സാരിയുടുക്കാന്‍ അറിയാവുന്നതുകൊണ്ട് മാത്രമാണ് ഞാന്‍ സിനിമയിലേക്ക് എത്തിയതെന്ന് പറഞ്ഞുകേട്ടാല്‍ ഒരുപക്ഷേ നിങ്ങള്‍ ചിരിക്കുമായിരിക്കും. സത്യത്തില്‍ എന്‍റെ സിനിമാജീവിതത്തിന്‍റെ തുടക്കം ഒരു സാരിയുടുക്കലാണ്. ഞാനൊരു ഐ.ടി പ്രൊഫഷണലാണ്. സിനിമ എന്നത് വിദൂരമായി നില്‍ക്കുന്ന ഒന്ന് മാത്രമായിരുന്നു.
എന്‍റെ ജീവിതത്തില്‍ വിവാഹശേഷം കുടുംബമായി കഴിയുമ്പോഴോ മോള്‍ ഒന്ന് വലുതായപ്പോഴോ ഒന്നും സിനിമ എന്‍റെ ചിന്തയിലില്ല. ഒരു സുഹൃത്ത് അവളുടെ ബോട്ടിക്കിന്‍റെ ആവശ്യത്തിനായി പെട്ടെന്ന് സാരി ഉടുക്കുന്ന ഒരാളെ തപ്പി എന്‍റെയടുത്ത് എത്തുന്നതും സാരിയുടുക്കാന്‍ വലിയ ഇഷ്ടമായതുകൊണ്ട് ഞാന്‍ വളരെ യാദൃച്ഛികമായി അവിടെ എത്തുകയുമാണ് ഉണ്ടായത്. പക്ഷേ എന്‍റെ ജീവിതത്തില്‍ മറ്റൊരു ചാപ്റ്റര്‍ അവിടെ തുടങ്ങുകയായിരുന്നു.
അത് നന്നായി വന്നപ്പോള്‍ പിന്നീട് മോഡലിംഗിലേക്കുള്ള വഴിതെളിച്ചു. ഒരിക്കല്‍പോലും ക്യാമറയ്ക്ക് മുന്നില്‍ നില്‍ക്കുമെന്ന് ചിന്തിക്കുക പോലും ചെയ്യാത്ത ഞാന്‍ അങ്ങനെ പരസ്യചിത്രങ്ങളും അതുവഴി സിനിമാമേഖലയിലേക്കും കാലെടുത്ത് വച്ചു. അതും ആദ്യ സിനിമ യമണ്ടന്‍ പ്രേമകഥ, ദുല്‍ഖറിനൊപ്പം ആദ്യസീന്‍.
അപ്രതീക്ഷിതമായി എത്തിപ്പെട്ട ഇടമാണ് അഭിനയമേഖലയെങ്കിലും നന്ദിനി ഗോപാലകൃഷ്ണന്‍റെ പാഷനാണ് ഇപ്പോള്‍ അഭിനയം. ജോലിയും കുടുംബവും ഒപ്പം പാഷനും നന്ദിനി മനോഹരമായി കൊണ്ടുപോകുന്നു. തന്‍റെ പുതിയ സന്തോഷങ്ങളും സിനിമായാത്രകളും നന്ദിനി ഇതാദ്യമായി നാനയുമായി പങ്കുവയ്ക്കുന്നു.
'ഗു' റിലീസ് ചെയ്തപ്പോള്‍
മണിയന്‍പിള്ള രാജു സാര്‍ നിര്‍മ്മിച്ച് മനു ആര്‍. രാധാകൃഷ്ണന്‍ സംവിധാനം ചെയ്ത സിനിമയാണ് ഗു. ഒരുപാട് കാലമായി മലയാള സിനിമയില്‍ കാണാതിരുന്ന തറവാടും നാട്ടുകാരും, അങ്ങനെ ഒരുപാട് ആര്‍ട്ടിസ്റ്റുമാര്‍ ഭാഗമായിട്ടുള്ള ഒരു സിനിമയാണ് ഗു. മാളികപ്പുറം ഫെയിം ദേവാനന്ദ പ്രധാന വേഷത്തിലെത്തുന്ന ഗുവില്‍ ഒരുപാട് പുതുമുഖങ്ങളും അഭിനയിക്കുന്നുണ്ട്. ഗു ആദ്യം തിയേറ്റര്‍ റിലീസ് ചെയ്തപ്പോള്‍ വലിയ സിനിമകള്‍ക്കൊപ്പമായത് കൊണ്ടുതന്നെ വലിയ സ്വീകാര്യത കിട്ടിയില്ലായിരുന്നു. പക്ഷേ തിയേറ്ററില്‍ പോയി കണ്ടവരെല്ലാം 'ഗു'വിനെക്കുറിച്ച് നല്ല അഭിപ്രായം പറഞ്ഞിരുന്നു. അങ്ങനെയാണ് മണിയന്‍പിള്ള രാജു സാറിന്‍റെയും മനുവിന്‍റെയും ശക്തമായ തീരുമാനമായിരുന്നു ഗു വീണ്ടും റിലീസിന് എത്തിക്കുക എന്നത്. അങ്ങനെയാണ് റീ റിലീസിലൂടെ സിനിമ കൂടുതല്‍ പേരിലേക്ക് എത്തിയത്. നല്ല രീതിയിലുള്ള കളക്ഷനും നേടിയത്. മാളികപ്പുറത്തിലൂടെ ദേവനന്ദ- സൈജുക്കുറുപ്പ് കോമ്പോ പ്രേക്ഷകര്‍ സ്വീകരിച്ചതാണ്. ഇപ്പോള്‍ ഗുവിലൂടെ അവര്‍ വീണ്ടും ഒന്നിച്ചുവെന്ന പ്രത്യേകതയുമുണ്ട് ഗുവിന്.