക്ടര്‍ സയന്‍റിസ്റ്റും ഒരു ക്യാരക്ടര്‍ റോബോട്ടും ആയിരുന്നു. സുജാത എന്ന് തൂലികാനാമത്തില്‍ അറിയപ്പെടുന്ന ആളാണ് സ്ക്രിപ്റ്റ് എഴുതിയിട്ടുള്ളത്. ഇതേ സംഭവംതന്നെ പില്‍ക്കാലത്ത് സുജാത തന്നെ സ്ക്രിപ്റ്റെഴുതി അവതരിപ്പിച്ച സിനിമയായിരുന്നു 'യന്തിരന്‍.' രജനികാന്തും ഐശ്വര്യാറോയിയും അഭിനയിച്ചു. അവരത് കുറെ ഡെവലപ് ചെയ്തു. ഇങ്ങനെ രണ്ട് തമിഴ് ആക്ടിംഗ് അനുഭവങ്ങളാണ് എനിക്കുള്ളത് -നിയാസ് വെളിപ്പെടുത്തി.
ജി. കൃഷ്ണന്‍
ഫോട്ടോ: മോഹന്‍ സുരഭി