രജനികാന്ത് നായകനായി, കെ.എസ്.രവികുമാർ സംവിധാനം ചെയ്ത് സൂപ്പർഹിറ്റായ തമിഴ് ചിത്രമാണ് 'പടയപ്പ'. 1999-ൽ പുറത്തിറങ്ങിയ ഈ ചിത്രം പുതിയ സാങ്കേതിക വിദ്യകളോടുകൂടി ഡിസംബർ 12-ന് അതായത് രജനിയുടെ 75-ാം ജന്മദിനത്തോടനുബന്ധിച്ച് വീണ്ടും റിലീസാകാനിരിക്കുകയാണ്. ഇതിനോടനുബന്ധിച്ച് രജനികാന്ത് ചെന്നൈയിലുള്ള ഒരു മീഡിയക്ക് അഭിമുഖം നൽകുകയുണ്ടായി
അപ്പോൾ രജനികാന്ത്, 'പടയപ്പ' എന്ന സിനിമയുടെ 25-ാം വാർഷികത്തിൽ അത് വീണ്ടും റിലീസാകാനിരിക്കുകയാണ്. എന്റെ സുഹൃത്തുക്കളോടൊപ്പം ഞാൻ തന്നെയാണ് ഈ ചിത്രം നിർമ്മിച്ചത്.
അതിനാൽ ഇന്നുവരെ, ഈ ചിത്രത്തിന്റെ ഒ.ടി.ടി., സാറ്റലൈറ്റ് അവകാശങ്ങൾ ആർക്കും നൽകിയിട്ടില്ല. കാരണം, ഈ ചിത്രം ആരാധകർ തിയേറ്ററുകളിൽ തന്നെ കാണുകയും, ആഘോഷിക്കുകയും ചെയ്യേണ്ട ഒരു ചിത്രമാണ്. അതുകൊണ്ടാണ് 'പടയപ്പ'യുടെ 25-ാം വാർഷികം പൂർത്തിയാവുന്ന എന്റെ ജന്മദിനത്തിൽ ഞങ്ങൾ ഈ ചിത്രം വീണ്ടും റിലീസ് ചെയ്യാൻ തീരുമാനിച്ചത്. 'പടയപ്പ'യിൽ രമ്യ കൃഷ്ണൻ അവതരിപ്പിച്ച നീലാംബരി എന്ന കഥാപാത്രം 'പൊന്നിയിൻ സെൽവൻ' കഥയിലെ നന്ദിനി എന്ന കഥാപാത്രത്തെ അടിസ്ഥാനമാക്കിയുള്ളതാണ്.
നീലാംബരി എന്ന കഥാപാത്രത്തിനായി ആദ്യം ഞങ്ങൾ ഐശ്വര്യ റായിയെയാണ് സമീപിച്ചത്. എന്നാൽ അവർക്ക് ഈ കഥാപാത്രം ചെയ്യാൻ താൽപ്പര്യമില്ലായിരുന്നു. അതിനുശേഷം മാത്രമാണ് രമ്യ കൃഷ്ണൻ ഈ സിനിമയിലേക്ക് വന്നത്. പടയപ്പയോട് തന്റെ പരാജയം അവസാനം വരെ സമ്മതിക്കാതെ നീലാംബരി എന്ന കഥാപാത്രം സ്വയം ജീവനൊടുക്കുന്നു. അതേ സമയം, ഈ ജന്മത്തിൽ നീ ജയിച്ചാൽ അടുത്ത ജന്മത്തിൽ ഞാൻ തീർച്ചയായും വിജയിക്കുമെന്ന് അവൾ പ്രതിജ്ഞയെടുക്കുന്ന ഒരു രംഗവുമുണ്ടായിരുന്നു. അതിനാൽ ഇതിന്റെ അടിസ്ഥാനത്തിൽ 'പടയപ്പ'യുടെ രണ്ടാം ഭാഗം എടുക്കുവാനുള്ള ഒരുക്കങ്ങൾ നടന്ന് വരികയാണ്.
രണ്ടാം ഭാഗത്തിനായുള്ള കഥയുടെ ചർച്ചകൾ പുരോഗമിക്കുകയാണ്. എല്ലാം ശരിയായി വന്നാൽ 'പടയപ്പ-2, നീലാംബരി' എന്ന പേരിൽ ഒരു തുടർച്ച ഉണ്ടാകും'' എന്നാണ് രജനികാന്ത് പറഞ്ഞിരിക്കുന്നത്. അതിനാൽ രണ്ടാം ഭാഗ ചിത്രങ്ങളുടെ ലിസ്റ്റിൽ 'പടയപ്പ'യും സ്ഥാനം പിടിക്കും എന്ന് പ്രതീക്ഷിക്കാം!