തമിഴ് സിനിമയിൽ കഴിഞ്ഞ കുറച്ച് വർഷങ്ങളായി, മുൻനിര താരങ്ങളുടെ സിനിമകൾ ഇറങ്ങുമ്പോൾ മിഡ്‌നൈറ്റ് ഷോ, അതിരാവിലെയുള്ള സ്പെഷ്യൽ ഷോ എന്നിവ ഉണ്ടായിരുന്നു. എന്നാൽ ഈ വർഷത്തെ പൊങ്കലിന് റിലീസ് ചെയ്ത 'വാരിസു, 'തുണിവ്' എന്നീ ചിത്രങ്ങൾക്ക് അതിരാവിലെയുള്ള പ്രദർശനങ്ങൾക്കു തമിഴ്നാട് സർക്കാർ അനുവാദം നൽകിയിരുന്നില്ല. എങ്കിലും ചില തിയേറ്ററുകളിൽ ചിത്രങ്ങളുട സ്പെഷ്യൽ ഷോകൾ നടക്കുകയും, അത് വിവാദമാകുകയും ചെയ്തു. അതിന് ശേഷം പുറത്തിറങ്ങിയ മുൻനിര താരങ്ങളുടെ സിനിമകൾക്ക് അതിരാവിലെ പ്രദർശനം നടത്താൻ അനുമതി നൽകാതെ തമിഴ്‌നാട് സർക്കാർ കർശന നടപടികൾ എടുത്തിരുന്നു. ഒൻപതു മണി മുതലുള്ള പ്രദർശങ്ങൾക്കു മാത്രമാണ് അനുമതി നൽകിയിരുന്നത്
തമിഴ് സിനിമയിൽ ഇത്തരം അതിരാവിലെ സിനിമാ പ്രദർശനങ്ങൾ തുടങ്ങിയതിൽ രജിനികാന്തിന്റെ ചിത്രങ്ങൾക്കാണ് പ്രാധാന്യം. പലർക്കും അദ്ദേഹത്തിന്റെ സിനിമകൾ റിലീസാകുന്ന ദിവസം ആദ്യത്തെ പ്രദർശനമായി കാണാനാണ് ആഗ്രഹം. അങ്ങിനെയാണ് ഈ അതിരാവിലെ ഷോകൾ തുടങ്ങിയത്. എന്നാൽ ഇതുകൊണ്ട് നിറയെ പ്രശ്നങ്ങളും ഉണ്ടായി ചർച്ചാ വിഷയവുമായിട്ടുണ്ട്. അതുകൊണ്ടാണ് തമിഴ്‌നാട് സർക്കാർ ഇപ്പോൾ അതിരാവിലെയുള്ള പ്രദർശനങ്ങൾക്ക് അനുമതി നൽകാത്തത്.
അതിനാൽ ഓഗസ്റ്റ് 10-ന് പുറത്തിറങ്ങുന്ന രജനികാന്തിന്റെ 'ജയിലർ' രാവിലെ 9 മണിക്ക് മാത്രമേ പ്രദർശനം ആരംഭിക്കുകയുള്ളൂ. തമിഴ്നാട്ടിൽ മാത്രമാണ് ഈ അവസ്ഥ. അതേ സമയം ബെംഗളൂരുവിൽ രാവിലെ 6 മണിക്കും, ഹൈദരാബാദിൽ രാവിലെ എട്ടുമണിക്കും, കേരളത്തിൽ ആറു മാണിക്കും സ്‌പെഷ്യൽ ഷോകൾ നടക്കും എന്നാണു 'ജയിലർ' ചിത്രത്തിന്റെ അണിയറപ്രവർത്തകരും, വിതരണക്കാരും നൽകിയിരിക്കുന്ന റിപ്പോർട്ടുകൾ. ഇത് തമിഴ്നാട്ടിലെ രജനി ആരാധകരെ വലിയ സങ്കടത്തിലാക്കിയിരിക്കുകയാണ്.
ആഗസ്റ്റ് 10ന് തമിഴിൽ മറ്റ് തമിഴ് സിനിമകളൊന്നും റിലീസ് ചെയ്യുന്നില്ല. മത്സരങ്ങൾക്ക് മറ്റു ചിത്രങ്ങൾ ഇല്ലാതെ രജനികാന്തിന്റെ ജയിലർ ഒറ്റക്കാണ് പ്രദർശനത്തിനെത്തുന്നത്. അതിനാൽ രജനികാന്തിന്റെ മുൻകാല ചിത്രങ്ങളുടെ ഓപ്പണിംഗ് കളക്ഷനെയെല്ലാം 'ജയിലർ' തകർത്ത് എറിയുമെന്നാണ് ചിത്രത്തിന്റെ വിതരണക്കാരും, നിർമ്മാതാക്കളും പ്രതീക്ഷിക്കുന്നത്.