NEWS

ധീരന്‍ തന്ന സന്തോഷം -ദേവദത്ത് ഷാജി

News

'ധീരനി'ലൂടെ സംവിധായക ക്കുപ്പായമണിഞ്ഞ ദേവദത്ത് ഷാജി  'നാന'യോട് തന്‍റെ സിനിമാവിശേഷങ്ങള്‍ പങ്കുവയ്ക്കുന്നു.. അമല്‍ നീരദ് സംവിധാനം ചെയ്ത ഭീഷ്മപര്‍വ്വത്തിന്‍റെ തിരക്കഥയൊരുക്കിയത് അമലിന്‍റെ അസിസ്റ്റന്‍റ് ആയിരുന്ന ദേവദത്ത് ഷാജിയായിരുന്നു. ചിരിപ്പിച്ചും ചിന്തിപ്പിച്ചും ധീരന്‍ ഒ.ടി.ടിയില്‍ നിറഞ്ഞ സ്വീകാര്യതയോട് മുന്നേറുന്നതില്‍ സന്തോഷമുണ്ടെന്ന് ദേവദത്ത് പറഞ്ഞു.

ധീരന് തിയേറ്ററില്‍ കിട്ടിയ സ്വീകാര്യതയേക്കാള്‍ ഒ.ടി.ടിയില്‍ നിന്നു കിട്ടുമ്പോള്‍ സന്തോഷവമുണ്ട്. ഒപ്പം ചെറിയ വിഷമവുമുണ്ട്. കാരണം തിയേറ്ററുകളില്‍ ധീരന്‍ കാണാന്‍ വന്നവരുടെ എണ്ണം കുറവായിരുന്നു. ടൈറ്റില്‍ കഥാപാത്രമായ ധീരനായി രാജേഷ് മാധവനാണ് എത്തിയത്. മലയാറ്റൂരുള്ള ഒരു ധീരന്‍റെയും അവന്‍റെ നാട്ടുകാരുടെയും കഥയാണ് സിനിമ പറഞ്ഞത്. കോമഡി-ഡ്രാമ ജോണറില്‍പ്പെട്ട സിനിമ ആക്ഷനും ഇമോഷനും കൂടിച്ചേര്‍ന്നതായിരുന്നു.

ഭീഷ്മപര്‍വ്വത്തിനുശേഷമുള്ള ധീരന്‍

ഭീഷ്മപര്‍വ്വം സിനിമയൊക്കെ ഇറങ്ങിക്കഴിഞ്ഞതിനുശേഷമാണ് ധീരന്‍റെ തിരക്കഥ തുടങ്ങുന്നത്.ഏതാണ്ട് മൂന്നുവര്‍ഷത്തെ യാത്രയായിരുന്നു. എനിക്ക് കോമഡി ജോണര്‍ സിനിമകളാണ് ഇഷ്ടം. ഭീഷ്മപര്‍വ്വം സിനിമ അമല്‍നീരദ് സാറിന്‍റെ മനസ്സില്‍ ഒരുപാട് കാലം മുന്നേ ഉണ്ടായിരുന്ന ഒരു ചിന്ത ആയിരുന്നു. ആ ചിന്തയിലേക്ക് അദ്ദേഹം എന്നെയും കൂടെക്കൂട്ടി.

ധീരനിലെ കാസ്റ്റിംഗ് ആയിരുന്നു മെയിന്‍

മൂന്ന് ജനറേഷനിലെ താരങ്ങള്‍, അതുതന്നെയായിരുന്നു ധീരന്‍റെ പ്രത്യേകത. മനോജ് കെ. ജയന്‍, സുധീഷ്, വിനീത്, അശോകന്‍, ജഗദീഷ്- ഇവര്‍ 5 പേരും 80 കാലഘട്ടത്തെ പ്രതിനിധീകരിക്കുന്നവര്‍. അതുപോലെ രാജേഷ്, ശബരീഷ്, അഭിറാം, അശ്വതി തുടങ്ങിയവര്‍ 2015 നുശേഷമുള്ള അഭിനേതാക്കള്‍. ഇവരെക്കൂടാതെ സിദ്ധാര്‍ത്ഥ് ഭരതന്‍, അരുണ്‍ പോലുള്ളവര്‍ രണ്ടായിരത്തിന്‍റെ തുടക്കത്തില്‍ വന്നവര്‍. പക്ഷേ ഇതൊന്നും ബോധപൂര്‍വ്വം കാലഘട്ടത്തെ അടയാളപ്പെടുത്താനായി സെലക്ട് ചെയ്തതല്ല. കഥാപാത്രങ്ങള്‍ക്കുവേണ്ടി തിരഞ്ഞെടുത്തതാണ്. എന്നാല്‍ സിനിമയുടെ പ്രധാന ആകര്‍ഷണവും ഈ അഭിനേതാക്കളായിരുന്നു.

അഭിനേതാക്കളും സഹകരണവും

പത്മരാജന്‍, ഭരതന്‍, കെ.ജി. ജോര്‍ജ്ജ് പോലുള്ള സംവിധായകരുടെ ക്യാമറയ്ക്ക് മുന്‍പില്‍ അഭിനയിച്ചവരാണ് ഇവരില്‍ പലരും. അത്തരത്തിലുള്ള അഭിനേതാക്കളെ സംവിധാനം ചെയ്യാന്‍ പറ്റി എന്നുള്ളതാണ് എന്‍റെ എക്സൈറ്റ്മെന്‍റ്. അവര്‍ എന്നോട് സീനിയോറിറ്റി കാണിക്കാതെ എന്നെ കംഫര്‍ട്ടബിള്‍ ആക്കി. അത്രയേറെ സഹകരണം വന്നതുകൊണ്ട് ഞങ്ങളുടെ ലൊക്കേഷനില്‍ മറ്റ് പ്രശ്നങ്ങള്‍ ഒന്നും ഇല്ലായിരുന്നു.

എന്തുകൊണ്ട് രാജേഷ് മാധവന്‍

ആക്സിഡന്‍റല്‍ ഹീറോയാണ് ധീരന്‍. അതിമാനുഷികനല്ല. ഒരു സാധാരണക്കാരന്‍ വളരെ യാദൃച്ഛികമായി ധീരനായി മാറുന്നു എന്നതാണ് ധീരന്‍റെ കഥ. രാജേഷ് മാധവന്‍റെ അടുത്ത് എത്തുന്നതിന് മുമ്പ് മൂന്നുനാലുപേരോട് ഈ സിനിമയുടെ കഥ പറഞ്ഞിട്ടുണ്ട്. പല കാരണങ്ങള്‍കൊണ്ട് അത് നടന്നില്ല. പിന്നീട് രാജേഷ് മാധവന്‍ എന്തുകൊണ്ട് ധീരന്‍ ആയിക്കൂടാ എന്ന ചിന്ത വന്നു. ആ ചിന്ത കൃത്യമായിരുന്നു എന്ന് രാജേഷ് മാധവന്‍റെ അഭിനയം കൊണ്ട് മനസ്സിലാക്കിയിരുന്നു.

തിരക്കഥ തരുന്ന നേട്ടങ്ങള്‍

ഭീഷ്മപര്‍വ്വത്തിനു ഒരു തിരക്കഥയുമായി ഒരു ആര്‍ട്ടിസ്റ്റിലേക്ക് എത്തുക എന്നത് ലളിതമായി ഒരു സിനിമ ഓണ്‍ ചെയ്യുക എന്നതുപോലെ അത്ര എളുപ്പമുള്ള കാര്യമല്ല. ഞാനാദ്യം വിചാരിച്ചിരുന്നു ഭീഷ്മപര്‍വ്വം സിനിമയ്ക്കുശേഷം എന്‍റെ സംവിധാനസംരംഭം വളരെ എളുപ്പത്തില്‍ നടക്കുമെന്ന്. അത് തെറ്റിദ്ധാരണ മാത്രമാണെന്ന് പിന്നെ മനസ്സിലാക്കി. അക്കാര്യത്തില്‍ ഒരു നവാഗതന്‍ എടുക്കുന്ന എല്ലാ സ്ട്രഗിളും ഞാന്‍ അനുഭവിച്ചിട്ടുണ്ട്.

സംവിധായകന്‍റെ തയ്യാറെടുപ്പുകള്‍

ഞാന്‍ പരസ്പര ബഹുമാനമാണ് എല്ലാവരില്‍ നിന്നും ആഗ്രഹിക്കുന്നത്. എനിക്കത് എല്ലായിടത്തും നിര്‍ബന്ധമാണ്. ഒരു സിനിമാ ലൊക്കേഷനില്‍ ആ പരസ്പരബഹുമാനം ആവശ്യമാണ്. ഒരു നല്ല സിനിമ ഉണ്ടാക്കണമെങ്കില്‍ ടീം വര്‍ക്ക് ആവശ്യമാണ്. അതുകൊണ്ടുതന്നെ ധീരന്‍ ചെയ്യുമ്പോള്‍ ആ മര്യാദ എല്ലാവരും കാണിച്ചിട്ടുണ്ട്. നിര്‍മ്മാതാക്കള്‍ വളരെയധികം സഹകരണത്തോടെയാണ് പെരുമാറിയിട്ടുള്ളത്. അതിന്‍റെ ഒരു റിസള്‍ട്ട് ഈ സിനിമയില്‍ കാണാന്‍പറ്റി എന്നാണ് വിശ്വസിക്കുന്നത്.

ചെറുതല്ല പ്രചോദനം 

എല്ലാവരെയും പോലെ ഇവിടത്തെ ക്ലാസിക് സിനിമകള്‍ ഒക്കെക്കണ്ട് അതില്‍ പ്രചോദനം ഉള്‍ക്കൊണ്ട ആളാണ് ഞാനും. എന്നെ വലിയ രീതിയില്‍ സ്വാധീനിച്ച സിനിമയാണ് സ്ഫടികം. സിനിമ ചെയ്യണമെന്നൊക്കെ ആദ്യം തോന്നിയത് കിരീടം, തനിയാവര്‍ത്തനം, സ്ഫടികം ഒക്കെ കണ്ടിട്ടാണ്.

വിനീത് എന്തുകൊണ്ട്

വ്യക്തിപരമായി എനിക്ക് വളരെയധികം ഇഷ്ടമുള്ള നടനാണ് വിനീത്. അദ്ദേഹത്തിന്‍റെ സൗണ്ട് മോഡുലേ,ന്‍ ഒക്കെ എനിക്ക് വലിയ ഇഷ്ടമാണ്. അദ്ദേഹം കരിയറില്‍ ഇതുവരെ ചെയ്യാത്ത ഒരു കഥാപാത്രമാണ് ഈ സിനിമയിലുള്ളത്. ആ കഥാപാത്രത്തിനുള്ള ഫസ്റ്റ് ഓപ്ഷന്‍ തന്നെ വിനീതേട്ടനായിരുന്നു. അങ്ങനെ അദ്ദേഹത്തെ നേരിട്ട് വിളിച്ചു സംസാരിച്ചപ്പോള്‍ അദ്ദേഹവും വളരെയധികം എക്സൈറ്റഡ് ആയിരുന്നു.

സന്തോഷിപ്പിച്ച നിമിഷം

ഈ സിനിമയുടെ ഷൂട്ട് നടക്കുമ്പോള്‍ ഇതിനകത്ത് പല ആര്‍ട്ടിസ്റ്റുകളും എന്നെ അവരുടെ പ്രകടനം കൊണ്ട് എക്സൈറ്റ് ചെയ്യിച്ചിട്ടുണ്ട്. ഞാന്‍ മനസ്സില്‍ വിഷ്വലൈസ് ചെയ്ത കാര്യങ്ങള്‍ അതിലും മനോഹരമായാണ് പല സീനുകളിലും അവര്‍ അഭിനയിച്ച് കാണിച്ചത്.

കരിയര്‍ തുടക്കം

2013 ല്‍ ഞാന്‍ എഞ്ചിനീയറിംഗിന് ചേര്‍ന്നു. ഫസ്റ്റ് സെമസ്റ്ററിലാണ് ആദ്യത്തെ ഷോര്‍ട്ട് ഫിലിം ചെയ്തത്. പിന്നീട് എല്ലാ സെമസ്റ്ററിലും ഓരോ ഷോര്‍ട്ട് ഫിലിം ചെയ്തു. ഞാന്‍ തന്നെ സ്ക്രിപ്റ്റ് ചെയ്ത് സംവിധാനം ചെയ്യും. അതുപോലെ രണ്ട് ചെറുകഥാ സമാഹാരങ്ങള്‍ പുസ്തകങ്ങളായി പുറത്തിറക്കി. ഒന്ന് പ്ലസ് ടൂവില്‍ പഠിക്കുമ്പോഴും മറ്റൊന്ന് എഞ്ചിനീയറിംഗിന് പഠിക്കുമ്പോഴും. എന്‍റെ അവസാനം ഇറങ്ങിയ ഷോര്‍ട്ട് ഫിലിം കണ്ടിട്ടാണ് ദിലീഷ് പോത്തന്‍ സാര്‍ അദ്ദേഹത്തിന്‍റെ അസിസ്റ്റന്‍റായി എന്നെ കൂടെക്കൂട്ടുന്നത്. അദ്ദേഹം പ്രൊഡ്യൂസ് ചെയ്ത കുമ്പളങ്ങി നൈറ്റ്സ് ആയിരുന്നു ആദ്യസിനിമ. പിന്നെ അമല്‍നീരദ് സാറിന്‍റെ കൂടെ വര്‍ക്ക് ചെയ്തു.

പുതിയ പ്രോജക്ടുകള്‍

ബി. ഉണ്ണികൃഷ്ണന്‍ സാറിന്‍റെ കൂടെ ഒരു പ്രോജക്ട് ഉണ്ട്. പിന്നെ ജോഫിന്‍ ടി. ചാക്കോയുടെ വര്‍ക്കും. ബാക്കിയെല്ലാം ചര്‍ച്ചകളില്‍ ആണ്.

കുടുംബം

അച്ഛന്‍ ഷാജി സരിഗ പ്രോഗ്രാം ബുക്കിംഗ് ഏജന്‍റ്, നാടകപ്രവര്‍ത്തകന്‍, സഹകരണ ബാങ്ക് പ്രസിഡന്‍റ് എന്നീ മേഖലകളില്‍ ആണ്. അമ്മ സുബി പഞ്ചായത്ത് മെമ്പര്‍ ആണ്. വൈഫ് ഷൈന രാധാകൃഷ്ണന്‍ കെ.എഫ്.ആര്‍.ഐ-ല്‍ ആയിരുന്നു. അനുജന്‍ ഹോട്ടല്‍ മാനേജ്മെന്‍റ് കഴിഞ്ഞ് സ്വന്തം സംരംഭത്തിലേക്ക് കടക്കുന്നു.

 


LATEST VIDEOS

Interviews