ഓരോ പുതിയ ചിത്രങ്ങളും അവസരങ്ങളോടൊപ്പം പാഠശാലയുമായിട്ടാണ് പ്രശാന്ത് കാണുന്നത്. കൂടുതൽ മികവിലേക്കെത്താൻ അത് സഹായിക്കുന്നു. എന്തായാലും ഈവർഷം പ്രശാന്തിനെ സംബന്ധിച്ചിടത്തോളം ഏറെ പ്രതീക്ഷകൾ നൽകുന്നതാണ്.
ഏറെ നാളത്തെ കാത്തിരിപ്പിനുശേഷം ഒരുപിടി മികച്ച ചിത്രങ്ങളുമായി മലയാളസിനിമയിൽ സജീവമാകുകയാണ് പ്രശാന്ത് അലക്‌സാണ്ടർ.തിരുവല്ല മല്ലപ്പള്ളി സ്വദേശിയായ പ്രശാന്തിന് പഠനകാലത്തുതന്നെ കലാരംഗത്തെത്തണമെന്ന് അദമ്യമായ ആഗ്രഹമുണ്ടായിരുന്നു. എങ്കിലും അന്ന് സിനിമയിൽ അവസരങ്ങൾ ചോദിച്ച് അലയാൻ ശ്രമിച്ചില്ല. ആദ്യചിത്രമായ നമ്മൾ എന്ന സിനിമയിലെ വേഷം പോലും യാദൃച്ഛികമായി വന്നുചേർന്നതാണ്.
അക്കാലത്ത് പ്രശാന്ത് ഏഷ്യാനെറ്റിൽ വാൽക്കണ്ണാടി എന്നൊരു പ്രോഗ്രാം ചെയ്യുന്നുണ്ട്. അതിന്റെ ആവശ്യത്തിലേക്കായി ഒരിക്കൽ പ്രശസ്ത സംവിധായകൻ കമലിന്റെ സൈറ്റിൽ ചെല്ലാൻ ഇടയായി. അന്ന് ഗ്രാമഫോൺ എന്ന സിനിമയുടെ സെറ്റിലാണ് എത്തിയത്. ഈ സിനിമയുടെ ചീഫ് അസ്സോസിയേറ്റ് ഡയറക്ടറായ സലിം പടിയത്ത് കമലിന് പരിചയപ്പെടുത്തിക്കൊടുത്തു. അത് നല്ല തുടക്കമായി. സലിം പടിയത്ത്, മാലിനി മേനോൻ എന്നിവരാണ് തന്നെ വെള്ളിത്തിരയിലെത്താൻ സഹായിച്ചതെന്ന് പ്രശാന്ത് പറയുന്നു. കമൽ സംവിധാനം ചെയ്ത നമ്മളാണ് ആദ്യചിത്രം. പിന്നീട് ചെറുതും വലുതുമായ ഒരുപിടി വേഷങ്ങൾ ലഭിച്ചെങ്കിലും ശ്രദ്ധേയമായ ഒരു കഥാപാത്രം ലഭിക്കാൻ വീണ്ടും കാത്തിരിക്കേണ്ടി വന്നു. അച്ഛനുറങ്ങാത്ത വീട്, ഓർഡിനറി എന്നീ സിനിമകളിലൊക്കെ വളരെ മികച്ച വേഷങ്ങളാണ് ലഭിച്ചത്. പക്ഷേ ആക്ഷൻ ഹീറോ ബിജുവിലെ ജോസ് പൊറ്റക്കുഴി എന്ന കഥാപാത്രമായി പ്രശാന്ത് നടത്തിയ പകർന്നാട്ടം ശ്രദ്ധേയമായി.
പാപ്പച്ചൻ ഒളിവിലാണ്, പ്രഹരം എന്നിവയാണ് പ്രശാന്ത് ശ്രദ്ധേയമായ വേഷങ്ങൾ ചെയ്ത് ഉടൻ റിലീസ് ചെയ്യാനിരിക്കുന്ന ചിത്രങ്ങൾ. ഏതാനും ചിത്രത്തിലേക്ക് കരാർ ചെയ്തിട്ടുമുണ്ട്.
തിരുവല്ല- മല്ലപ്പള്ളി സ്വദേശിയാണ് പ്രശാന്ത്. പിതാവ് ഫാദർ കെ.പി. അലക്‌സാണ്ടർ. പിതാവ് പുരോഹിതനായിരുന്നതുകൊണ്ട് അദ്ദേഹത്തിനു സ്ഥലംമാറ്റം കിട്ടുന്ന സ്ഥലങ്ങളിലെല്ലാം താമസിച്ചാണ് സ്‌ക്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയത്. തിരുവല്ല മാർത്തോമാ കോളേജിൽ നിന്നും ബിരുദമെടുത്തു. കൊടൈക്കനാൽ ക്രിസ്ത്യൻ കോളേജിൽ നിന്നും പി.ജി എടുത്തു. കോളേജ് അദ്ധ്യാപികയായ ഷീബയാണ് പ്രശാന്തിന്റെ സഹധർമ്മിണി. രണ്ട് കുട്ടികൾ. രക്ഷത് എട്ടാം ക്ലാസ് വിദ്യാർത്ഥി. മന്നവ്-യു.കെ.ജി.
ഓരോ പുതിയ ചിത്രങ്ങളും അവസരങ്ങളോടൊപ്പം പാഠശാലയുമായിട്ടാണ് പ്രശാന്ത് കാണുന്നത്. കൂടുതൽ മികവിലേക്കെത്താൻ അത് സഹായിക്കുന്നു. എന്തായാലും ഈവർഷം പ്രശാന്തിനെ സംബന്ധിച്ചിടത്തോളം ഏറെ പ്രതീക്ഷകൾ നൽകുന്നതാണ്. കൂടുതൽ സംവിധായകർ തിരിച്ചറിയുകയും അവസരങ്ങൾ നൽകുകയും ചെയ്യുന്നുണ്ട്. പ്രശാന്തിനെപ്പോലെ നടന്മാർ മുൻനിരയിലെത്തിയാൽ തീർച്ചയായും മലയാള സിനിമയ്ക്കുതന്നെ അത് മുതൽക്കൂട്ടാണ്.