ആദത്, വോ ലംഹേ, പെഹലീ നസർ മേം, തേരാ ഹോനെ ലഗാ ഹും തുടങ്ങിയ ഗാനങ്ങളിലൂടെ ഇന്ത്യൻ സംഗീത പ്രേമികളുടെ പ്രിയങ്കരനായ പാക്കിസ്ഥാനി ഗായകനാണ് ആത്തിഫ് അസ്‌ലം. ഇദ്ദേഹം മലയാള സിനിമയിലും അരങ്ങേറ്റം കുറിക്കുകയാണ്. ആ ചിത്രം ഷൈൻ നിഗം നായകനാകുന്ന 'ഹാൽ' ആണ്. ജെ.വി.ജെ.പ്രൊഡക്ഷൻസ് നിർമ്മിക്കുന്ന, പ്രശാന്ത് വിജയകുമാർ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ഹാൽ'. ഈ ചിത്രത്തിന് വേണ്ടി ആത്തിഫ് അസ്‌ലം ആലപിക്കുന്ന ഗാനത്തിന്റെ റെക്കോർഡിങ് പൂർത്തിയായി എന്നാണ് റിപ്പോർട്ട്. ഈ ചിത്രത്തിന് നന്ദുവാണ് സംഗീതം നൽകുന്നത്. 7 വർഷത്തിന് ശേഷമാണ് ആത്തിഫ് ഒരു ഇന്ത്യൻ സിനിമയ്ക്കു വേണ്ടി പാടുന്നത്. പാക്കിസ്ഥാനി കലാകാരന്മാർക്ക് സുപ്രീം കോടതി വിലക്ക് ഏർപ്പെടുത്തിയിരുന്നു. കഴിഞ്ഞ ഒക്ടോബറിലാണ് ഈ വിലക്ക് പിൻവലിച്ചത്. ഇതിനെ തുടർന്നാണ് ആത്തിഫ് അസ്‌ലം മലയാള സിനിമയിലും അരങ്ങേറ്റം കുറിക്കുന്നത്. ബിഗ് ബഡ്ജറ്റിൽ ഒരുങ്ങുന്ന ചത്രമാണ് 'ഹാൽ' എന്നാണു പറയപ്പെടുന്നത്. ഈ ചിത്രം കൂടാതെ തമിഴിലും ഒരു ചിത്രത്തിൽ ഷൈൻ നിഗം അഭിനയിക്കുന്നുണ്ട്. മദ്രാസ്‌കാരൻ എന്നാണു ആ ചിത്രത്തിന്റെ പേര്.