ആനന്ദപുരം ഡയറീസ് എന്ന പുതിയ സിനിമയെപ്പറ്റി...?
ഒരു പ്രായം കഴിഞ്ഞാല്‍ പിന്നെ പെണ്ണുങ്ങള്‍ക്ക് വീട്ടില്‍ ഇരിക്കാനേകഴിയൂ എന്ന രീതിയിലുള്ള ചിന്തകളെ ഉടയ്ക്കുന്ന ഒരു സിനിമയാണ് 'ആനന്ദപുരം ഡയറീസ്.' സിനിമയില്‍ ഞാന്‍ ഒരേ സമയം ഒരു ലോയര്‍ ആയിട്ടും ലോ സ്റ്റുഡന്‍റ് ആയിട്ടും വേഷമിടുന്നുണ്ട്. പ്രചോദനം നല്‍കുന്ന ഒരു സിനിമയാണ്.
ഈ കഥാപാത്രം തെരഞ്ഞെടുക്കാനുള്ള കാരണം?
എല്ലാ മനുഷ്യര്‍ക്കും എന്നും ജീവിതത്തില്‍ സന്തോഷം മാത്രം ലഭിക്കില്ല. സങ്കടങ്ങളും പ്രതിസന്ധി ഘട്ടങ്ങളും ഉണ്ടാകും. ആ ഘട്ടങ്ങളെ നേരിടാന്‍ പഠിപ്പിക്കുന്നതാണ് ഈ സിനിമ. അതാണ് എന്നെ ആദ്യം ആകര്‍ഷിച്ചത്. പിന്നെ നല്ല ഒരു ടീം ആണ്.
സെറ്റ് എങ്ങനെയായിരുന്നു?
വയനാട്ടിലെ ഒരു കോളേജില്‍ ആയിരുന്നു ഷൂട്ട്. ഒരു കോളേജ് വിദ്യാര്‍ത്ഥിയെപ്പോലെ എന്നും കോളേജില്‍ പോകുക, വൈകുന്നേരം വീട്ടില്‍ വരിക ഇതുതന്നെയായിരുന്നു പണി.
താങ്കളെ സംബന്ധിച്ച് കരിയറും, ജീവിതവും ഒരേസമയം തന്നെയാണ് തുടങ്ങുന്നത്. ജീവിതം തുടങ്ങുന്നത് തന്നെ സിനിമയിലാണ്. ഒരു ബ്രേക്ക് എടുത്ത് എപ്പോഴെങ്കിലും ഇതില്‍ നിന്ന് മാറി നില്‍ക്കണം എന്ന് തോന്നിയിട്ടുണ്ടോ?
ഇല്ല. എനിക്ക് അങ്ങനെ തോന്നിയിട്ടില്ല. കാരണം ഞാന്‍ ചെയ്യുന്ന ഓരോ കഥാപാത്രങ്ങളും വ്യത്യസ്തമായിരുന്നു. ഓരോന്നും ഓരോ വേഷമാണ്. പുതിയ കാര്യങ്ങള്‍ ചെയ്തുകൊണ്ടിരിക്കുക എന്ന ഫീലാണ് ഉണ്ടായിരുന്നത്. പിന്നെ ബ്രേക്ക് എടുക്കണമെന്ന് ചിന്തിക്കാനുള്ള സമയം തന്നെ എനിക്ക് കിട്ടിയിട്ടില്ല. മകള്‍ ഉണ്ടായതിനുശേഷം ആണ് ഒരു ബ്രേക്ക് എടുക്കണമെന്ന് തോന്നിയത്. ആ സമയത്ത് ദൃശ്യം വന്നു. അത് ഗുണകരമായി.
വര്‍ഷങ്ങളോളം ഒരു നടിയെ സിനിമയില്‍ കണ്ടുകൊണ്ടിരിക്കുന്നത് പ്രേക്ഷകര്‍ക്ക് ചിലപ്പോള്‍ മടുപ്പുണ്ടാക്കിയേക്കാം. പക്ഷേ താങ്കളുടെ മുഖം പ്രേക്ഷകര്‍ക്ക് അങ്ങനെ മടുപ്പ് തോന്നുന്നില്ല. പഴയപോലെ തന്നെ എപ്പോഴും ആരാധകരും ഉണ്ട്. അതെന്തായിരിക്കും കാരണമെന്ന് എപ്പോഴെങ്കിലും ആലോചിച്ചിട്ടുണ്ടോ?
ആരാധകര്‍ എപ്പോഴും ഉണ്ടായിട്ടുണ്ട്. പക്ഷേ ചെയ്യുന്ന കഥാപാത്രങ്ങളെല്ലാം വ്യത്യസ്തമായതുകൊണ്ടുതന്നെയായിരിക്കണം ഇങ്ങനെയൊരു അംഗീകാരം കിട്ടുന്നത്. പിന്നെയെല്ലാം ദൈവത്തിന്‍റെ അനുഗ്രഹമാണ്.
കരിയര്‍ഗ്രാഫ് നല്ല രീതിയില്‍ കൊണ്ടുപോകാന്‍ എന്തെല്ലാം കാര്യങ്ങളാണ് ശ്രദ്ധിച്ചിരുന്നത്?
തിരക്കഥയാണ് ഞാന്‍ ആദ്യം ശ്രദ്ധിക്കുക. അത് നല്ലതായിരിക്കണം. അതുപോലെ നല്ല കഥാപാത്രമായിരിക്കണം. പിന്നെ താല്‍പ്പര്യമില്ലാത്ത കളി നിര്‍ബന്ധിക്കപ്പെട്ട് അഭിനയിക്കാന്‍ പോകാറില്ല.