NEWS

സുരേഷ്ഗോപിക്ക് ലഭിച്ച അംഗീകാരം; മലയാള സിനിമയ്ക്ക് അഭിമാനം

News

ലച്ചിത്രനടന്‍ സുരേഷ് ഗോപിയുടെ രാഷ്ട്രീയപ്രവേശനവും തെരഞ്ഞെടുപ്പിലെ മത്സരവും വിജയവും എല്ലാം കണ്ടതിന് പുറമെ ഇക്കഴിഞ്ഞ ജൂണ്‍ 9 ന് കേന്ദ്രമന്ത്രിയായി അധികാരമേറ്റ ശുഭമുഹൂര്‍ത്തം മലയാളക്കരയ്ക്കും മലയാള സിനിമയ്ക്കും ആകെമാനം ഒരു നേട്ടവും അഭിമാനവും തന്നെ.

സുരേഷ് ഗോപിയെ ആദ്യം കാണുന്നത് 'രാജാവിന്‍റെ മകന്‍' എന്ന സിനിമയുടെ ഷൂട്ടിംഗിനിടയിലാണ്. അന്ന്, എറണാകുളത്ത് കെ.എസ്.ആര്‍.ടി.സി ബസ്സ്റ്റാന്‍ഡിന് അടുത്തുള്ള മൈതാനത്ത് ചിത്രീകരണം നടക്കുമ്പോള്‍ മോഹന്‍ലാലും അംബികയും ഒരുമിച്ചുള്ള സീന്‍ ഷൂട്ട് ചെയ്യുകയായിരുന്നു സംവിധായകന്‍ തമ്പി കണ്ണന്താനം.

ലൊക്കേഷനില്‍ വച്ച് തമ്പി കണ്ണന്താനം പറഞ്ഞു. ഞാന്‍ ഈ സിനിമയില്‍ രണ്ട് പുതുമുഖ വില്ലന്‍ നടന്മാരെ പരിചയപ്പെടുത്തുന്നുണ്ട്. അവര്‍ക്കിന്ന് വര്‍ക്കില്ലാത്തതുകൊണ്ട് രണ്ടുപേരും ഹോട്ടല്‍ മുറിയിലുണ്ട്. ഈ കവറേജിനൊപ്പം അവരുടെ ഫോട്ടോയും കൂടിയെടുത്ത് കൊടുത്താല്‍ നന്നായിരിക്കും. അതുകൊണ്ട് അവരെക്കൂടി കണ്ടിട്ടെ പോകാവൂ.'

ഒരു സംവിധായകന്‍ പറഞ്ഞ ആ വാക്കുകള്‍ ഉള്‍ക്കൊണ്ടുകൊണ്ട് ഞങ്ങള്‍ സുരേഷ്ഗോപിയുടെ താവളത്തിലെത്തി. കലൂരിലുള്ള കല്‍പ്പക ഹോട്ടലിലായിരുന്നു അന്ന് സുരേഷ്ഗോപി താമസിച്ചിരുന്നത്.(ഇന്നത്തെ കല്‍പ്പക ഹോസ്പിറ്റല്‍).

സുരേഷഗോപിയുമായുള്ള ഇന്‍റര്‍വ്യൂവും ഫോട്ടോ പകര്‍ത്തലും കഴിഞ്ഞ് പോകാനിറങ്ങുമ്പോള്‍ സുരേഷ് ഗോപി തന്‍റെ ബാഗില്‍ നിന്നും നാല് ബ്ലാക്ക് ആന്‍റ് ഫോട്ടോ എടുത്തുതന്നിട്ടുപറഞ്ഞു, ഈ സ്റ്റില്‍സ് കൂടി ഇന്‍റര്‍വ്യൂവിനൊപ്പം ചേര്‍ത്താല്‍ നന്നായിരിക്കും.

രഘുനാഥ് പലേരി സംവിധാനം ചെയ്ത നവോദയാ ചിത്രമായ 'ഒന്ന് മുതല്‍ പൂജ്യം വരെ' എന്ന സിനിമയില്‍ സുരേഷ്ഗോപി ഒരു ചെറിയ റോളില്‍ അഭിനയിച്ചിട്ടുണ്ടായിരുന്നു. ആ സീനിന്‍റെ മൂന്ന് നാല് ഫോട്ടോകള്‍.

ഇത് ഇവിടെ പരാമര്‍ശിക്കുവാന്‍ കാരണം ഒരു നടന്‍റെ അര്‍പ്പണബോധത്തിന്‍റെയും ദീര്‍ഘവീക്ഷണത്തിന്‍റെയും ഒരു കലാകാരനിലെ ഉയര്‍ന്ന ചിന്തകള്‍ക്കൊപ്പം തന്‍റെ ആ സിനിമയെക്കുറിച്ചുള്ള അറിവ് വായനക്കാര്‍ക്ക് പകര്‍ന്നുകൊടുക്കാനുള്ള അദ്ദേഹത്തിന്‍റെ സത്യസന്ധമായ ശ്രമവുമാണ് അവിടെ കണ്ടത്.

പുതിയതായി സിനിമയില്‍ വരുന്ന പുതിയവര്‍ക്കാര്‍ക്കും ഇല്ലാത്ത ഒരു കാര്യവും ഇതുതന്നെയാണ്.

തമ്പി കണ്ണന്താനത്തിന്‍റെ തന്നെ 'വഴിയോരക്കാഴ്ചകള്‍' എന്ന സിനിമയുടെ ഷൂട്ടിംഗ് കൊഡൈക്കനാലില്‍ നടക്കുന്നു. മോഹന്‍ലാലും സുരേഷ്ഗോപിയുമൊക്കെ സെറ്റിലുണ്ട്. ഒരിടവേളയില്‍ സുരേഷ് ഗോപി ഫ്രീ ആയപ്പോള്‍ ഞങ്ങള്‍ അദ്ദേഹത്തിന്‍റെ കുറെ ഫോട്ടോകളെടുത്തുകൊണ്ടിരിക്കുന്നു. കുറച്ച് കഴിഞ്ഞപ്പോള്‍ സുരേഷ് ഗോപി എന്നെ അടുത്തുവിളിച്ചിട്ടുപറഞ്ഞു, ദേ, ആ മരത്തില്‍ ചാരി നില്‍ക്കുന്നയാള്‍ പുതിയ ഒരു നടനാണ്. എന്‍റെ കൂടെ ഇപ്പോള്‍ ന്യൂഡെല്‍ഹിയിലും ഒക്കെ അഭിനയിച്ചതേയുള്ളൂ. അദ്ദേഹത്തിന്‍റെ ഒരു ഫോട്ടോയും കൂടി എടുത്ത് ഒരു റൈറ്റ് അപ്പ് കൊടുക്കൂ.

സുരേഷ് ഗോപിയുടെ ശുപാര്‍ശ വന്നപ്പോഴാണ് മരത്തില്‍ ചാരിനില്‍ക്കുന്നയാള്‍ സിനിമാനടനാണെന്ന് മനസ്സിലായത്. അപ്പോള്‍ ആ പുതിയ നടനെയും പരിചയപ്പെട്ടു. ആ നടന്‍ ഇന്ന് പ്രസിദ്ധനായ സിദ്ദിഖ് ആയിരുന്നു.

ഒരു നടന്‍റെ വളര്‍ച്ചയിലൂടെ നേടിയ ഈ പദവി മലയാള സിനിമയ്ക്കും ഒരു അംഗീകാരം തന്നെയാണ്...! അഭിമാനം തന്നെയാണ്...!!


LATEST VIDEOS

Latest