NEWS

കാലുയര്‍ത്തി ചവിട്ടുക, അതും സാരി ഉടുത്തിട്ട് -സരിത കുക്കു

News

പുരുഷകഥാപാത്രങ്ങള്‍ക്ക് മാത്രം കിട്ടുന്ന ആക്ഷന്‍ രംഗങ്ങള്‍ നമ്മുടെ ഇന്‍ഡസ്ട്രിയില്‍ സ്ത്രീകള്‍ക്ക് അങ്ങനെ കിട്ടാറില്ല. എന്നാല്‍ അതില്‍ നിന്ന് തികച്ചും വ്യത്യസ്തമാണ് മന്ദാകിനി. സിനിമയില്‍ വന്നുപോകുന്ന എല്ലാ കഥാപാത്രങ്ങള്‍ക്കും വ്യക്തമായ ഐഡന്‍റിറ്റി കൊടുക്കുന്നുണ്ട്. ചെറുപ്പത്തിലെ ഭര്‍ത്താവ് മരിച്ച് അദ്ദേഹത്തിന്‍റെ ഡ്രൈവിംഗ് സ്ക്കൂള്‍ ഏറ്റെടുത്ത് രണ്ട് കുട്ടികളെ സിംഗിള്‍ പേരന്‍റ് ആയി നോക്കിവളര്‍ത്തുന്ന അമ്മയാണ് രാജലക്ഷ്മി.

സ്വന്തമായി എല്ലാ തീരുമാനങ്ങള്‍ എടുക്കാനും കാര്യങ്ങള്‍ ചെയ്യാനുമുള്ള പവറുള്ള സ്ത്രീ. അത് എനിക്ക് രാജലക്ഷ്മിയായി മാറുമ്പോള്‍ ഗുണം ചെയ്തുവെന്ന് പറയാം. അത്രയും സ്മാര്‍ട്ട് ആന്‍ഡ് വൈബ്രന്‍റ് ആവുക എന്നതില്‍ പ്രത്യേകം തയ്യാറെടുപ്പുകള്‍ എടുക്കേണ്ടി വന്നില്ല. രാജലക്ഷ്മിയുടെ സംസാരത്തിലും ബോഡി ലാംഗ്വേജിലുമെല്ലാം ആ ധൈര്യം കാണാന്‍ കഴിയുന്നുണ്ട്. സ്ലോ മോഷന്‍ സീനുകളും ക്ലൈമാക്സ് സീനിലെ ആക്ഷനുമെല്ലാം തിയേറ്ററില്‍ കയ്യടി നിറച്ചിരുന്നു.

ക്ലൈമാക്സ് സീനിലെ ആക്ഷന്‍ സാരി ഉടുത്തായിരുന്നു. അതൊരു വെല്ലുവിളി തന്നെയായിരുന്നു. കാല് ഉയര്‍ത്തി ചവിട്ടുക, അതും സാരി ഉടുത്തിട്ട്. സാധാരണ ഡാന്‍സ്, നാടകം ഇതെല്ലാം കൂടെയുള്ളത് കൊണ്ട് ശരീരം ഫ്ളക്സിബിളായിരുന്നു. പക്ഷേ സാരി ഉടുത്തിട്ട് ചാടി കാല് ഉയര്‍ത്തി ചവിട്ടുക എന്നത് ബുദ്ധിമുട്ടായിരുന്നു. പക്ഷേ നല്ല രീതിയില്‍ ചെയ്യാന്‍ സാധിച്ചു. പിന്നെ ഓപ്പോസിറ്റ് നില്‍ക്കുന്ന ഗണപതി ആണെങ്കിലും കൂടെ നില്‍ക്കുന്ന ആര്‍ട്ടിസ്റ്റുമാരുടെ പിന്തുണയിലും ആ സീന്‍ നന്നായി ചെയ്യാന്‍ സഹായിച്ചു.
 

പന്ത്രണ്ട് വര്‍ഷത്തോളമായി മലയാള സിനിമയോടൊപ്പം. നാടകം, അതിന് മുന്‍പ് മുതല്‍ ജീവിതത്തിലുണ്ട്. ഇപ്പോഴും ഉണ്ട്. സമാന്തര സിനിമകള്‍ ചെയ്യാനാണ് കൂടുതല്‍ ഇഷ്ടം. കൊമേഴ്സ്യല്‍ സിനിമയ്ക്ക് സമാന്തര സിനിമകളില്‍ നിന്ന് മാറി നില്‍ക്കുന്ന കള്‍ച്ചറാണ്. വെയില്‍ മരങ്ങള്‍, പാപ്പിലിയോ ബുദ്ധ തുടങ്ങിയ ശ്രദ്ധേയ സമാന്തര സിനിമകളില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു. ഇയ്യോബിന്‍റെ പുസ്തകത്തിലെ ചീരു ശ്രദ്ധിക്കപ്പെട്ട കഥാപാത്രമായിരുന്നു. ആഭാസം, റാണി പത്മിനി തുടങ്ങി കുറച്ചധികം കൊമേഴ്സ്യല്‍ സിനിമകളുടേയും ഭാഗമായി.

ഈ കാലയളവിലൊന്നും എന്നെ മറ്റുള്ളവര്‍ തിരിച്ചറിയുന്നില്ല എന്നതൊന്നും എന്നെ ബാധിച്ചിട്ടില്ല. ഞാന്‍ കലയില്‍ വിശ്വസിക്കുന്ന ഇഷ്ടപ്പെടുന്ന ഒരാളാണ്. എന്നിലെ കലാകാരിയെയും വ്യക്തിയെയും നവീകരിക്കുക എന്നത് തന്നെയായിരുന്നു എന്‍റെ വിഷയം. പക്ഷേ അക്കൗണ്ടില്‍ സീറോ ബാലന്‍സായി നില്‍ക്കുമ്പോള്‍ എനിക്ക് മുന്നില്‍ വരുന്ന ചില കൊമേഴ്സ്യല്‍ സിനിമകളോട് 'നോ' പറയുക എന്നത് എന്നെ സംബന്ധിച്ച് വലിയ വെല്ലുവിളികളായിരുന്നെങ്കിലും അതിനോട് 'നോ' പറയാന്‍ സാധിച്ചിട്ടുണ്ട് എന്നത് വലിയ കാര്യമാണ്. ഫിനാന്‍ഷ്യല്‍ സ്ട്രഗിള്‍ മറികടന്ന് മുന്നോട്ട് വരാന്‍ സാധിച്ചു.
 


LATEST VIDEOS

Interviews