നമ്മൾ ഒരുമിച്ചഭിനയിക്കുന്ന ആദ്യചിത്രം മൂടുപടമാണ്.
കുറെ വർഷങ്ങളായി മദ്രാസ് എന്ന ചെന്നൈ നഗരത്തിൽ താമസിക്കുന്ന ചലച്ചിത്ര നടി ഷീല വല്ലപ്പോഴും മാത്രമാണ് കേരളത്തിന്റെ തലസ്ഥാനത്തെത്തുന്നത്.
അടുത്തിടെ ടി.വിയുടെ ഒരു പ്രോഗ്രാമിൽ പങ്കെടുക്കാൻ തിരുവനന്തപുരത്ത് ഷീല എത്തിയിരുന്നു. കുറേനാളുകൾ കൂടിയായിരുന്നു ഷീലയ്ക്ക് തിരുവനന്തപുരം യാത്ര കൈവന്നത്. ഇത്തവണ തിരുവനന്തപുരത്ത് എത്തുമ്പോൾ രണ്ട് പ്രധാനകാര്യങ്ങൾ ഷീല മനസ്സിൽ പ്ലാൻ ചെയ്തിരുന്നു. ഒന്ന്, കേരള നിയമസഭ നേരിൽ കാണുക, രണ്ട് പ്രശസ്ത നടൻ മധുവിനെയും നേരിൽ കാണണം.
രാവിലെ 10 മണിയോടെ ഷീല നിയമസഭയിലെത്തി. അന്ന് നിയമസഭ നടക്കുന്നുണ്ടായിരുന്നു. ഇടവേളയിൽ മുഖ്യമന്ത്രിയുമായും സ്പീക്കറുമായും ഒക്കെ സംസാരിച്ചു. കുറേനാളായി മനസ്സിൽ തോന്നിയിട്ടുള്ള ഒരു കാര്യമാണ് നിയമസഭ നേരിലൊന്ന് കാണെണമെന്നുള്ളത്. ഇത്തവണയെങ്കിലും അതുകണ്ടില്ലെങ്കിൽ ഇനി അടുത്ത ജന്മത്തിൽ ഒരു എം.എൽ.എ ആയിട്ടോ, മന്ത്രിയായിട്ടോ ജനിച്ചാൽ മാത്രമേ നിയമസഭ കാണാനൊക്കൂ. ഷീല ചിരിച്ചുകൊണ്ടുപറഞ്ഞു.
പതിവെന്നപോലെ അന്നും പ്രതിപക്ഷത്തിന്റെ ബഹളങ്ങളുണ്ടായിരുന്നു. കറുത്ത ബാനറും കൊടിയും ഒക്കെയായി പ്രതിപക്ഷം ബഹളം വച്ചതും നടുത്തളത്തിലിറങ്ങിയതും ഒക്കെ പെട്ടെന്നായിരുന്നു. ആ കാഴ്ചകളൊക്കെ തന്നെ അത്ഭുതപ്പെടുത്തിയെന്ന് ഷീല പറഞ്ഞു.
ഉച്ചയ്ക്കുശേഷം മൂന്നുമണിയോടെ കണ്ണമ്മൂലയിലുള്ള ശിവഭവനിലെത്തി. നടൻ മധു കാലങ്ങളായി ഇവിടെയാണ് താമസിക്കുന്നത്. ഷീലയുടെ ഒരു സർപ്രൈസ് വിസിറ്റായിരുന്നു ഇതെന്ന് വേണമെങ്കിൽ പറയാം. ടി.വിയിൽ സിനിമ കണ്ടുകൊണ്ടിരിക്കുന്ന മധു അതിഥിയെ സ്വീകരിച്ചത് നിറഞ്ഞ ചിരിയോടെയായിരുന്നു.
'ഇപ്പോഴത്തെ എന്റെ ജീവിതശൈലി ലണ്ടനിലുമൊക്കെയുള്ള ആളുകളുടേത് പോലെയാണെന്ന് പറഞ്ഞുകൊണ്ടായിരുന്നു അദ്ദേഹം വർത്തമാനത്തിന് തുടക്കമിട്ടത്. അതായത് അവരവിടെ ഉണരുന്ന സമയത്താണ് ഞാനിവിടെ ഉണരുന്നത്. അവർ ഉറങ്ങുന്ന സമയത്ത് ഞാനിവിടെ ഉറങ്ങും.'
അതുകേട്ട് ഷീല ചിരിച്ചു.
എങ്ങനെയാണിപ്പോൾ പകൽ ചെലവഴിക്കുന്നത്, പുറത്തേക്കിറങ്ങാറേയില്ലേ...?
പുറത്തേക്കുള്ള യാത്രകൾ വളരെ കുറവാണ്. വീട്ടിൽ തന്നെയാണ് മുഴുവൻ സമയവും. ചിലപ്പോൾ എന്തെങ്കിലും വായിക്കും ടി.വിയിൽ സിനിമ കാണും.
പഴയ സിനിമയോ പുതിയ സിനിമയോ ടി.വിയിൽ കാണുന്നത്? ഷീലയുടെ ചോദ്യം.
പഴയ സിനിമകളും കാണും, പുതിയ സിനിമകളും കാണും.
ഇപ്പോഴത്തെ മിക്ക സിനിമകളിലും കാമ്പുള്ള നല്ല കഥകൾ ഉണ്ടാകുന്നില്ലെന്ന് മധുവും ഷീലയും വിലയിരുത്തി. ഭാർഗ്ഗവീനിലയം പോലുള്ള സിനിമകൾ എത്രകാലം കഴിഞ്ഞാലും പുതിയതുപോലെ കണ്ടിരിക്കാൻ കഴിയുമെന്നും മധു കൂട്ടിച്ചേർത്തു.
ഇപ്പോഴത്തെ സിനിമകളും സിനിമാപ്രവർത്തകരേയും ഒന്നും ഓർത്തിരിക്കാൻ കഴിയുന്നില്ലെന്നും ഷീല പറഞ്ഞു. അല്ലെങ്കിൽ തന്നെ ഓർമ്മക്കുറവുണ്ട്. ഇന്നലെ എയർപോർട്ടിൽ വച്ച് ഒരു സ്ത്രീ കണ്ടിട്ട് ഓടി അടുത്തുവന്നിട്ട് ചോദിച്ചു. എന്നെ ഓർക്കുന്നില്ലേയെന്ന്. ഞാൻ ആലോചിച്ചിട്ട് ഒരു പിടിയും കിട്ടുന്നില്ല. ഒടുവിൽ അവർ തന്നെ പറഞ്ഞു. 'ഉമ്മാച്ചു' എന്ന സിനിമയുടെ ഷൂട്ടിംഗ് നടക്കുമ്പോൾ എന്റെ കൂടെ നിന്ന് ഫോട്ടോയെടുത്ത ആളാണെന്ന്.
അതുപറഞ്ഞതുകേട്ട് മധുസാർ കുടുകുടെ ചിരിച്ചു. ഒപ്പം ഷീലയും.
ശാരദയോ ജയഭാരതിയോ ആരെങ്കിലും ഈയടുത്ത് വിളിച്ചിരുന്നോ?
ഭാരതി അടുത്തകാലത്ത് തിരുവനന്തപുരത്ത് വന്നപ്പോൾ ഇവിടെ വന്നിരുന്നു. ശാരദ ഇടയ്ക്ക് ചെന്നൈയിൽ നിന്നും എന്നെ വിളിച്ചിരുന്നു.
ശാരദയെ ഞാൻ മിക്കദിവസവും ഫോണിൽ വിളിക്കാറുണ്ട്. സംസാരിക്കും. ഇടയ്ക്ക് സുഖമില്ലാതെയൊക്കെ ഇരിക്കുകയായിരുന്നു. ഷീല പറഞ്ഞു.
മധുസാറും ഷീലാമ്മയും തമ്മിൽ ഏറ്റവും ആദ്യം കണ്ടുമുട്ടിയ നിമിഷം ഓർക്കുന്നുണ്ടോ?
ഞങ്ങളുടെ ഈ ചോദ്യം കേട്ടപ്പോൾ മധുസാറും ഷീലാമ്മയും ഭൂതകാലത്തിലേക്ക് മടങ്ങി. ഷീലാമ്മയുടെ മനസ്സിലേക്ക് ആ ഓർമ്മച്ചിത്രം വരുന്നുണ്ടായിരുന്നില്ല. അപ്പോഴേയ്ക്കും മധുസാർ പറഞ്ഞുതുടങ്ങി.
നമ്മൾ ഒരുമിച്ചഭിനയിക്കുന്ന ആദ്യചിത്രം മൂടുപടമാണ്. തൃശൂരായിരുന്നു ലൊക്കേഷൻ. ഒരു ഔട്ട്‌ഡോർ സീനെടുക്കുമ്പോഴാണ് ആദ്യം കാണുന്നത്.
അയലത്തെ സുന്ദരീ... അറിയാതെ വലയ്ക്കല്ലെ?
അപരാധമൊന്നും ഞാൻ ചെയ്തില്ലല്ലോ.. ഈ പാട്ടൊക്കെ ആ സിനിമയിലേതാണ്. മധുസാർ ചെറിയ ഈണത്തിൽ ആ പാട്ടിലെ വരികളൊന്നു പാടിയപ്പോൾ ഷീലാമ്മയ്ക്ക് ചിരിയായി. ഓ.. അങ്ങനെയൊരു പാട്ടുമുണ്ടോ മൂടുപടത്തിൽ...? ഷീലാമ്മയുടെ ചോദ്യം.
നമ്മുടെ ആദ്യത്തെ സീനും ആദ്യത്തെ പാട്ടും അതായിരുന്നുവെന്ന് മധുസാർ ഓർമ്മിപ്പിച്ചു.
ഈയടുത്ത് ഏതെങ്കിലും സിനിമയിൽ അഭിനയിക്കുവാൻ ഓഫർ വന്നിരുന്നോ...?
മധു: സ്വരം നന്നായിരിക്കുമ്പോൾ പാട്ട് നിർത്തണമെന്നല്ലേ പറയുന്നത്. അതുകൊണ്ട് ഞാൻ പാട്ടുനിർത്തി. ഈയിടെ പന്ന്യൻ രവീന്ദ്രൻ ഇവിടെ വന്നിരുന്നു. മധുപാലിന്റെ ഒരു പ്രോജക്ടുമായിട്ടാണ് വന്നത്. ഞാനിനി അഭിനയിക്കുന്നില്ലെന്ന് പറഞ്ഞിട്ടും നിർബന്ധിക്കുന്നു. ഡയലോഗൊന്നും ഓർമ്മയിൽ നിൽക്കില്ലെന്നെല്ലാം പറഞ്ഞുനോക്കി. എന്നിട്ടും അഭിനയിക്കണമെന്നാണ് പറയുന്നത്. സ്‌ക്രിപ്റ്റ് കംപ്ലീറ്റ് ചെയ്തിട്ട് വരാൻ പറഞ്ഞിരിക്കുകയാണ്.
ഷീല: എനിക്കും ഇപ്പോൾ പുതിയ ചില സിനിമകൾ വന്നിട്ട് അഭിനയിക്കാൻ പോകാൻ മടി തോന്നുകയാണ്. അഭിനയിക്കണമെന്ന് ആശയുണ്ട്... പക്ഷേ, മടി..
മധുവിന്റെ തൊട്ടടുത്ത വീട്ടിലാണ് മകൾ ഉമയും ഭർത്താവും താമസിക്കുന്നത്. അൽപ്പം കഴിഞ്ഞപ്പോൾ ഉമ വന്നു. ഉമയുമായിട്ടുള്ള ക്ഷേമാന്വേഷണങ്ങളും കുശലങ്ങളുമാണ് പിന്നീട് നടന്നത്.
വൈകുന്നേരത്തെ ഫ്‌ളൈറ്റിൽ ഷീലാമ്മയ്ക്ക് ചെന്നൈയിലേക്ക് തിരിച്ചുപോകേണ്ടിയിരുന്നതിനാൽ സൗഹൃദസംഭാഷണം അധികം നീണ്ടുനിന്നില്ല. മധുസാറിനോടും മകൾ ഉമയോടും യാത്ര പറഞ്ഞ് ഷീലാമ്മ ഇറങ്ങി.
ഇരുവരും ചേർന്നഭിനയിച്ച എത്രയെത്ര സിനിമകൾ.. എത്രയെത്ര കഥാപാത്രങ്ങൾ.. ചെമ്മീനിലെ പരീക്കുട്ടിയും കറുത്തമ്മയും പോലെ. ഇന്നും മലയാളികളുടെ മനസ്സിൽ നിറഞ്ഞുനിൽക്കുന്ന വിവിധ വേഷങ്ങൾക്ക് പകർന്നാട്ടം നൽകിയവരുടെ ഇന്നത്തെ ഈ കൂടിക്കാഴ്ച ഏറെ സുഗന്ധമുള്ളതായി മാറിയതും അതുകൊണ്ടാണ്.