NEWS

റീജിനൽ ഫിലിം ഫെസ്റ്റിവൽ: ഡെലിഗേറ്റ് രജിസ്ട്രേഷന് തുടക്കമായി

News


കോഴിക്കോട് : ചലച്ചിത്ര അക്കാദമിയുടെ ആഭിമുഖ്യത്തിൽ ഓഗസ്റ്റ് 8 മുതൽ 11 വരെ കോഴിക്കോട് നടക്കുന്ന മേഖലാ രാജ്യാന്തര ഫിലിം ഫെസ്റ്റിവലിൻ്റെ ഡെലിഗേറ്റ് രജിസ്ട്രേഷന് തുടക്കമായി.  സെൻ്റ് ജോസഫ് ദേവഗിരി കോളേജിൽ  നടന്ന ഡെലിഗേറ്റ് രജിസ്ട്രേഷൻ ഉദ്ഘാടനം ചലച്ചിത്ര അക്കാദമി ജനറൽ കൗൺസിൽ അംഗവും നടനുമായ സന്തോഷ് കീഴാറ്റൂർ നിർവ്വഹിച്ചു.
ആദ്യ ഡലിഗേറ്റ് പാസ് ദേവഗിരി കോളേജ്  വിദ്യാർത്ഥിനി ദിയ ഏറ്റുവാങ്ങി.ഡോ. ബിജു ജോസഫ്
 അധ്യക്ഷത വഹിച്ച ചടങ്ങിൽ  ചലച്ചിത്ര താരം പ്രിയ ശ്രീജിത്ത് സന്നിഹിതയായി.
ഡോ. സുനിൽ ജോസ്, കെ. ജെ. തോമസ്,ചലച്ചിത്ര അക്കാദമി കൗൺസിൽ മെമ്പർ പ്രതീപ് ചൊക്ലി എന്നിവർ സംസാരിച്ചു.
ഫെസ്റ്റിവൽ ആമുഖം കെ. ടി. ശേഖർ അവതരിപ്പിച്ചു.
ചലച്ചിത്ര അക്കാദമി കോഴിക്കോട് കോ ഓർഡിനേറ്റർ നവീന വിജയൻ, ഡെലിഗേറ്റ് കമ്മറ്റി അംഗങ്ങൾ തുടങ്ങിയവർ സംബന്ധിച്ചു.
ഡെലിഗേറ്റ് കമ്മറ്റി കൺവീനർ ഭവേഷ് .പി.കെ.സ്വാഗതവും ദേവഗിരി കോളേജ് ഇംഗ്ലീഷ് വിഭാഗം അദ്ധ്യാപകൻ റോബിൻ സേവ്യർ നന്ദിയും പറഞ്ഞു.
2018 ന് ശേഷം കോഴിക്കോട്ടെത്തുന്ന റീജിയണൽ ഐ.എഫ് എഫ്.കെയിൽ 
ലോക സിനിമയുടെ സമകാലിക പരിച്ഛേദമായ 58 സിനിമകളാണ്  പ്രദർശിപ്പിക്കുന്നത്. 
കൈരളി, ശ്രീ, കോറണേഷൻ എന്നീ തിയേറ്ററുകളിലാണ്  പ്രദർശനം. ദിവസവും 5 പ്രദർശനങ്ങളുണ്ടാവും.
2024 ഡിസംബറിൽ തിരുവനന്തപുരത്തു നടന്ന 28-ാമത് IFFK യിൽ പ്രദർശിപ്പിച്ച ചിത്രങ്ങളിൽ നിന്ന് തിരഞ്ഞെടുത്ത മികച്ച ചിത്രങ്ങളാണ് റീജിനൽ ഫെസ്റ്റിവലിലേക്ക് തിരഞ്ഞെടുത്തിട്ടുള്ളത്. 
ലോക സിനിമാ വിഭാഗത്തിൽ 14, ഇന്ത്യൻ സിനിമാ വിഭാഗത്തിൽ 7, മലയാളം സിനിമാ വിഭാഗത്തിൽ 11, അന്താരാഷ്ട്ര മത്സരവിഭാഗത്തിൽ പ്രദർശിപ്പിച്ച 14 ചിത്രങ്ങൾ എന്നിവ കൂടാതെ കാലിഡോസ്കോപ്പ് വിഭാഗത്തിൽ മലയാളം, ആസ്സാമീസ്  ഭാഷകളിൽ നിന്ന് ഓരോന്നു വീതം, ഫീമെയിൽ ഗെയ്സ് വിഭാഗത്തിൽ 3, ഫെസ്റ്റിവൽ ഫേവറിറ്റ്സ് വിഭാഗത്തിൽ 5 എന്നിങ്ങനെയാണ് സിനിമകളുടെ തിരഞ്ഞെടുപ്പ്. ഇവ കൂടാതെ പ്രശസ്ത അഭിനേത്രി ശബാന ആസ്മിക്ക് ആദരവായി അങ്കുർ എന്ന ചലച്ചിത്രവും പ്രദർശിപ്പിക്കും.
രജിസ്റ്റർ ചെയ്യുന്ന ഡെലിഗേറ്റുകൾക്കാണ് തിയേറ്ററിൽ പ്രവേശനം. 354 രൂപയാണ് ഡെലിഗേറ്റ് ഫീസ് (വിദ്യാർത്ഥികൾക്ക് 177 രൂപ).  https:// registration.iffk.in എന്ന ലിങ്ക് ഉപയോഗിച്ച് ഓൺലൈനായി രജിസ്റ്റർ ചെയ്യാം. കൈരളി തിയേറ്ററിൽ സജ്ജമാക്കിയ ഡെലിഗേറ്റ് സെല്ലിലും രജിസ്റ്റർ ചെയ്യാൻ സൗകര്യമുണ്ട്.


LATEST VIDEOS

Latest