പട്ടാമ്പിയ്ക്കടുത്തുള്ള കാരക്കാട് എ. എം. യു പി സ്‌കൂളിലെ മാത്‌സ് അധ്യാപികയാണ് ശ്രീജ തുളസീധരനെങ്കിലും ജീവിതത്തെക്കുറിച്ചോ സ്വപ്നങ്ങളെക്കുറിച്ചോ ഒന്നും വലിയ കണക്കുകൂട്ടുകളൊന്നും ഇല്ലാതിരിക്കുമ്പോഴാണ് 'ശുക്രൻ' എന്ന സിനിമയുടെ പിന്നണിയിൽ ഒരു പാട്ട് പാടാനുള്ള അവസരം കൈ നീട്ടിക്കൊണ്ട് സംഗീതസംവിധായകൻ സ്റ്റിൽജു അർജുന്റെ വിളി വരുന്നത്.
ആ ഫോൺ കാൾ അക്ഷരാർത്ഥത്തിൽ ശ്രീജ തുളസീധരന്റെ ശുക്രദശാ കാലത്തെ തട്ടിയുണർത്തുന്നതായിരുന്നു എന്ന് വേണം അനുമാനിക്കാൻ.
കണ്ണിൽ കണ്ണാടി ചന്തം
കനവിൽ കൗമാരപ്പന്തം
മഞ്ഞിൻ ലോലെ ഇന്നല്ലെ നിൻ
മഞ്ഞൾ കല്യാണം....
ശുക്രൻ സിനിമയ്ക്ക് വേണ്ടി വയലാർ ശരത് ചന്ദ്ര വർമ്മ എഴുതിയ ഈ ഗാനം ശ്രീജയും ശങ്കർ മഹാദേവനും ചേർന്നാണ് പാടിയത്. ഷോർണൂറിനടുത്തുള്ള കുളപ്പുള്ളിയാണ് ശ്രീജയുടെ സ്വദേശം. നാട്ടിൽ ചില കവർ സോങ് പാടുകയും ക്ഷേത്രങ്ങളിൽ സംഗീത പരിപാടികൾക്ക് വേണ്ടി പാടുകയും ഒക്കെ ചെയ്തിട്ടുണ്ടെന്നല്ലാതെ സിനിമയുടെ പിന്നണിയിൽ പാട്ടുപാടണമെന്ന് ആഗ്രഹിക്കുകയോ അതിനുവേണ്ടി പരിശ്രമിക്കുകയോ ചെയ്തിട്ടുണ്ടായിരുന്നില്ല...
സിനിമയും സിനിമയുടെ റെക്കോർഡിംഗ് സ്റ്റുഡിയോയും ഒക്കെ തന്നിൽ നിന്നും വളരെ വളരെ അകലെയാണെന്നാണ് കരുതിയിട്ടുള്ളത.് സത്യം പറഞ്ഞാൽ സോഷ്യൽ മീഡിയയാണ് ശുക്രനിൽ പാടാൻ വഴിയൊരുക്കിയതെന്ന് ശ്രീജ തുളസീധരൻ പറയുന്നു. സംഗീതസംവിധായകൻ സ്റ്റിൽജു അർജുനെ പരിചയപ്പെട്ടതും പാടിയ പാട്ടുകൾ കേൾപ്പിച്ചതും ഒക്കെ സോഷ്യൽ മീഡിയ വഴിയാണ്.
'ശുക്രന'് ശേഷം എപ്പോഴും എന്ന സിനിമയ്ക്ക് വേണ്ടിയും ഇപ്പോൾ ശ്രീജ ഒരു പാട്ട് പാടി കഴിഞ്ഞു.
ആലാപന രംഗത്തെ തുടക്കത്തെ കുറിച്ച് ചോദിക്കുമ്പോൾ ശ്രീജ പറഞ്ഞു. 'സ്‌കൂൾ പഠനകാലത്ത് ചേലക്കര ലിറ്റിൽ ഫ്‌ലവർ കോൺവെന്റിൽ വെച്ച് അന്നത്തെ മ്യൂസിക് ടീച്ചറായിരുന്ന സരസ്വതി ടീച്ചറാണ് എന്നിലെ പാട്ടുകാരിയെ കണ്ടെത്തിയത്.
സംഗീതത്തിന്റെ ബാലപാഠങ്ങളെല്ലാം സരസ്വതി ടീച്ചറാണ് എന്നെ പഠിപ്പിച്ചത്. മാത്രമല്ല, സ്‌കൂളിലുണ്ടായിരുന്ന നല്ലൊരു പ്രെയർ ഗ്രൂപ്പിൽ ടീച്ചർ എന്നെയും കൂടി ചേർക്കുകയും ചെയ്തു. അന്നുമുതലാണ് സംഗീതത്തെക്കുറിച്ച് കൂടുതലായി പഠിക്കണമെന്നും പാട്ടുപാടണം എന്നുമുള്ള ആഗ്രഹം എന്റെ മനസ്സിലുണ്ടായത്.
വിവാഹശേഷമാണ് സംഗീതരംഗത്ത് ഭർത്താവിന്റെ പിന്തുണയോടെ എനിക്ക് സജീവമാകാൻ കഴിഞ്ഞത്. തിരുവല്ലാമല നിർമ്മല കേശവനുണ്ണി, ബാലഗംഗാധരൻ മാഷ്, ഷീബാ പ്രദീപ് എന്നിവരാണ് സംഗീതത്തിൽ എന്റെ ഗുരുക്കന്മാർ.
യേശുദാസ,് പി.ജയചന്ദ്രൻ, എം. ജി. ശ്രീകുമാർ, മധു ബാലകൃഷ്ണൻ, ഉണ്ണിമേനോൻ, ജാനകിയമ്മ, വാണി ജയറാം, ചിത്ര, സുജാത, വൈക്കം വിജയലക്ഷ്മി... തുടങ്ങിയ ഗായകരെ എല്ലാം അവരുടെ ശബ്ദ മാധുര്യത്തിലൂടെ ഞാനിഷ്ടപ്പെടുന്നു. സംഗീതത്തെ പോലെ അദ്ധ്യാപനവും ഒരുപാട് ഇഷ്ടപ്പെടുന്നതിനാൽ അദ്ധ്യാപനവും സംഗീതരംഗവും ഒരുപോലെ കൊണ്ടുപോകണമെന്നതാണ് ഇപ്പോഴത്തെ എന്റെ ആഗ്രഹം..എന്ന് ശ്രീജ തുളസീധരൻ അഭിപ്രായപ്പെട്ടു...