ആര്‍ദ്രയുടെ കലയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനം എങ്ങനെ തുടങ്ങുന്നു...?
സ്കൂള്‍ പഠനകാലത്തില്‍ കലോത്സവങ്ങളിലൊക്കെ പങ്കെടുക്കാറുണ്ടായിരുന്നു. ഡാന്‍സ്, ഗ്രൂപ്പ് ഡാന്‍സ് തുടങ്ങിയവയ്ക്കൊക്കെ പങ്കെടുത്തിട്ടുണ്ട്. പ്ലസ് ടു വരെ ഇതെല്ലാം തുടര്‍ന്നും ചെയ്തിരുന്നു. വിമന്‍സ് കോളേജിലെത്തിയപ്പോഴും ഗ്രൂപ്പ് ഡാന്‍സ് ചേര്‍ന്ന് നൃത്തം അവതരിപ്പിച്ചിട്ടുണ്ട്.
അഭിനയത്തോടുള്ള താല്‍പ്പര്യമുണ്ടായത് എങ്ങനെയായിരുന്നു..?
സിനിമാക്കാഴ്ച എപ്പോഴും ഉണ്ടായിരുന്നു. എയിറ്റീസിലെയും നയന്‍റീലിലെയും സിനിമകള്‍ മിക്കതും ഞാന്‍ ആവര്‍ത്തിച്ചു കണ്ടിട്ടുണ്ട്. ഇവര്‍ എങ്ങനെയിത് ചെയ്യുന്നു എന്നുള്ള ചിന്തകള്‍ ചെറുപ്പം മുതലേ എന്‍റെ മനസ്സില്‍ തോന്നാറുണ്ടായിരുന്നു. ഓരോ സിനിമകളിലും പുതിയതും വ്യത്യസ്തവുമായ കഥാപാത്രങ്ങളായി മാറുമ്പോള്‍ അതെങ്ങനെയെന്ന കാര്യം എന്നെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്. എനിക്ക് ചില ഓപ്പര്‍ച്യൂണിറ്റി വന്നപ്പോള്‍ ചെയ്തു നോക്കാം എന്ന് തോന്നി. ഒന്ന് ട്രൈ ചെയ്തു നോക്കാം എന്ന ചിന്തയില്‍ നിന്നാണ് മോഡലിംഗ് രംഗത്തേക്ക് വരുന്നത്. ചെയ്തു തുടങ്ങിയപ്പോള്‍ എനിക്കിഷ്ടമായി. കുറച്ചൊക്കെ ചെയ്യാന്‍ കഴിയും എന്നൊരു ആത്മവിശ്വാസം എനിക്ക് സ്വയം പകര്‍ന്നു കിട്ടുകയും ചെയ്തിരുന്നു. എന്‍റര്‍ടെയ്ന്‍മെന്‍റ് ഫീല്‍ഡ് പൊതുവേ ഇഷ്ടമായിരുന്നു. കുറച്ച് ടി.വി ആഡ്സ് ഒക്കെ ചെയ്തപ്പോള്‍ ഒഡിഷനിലൊക്കെ ഒന്ന് പങ്കെടുക്കാനുള്ള ധൈര്യം കിട്ടി. അങ്ങനെയാണ് ചില പ്രൊജക്ടുകളുടെ ഒക്കെ ഭാഗമാകാന്‍ കഴിഞ്ഞത.് ഇപ്പോള്‍ എനിക്ക് സിനിമ ഒരു പ്രധാന ലക്ഷ്യം തന്നെയാണ്.
ആദ്യ സിനിമ ഏതായിരുന്നു?
എന്‍റെ ആദ്യത്തെ സിനിമ എന്നല്ല, ആദ്യ ഷോട്ട് എന്നുപറയുന്നത് ഷൈന്‍ ടോം ചാക്കോ, കനി കുസൃതി എന്നിവര്‍ക്കൊപ്പം ഒരു ഗാനരംഗത്തിലായിരുന്നു. അതുകഴിഞ്ഞ് 'ക്രിസ്റ്റഫര്‍' എന്ന സിനിമയില്‍ അഭിനയിച്ചു. ഓഡിഷന്‍ വഴിയാണ് ആ സിനിമയിലെത്തിയത്. ശേഷം മൈക്കില്‍ ഫാത്തിമ ആയിരുന്നു മറ്റൊരു ചിത്രം.
ആര്‍ദ്രയുടെ മനസ്സിനെ സിനിമ സന്തോഷിപ്പിക്കുന്നതെങ്ങനെ?
സിനിമ എന്നു പറയുന്നത് എനിക്കൊരു ചലഞ്ചായിട്ടാണ് ഫീല്‍ ചെയ്യുന്നത്. എന്നും ഓര്‍ത്തിരിക്കുന്ന ചില കഥാപാത്രങ്ങള്‍ മനസ്സിലുണ്ട്. രേവതി, ഉര്‍വശി, ശോഭന തുടങ്ങിയ അഭിനേതാക്കളുടെ വൈവിധ്യമുള്ള വേഷങ്ങള്‍ എത്രയോ ഉണ്ട്. അതുപോലെയുള്ള നല്ല റോളുകള്‍ ചെയ്യാന്‍ എന്നെങ്കിലും സാധ്യമാകട്ടെ എന്ന് ഞാന്‍ ആഗ്രഹിക്കുന്നുണ്ട്. സിനിമ എപ്പോഴും എന്നെ എക്സൈറ്റ് ചെയ്യിപ്പിക്കുന്ന ഒരു മാധ്യമമാണ്. നല്ല സിനിമകള്‍, നല്ല കഥകള്‍, നല്ല പെര്‍ഫോമന്‍സ്, നല്ല ക്യാരക്ടേഴ്സ് എല്ലാം മനസ്സിനെ സ്വാധീനിക്കാറുണ്ട്.
ആര്‍ദ്ര സിനിമ ചെയ്യുന്നതിനൊപ്പം ഉദ്യോഗിക രംഗത്തും ഉണ്ടെന്നറിഞ്ഞു അതെവിടെയാണ്..?
ഞാനൊരു ക്ലിനിക്കല്‍ സൈക്കോളജിസ്റ്റാണ്. തിരുവനന്തപുരത്തും പോണ്ടിച്ചേരിയിലും ജയ്പൂരിലും പഠിച്ച് എം.ഫില്‍ എടുത്തു. അതിനുശേഷം ഞാനിപ്പോള്‍ കൊച്ചിയില്‍ പ്രാക്ടീസ് ചെയ്യുന്നുണ്ട്. ഒപ്പം സിനിമയുടെ ഭാഗമാകാനുള്ള ശ്രമങ്ങളും നടക്കുന്നു