തമിഴ് സിനിമയിലെ ഇപ്പോഴത്തെ സെൻസേഷണൽ സംവിധായകനായ ലോഗേഷ് കനകരാജ് ഇപ്പോൾ സംവിധാനം ചെയ്തു വരുന്ന ചിത്രം 'കൂലി'യാണ്. രജനികാന്ത് നായകനാകുന്ന ഈ ചിത്രത്തിൽ രജിനിക്കൊപ്പം സത്യരാജ്, ശ്രുതി ഹാസൻ, നാഗാർജുന തുടങ്ങി ഒരു പാട് താരങ്ങൾ ഈ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ഈ ചിത്രം പൂർത്തിയാക്കിയതിന് ശേഷം ലോഗേഷ് കനകരാജ് കാർത്തി നായകനാകുന്ന 'കൈതി'യുടെ രണ്ടാം ഭാഗമാണ് സംവിധാനം ചെയ്യാനിരിക്കുന്നത്. ഈ വർഷം അവസാനത്തോടെ കൈതി രണ്ടാം ഭാഗത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുമെന്നാണ് സൂചന. ഇതിന് ശേഷം
സൂര്യ നായകനാകുന്ന 'റോളക്സ്', 'ഇരുമ്പു കൈ മായാവി' എന്നീ രണ്ട് ചിത്രങ്ങളാണ് ലോഗേഷ് കനകരാജ് സംവിധാനം ചെയ്യാനിരുന്നത്. എന്നാൽ ഇപ്പോൾ 'ഇരുമ്പ് കൈ മായാവി' എന്ന ചിത്രത്തിൽ സൂര്യക്ക് പകരം വേറൊരു പ്രശസ്ത ഹീറോയെ നായകനാക്കി എടുക്കാനാണ് ലോഗേഷ് കനകരാജ് തീരുമാനിച്ചിരിക്കുന്നത് എന്നുള്ള റിപ്പോർട്ടുകളാണ് പുറത്തുവന്നിരിക്കുന്നത്. ഇതനുസരിച്ച് 'ഇരുമ്പ് കൈ മായാവി' എന്ന ചിത്രത്തിൽ സൂര്യയ്ക്ക് പകരം ബോളിവുഡ് സൂപ്പർ താരം ആമിർ ഖാനാണ് അഭിനയിക്കാൻ പോകുന്നതെന്നും, തെലുങ്കിൽ 'പുഷ്പ' ഉൾപ്പെടെ ഒരുപാട് ചിത്രങ്ങൾ നിർമ്മിച്ച 'മൈത്രി മൂവി മേക്കേഴ്‌സ്' ആണ് നിർമ്മിക്കുന്നതെന്നുമാണ് റിപ്പോർട്ട്. സൂര്യയ്ക്ക് പകരക്കാരനായി ആമിർ ഖാൻ എത്തുന്നതോടെ ലോഗേഷ് കനകരാജിന്റെ 'ഇരുമ്പ് കൈ മായാവി' ഒരു പാൻ ഇന്ത്യൻ ചിത്രമായാണ് ഒരുങ്ങാൻ പോകുന്നത്. ഇതിനായാണത്രെ ലോഗേഷ് കനകരാജ് ചില മാസങ്ങൾക്ക് മുൻപ് ആമീർ ഖാനുമായി കൂടിക്കാഴ്ച്ച നടത്തിയത്. 'കൈതി' രണ്ടാം ഭാഗത്തിന് ശേഷം ലോഗേഷ് കനകരാജ് ഈ ചിത്രമായിരിക്കും സംവിധാനം ചെയ്യുക എന്നും, ഇതിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉടനെ ഉണ്ടാകുമെന്നും പറയപ്പെടുന്നുണ്ട്.