ഓണപ്പാട്ടുകളുടെ മഹാരാജാവ് ആരാണെന്ന് ചോദിച്ചാല്‍ അതിന് ഒരുത്തരമേയുള്ളൂ. അത് ശ്രീകുമാരന്‍ തമ്പിയാണ്. മൂന്ന് ദശാബ്ദങ്ങള്‍ക്കും മുമ്പെ, അല്ലെങ്കില്‍ നാല്‍പ്പത് വര്‍ഷക്കാലമായുള്ള ശ്രീകുമാരന്‍ തമ്പിയുടെ ഒരു ഓണക്കവിതയുണ്ട്.
'മാവേലിപ്പാട്ടിന്‍റെ മധുപകരൂ
മുത്തശ്ശി മണിവയറില്‍
ഞൊറിവയറില്‍
ഉമ്മതരാം മുത്തശ്ശീ...'
പുതിയ തലമുറയിലെ കവിതാ ആസ്വാദകര്‍ക്ക് പക്ഷേ, ഈ കവിതയും വരികളും അന്യമായിരിക്കും... ഏറെ അകലെയായിരിക്കും.
ആ കവിതയിലെ വരികള്‍ ഇങ്ങനെ തുടരുന്നു...
'കള്ളമില്ല ചതിയില്ല
കൈക്കൂലി കെണിയില്ല
കള്ളുവില്‍ക്കും കടയില്ല
അബ്കാരി കളിയില്ല
കേറ്റുമതി ഇറക്കുമതി
എം.എല്‍.എമാരില്ല...'
ഓണത്തിന്‍റെ മാഹാത്മ്യത്തെയും ഐതിഹ്യത്തെയും ഗാനങ്ങളിലൂടെ എഴുതിയും പാടിയും മലയാളികളെ ഓണോത്സവത്തിന്‍റെ ലഹരിയില്‍ ആറാടിച്ച വേറൊരു കവി ഇല്ലെന്നുതന്നെ പറയാം.
1. 'ഒരു നുള്ളു കാക്കപ്പൂ കടം തരുമോ... പൂവെ.. പൊലി പൂവെ...'
2. മുടിപ്പൂക്കള്‍ വടിയാലുമെന്തോമനെ...
നിന്‍റെ ചിരിപ്പൂക്കള്‍ വാടരുതെന്നോമനെ...
3. 'ഉത്രാടപ്പൂ നിലാവേ വാ....'
ഇങ്ങനെ എത്രയെത്ര പാട്ടുകളാണ് ശ്രീകുമാരന്‍ തമ്പി എഴുതിയിരിക്കുന്നത്. ഏതാണ്ട് എല്ലാ ഓണപ്പാട്ടുകളും യേശുദാസ് പാടിയിരിക്കുന്നു. രവീന്ദ്രന്‍ ഈണം നല്‍കിയിരിക്കുന്നു.
ഈയിടെ ശ്രീകുമാരന്‍ തമ്പിയെ കാണുമ്പോള്‍ ആ ഓണപ്പാട്ടുകളുടെ ഓണവസന്തകാലത്തെക്കുറിച്ചൊന്ന് ഓര്‍മ്മിക്കാമോയെന്ന് ചോദിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു.
'ഇന്നത്തെ ചുറ്റുപാടില്‍ അതേരീതിയില്‍ പാട്ടെഴുതാനാവില്ല. അതേ രീതിയില്‍ സംഗീതം നല്‍കാനും പാടാനും കഴിയില്ല. പിന്നെ അതിലെല്ലാമുപരി പാട്ട് കേള്‍ക്കുന്ന, പാട്ട് ആസ്വദിക്കുന്നവരുടെ മനസ്സും അഭിരുചിയും മാറി. ഇതെല്ലാം കാലം വരുത്തിവച്ച മാറ്റമാണ്.
ഞാനെഴുതിയ ഓണപ്പാട്ടുകളുടെ ഹൈലൈറ്റ് എന്നുപറയുന്നത് എന്‍റെ രചനമാത്രമാണ്. രവീന്ദ്രന്‍ തന്ന ട്യൂണ്‍ വച്ച് എഴുതിയതാണ് പല പാട്ടുകളും.
'ഹൃദയപ്പൂത്താലം നിറയെ... നിറയെ....'
അത് രവീന്ദ്രന്‍ ഈണം പാടി തന്നിട്ട് ആ ഈണത്തിനൊത്ത് എഴുതിയ പാട്ടുകളാണ്.
'താനാ.. തന.. താനാ...
തനനാ.. തനനാ....' ഈ രീതിയില്‍ ഈണം പാടിത്തന്നപ്പോള്‍ എനിക്ക് മനസ്സില്‍ കിട്ടിയ വരികളാണ് 'ഹൃദയപ്പൂത്താലം.'
ഈണമില്ലാതെ ഇങ്ങനെയൊരു പാട്ട് ഞാനെഴുതാന്‍ ശ്രമിച്ചാല്‍ ഒരിക്കലും ഞാന്‍ എഴുതുമെന്ന് തോന്നുന്നില്ല. അതുപോലെ തന്നെ മലയാളത്തിന്‍റെ മെലഡി മാറ്റാതെ 'ഹൃദയപ്പൂത്താലം....' പോലൊരു ട്യൂണ്‍ തരാന്‍ ഒരു മ്യൂസിക് ഡയറക്ടറും ഉണ്ടെന്ന് തോന്നുന്നില്ല. രവീന്ദ്രന്‍ കഴിഞ്ഞതോടെ അതു കഴിഞ്ഞുവെന്ന് ഞാന്‍ വിശ്വസിക്കുന്നു.
രവീന്ദ്രന്‍ രണ്ട് രീതിയിലും പാട്ട് ഉണ്ടാക്കുന്ന ആളായിരുന്നു. എഴുതിയ പാട്ടിനും ട്യൂണ്‍ നല്‍കും, സംഗീതം ആദ്യമുണ്ടാക്കി പിന്നെ ട്യൂണിനൊപ്പം പാട്ടെഴുതുന്ന രീതിയിലും രവീന്ദ്രന്‍ കഴിവുകള്‍ പ്രകടിപ്പിക്കുമായിരുന്നു. ഇങ്ങനെ ഏത് രീതിയിലും പാട്ടുകള്‍ സൃഷ്ടിക്കപ്പെടുന്നതില്‍ ഞാനും രവീന്ദ്രനും തമ്മില്‍ നല്ലൊരു കെമിസ്ട്രിയുണ്ടായിരുന്നു.
രവി ഇതുപോലെ ട്യൂണ്‍ തരുന്ന പാട്ടിന് ഞാന്‍ വരികളെഴുതും. ചില സിറ്റ്വേഷന്‍ കേള്‍ക്കുമ്പോള്‍ രവി തന്നെ എന്നോട് പറയും ഞാന്‍ ഗാനമെഴുതിക്കോ ട്യൂണിട്ട് കൊള്ളാമെന്ന്. ഇങ്ങനെ പരസ്പരമുള്ള കൊടുക്കല്‍- വാങ്ങലുകളില്‍ നിന്നുമാണ് ഞങ്ങളുടെ ഓണപ്പാട്ടുകള്‍ മിക്കതും പുറത്തിറങ്ങിയിരിക്കുന്നത്. ഒരു കാസറ്റില്‍ 12 പാട്ടുകളുണ്ടെങ്കില്‍ 6 എണ്ണം ഞാന്‍ എഴുതി ട്യൂണ്‍ ചെയ്തതും 6 എണ്ണം ട്യൂണിനൊത്ത് ഞാനെഴുതിയതും ആയിരിക്കും. ഈ വ്യത്യാസമൊന്നും പാട്ട് കേള്‍ക്കുന്നവര്‍ മനസ്സിലാക്കണമെന്നുമില്ലല്ലോ.
ആദ്യകാല സിനിമകളുടെ ആസ്ഥാനം മദ്രാസിലായിരിക്കുമ്പോള്‍ അര്‍ജ്ജുനന്‍ മാഷും സലില്‍ചൗധരിയും എം.എസ്. വിശ്വനാഥനും ഒക്കെയാണ് എന്‍റെ ഗാനങ്ങള്‍ ട്യൂണ്‍ ചെയ്തിട്ടുള്ളത്. പില്‍ക്കാലത്താണ് രവീന്ദ്രന്‍റെ വരവ്. എന്‍റെ രണ്ട് സിനിമകളിലാണ് രവി ആദ്യം പാട്ടുകള്‍ക്ക് ട്യൂണ്‍ നല്‍കിയത്. അതിനുശേഷമാണ് ഞങ്ങള്‍ ഓണപ്പാട്ടുകള്‍ക്കുവേണ്ടി ഒരുമിക്കുന്നത്.
ഞാന്‍ ഗാനം രചിച്ചതും യേശുദാസ് പാടിയതുമായ നല്ല കുറെ ഓണപ്പാട്ടുകളുണ്ട്. അത് എന്‍റെയും യേശുദാസിന്‍റെയും മിടുക്കല്ല. രവീന്ദ്രന്‍ എന്നൊരാള്‍ ഞങ്ങള്‍ക്കിടയിലുണ്ട്. അങ്ങനെ ഞങ്ങള്‍ മൂന്നുപേരും കൂടി ചേര്‍ന്നപ്പോഴാണ് ആ പാട്ടുകള്‍ മികച്ചതായത്. ഞാനും രവിയും കൂടി ചേര്‍ന്ന് പാട്ട് പക്കയാക്കി ഞങ്ങള്‍ക്ക് സംതൃപ്തി കിട്ടി നല്ല പ്രൊഡക്ടായി മാറിയതിനുശേഷമാണ് ഞങ്ങള്‍ യേശുദാസിന്‍റെ കയ്യിലേക്ക് കൊടുക്കുക. യേശുദാസിന് പിന്നെ പാടിയാല്‍ മാത്രം മതി. ഞാന്‍ ഈ പറഞ്ഞ രീതിയിലുള്ള അവസ്ഥകള്‍ വന്നാല്‍ മാത്രമേ ഇനിയും ഞങ്ങളുടെ കയ്യില്‍ നിന്നും നല്ല ഓണപ്പാട്ടുകളുണ്ടാകൂ. യേശുദാസിനെ എപ്പോഴും പാടാന്‍ കിട്ടാതെയും വന്നു, രവീന്ദ്രന്‍ മരിക്കുകയും ചെയ്തു. അതോടെയാണ് ഞങ്ങളില്‍ നിന്നും കിട്ടിക്കൊണ്ടിരുന്ന ഓണപ്പാട്ടുകള്‍ ഇല്ലാതെ പോയത്.
ഒരു വലിയ ഇടവേളയ്ക്കുശഷം ഞാനും യേശുദാസും കൂടി കഴിഞ്ഞവര്‍ഷം 2023 ല്‍ ഒരു ഓണപ്പാട്ട് ചെയ്തു. 'പൊന്നോണ താളം' എന്ന് പേരിട്ടിരിക്കുന്ന ആ ഓണപ്പാട്ടുകള്‍ വീഡിയോയിലും ഷൂട്ട് ചെയ്തിരിക്കുന്നു. സല്‍ജിന്‍ കളപ്പുര എന്നൊരാളാണ് മ്യൂസിക് ചെയ്തിരിക്കുന്നത്. സല്‍ജിനാണ് ഈ പ്രോഡക്ട് കൊണ്ടുവന്നതും. ഇത് ഷൂട്ട് ചെയ്യാനും ആര്‍ട്ടിസ്റ്റുകളും പല ലൊക്കേഷനുമൊക്കെയായി അയാള്‍ക്ക് 20 ലക്ഷം രൂപയാണ് ചെലവായത്. ഇപ്പോള്‍ യൂ ട്യൂബില്‍ ആ പാട്ടുണ്ട്. തരംഗിണിയാണ് അത് റിലീസ് ചെയ്തത്. പാട്ടുകളുടെ റൈറ്റ്സ് സല്‍ജിന്‍ തരംഗിണിക്ക് കൊടുക്കുകയും ചെയ്തു. സല്‍ജിനോട് ഞാന്‍ പിന്നെ ചോദിച്ചിരുന്നു, നിങ്ങള്‍ക്കെന്താണ് നേട്ടമെന്ന്. അപ്പോള്‍ സല്‍ജിന്‍ പറഞ്ഞത് ശ്രീകുമാരന്‍ തമ്പി എഴുതി യേശുദാസ് പാടിയ പാട്ടിന് ഞാന്‍ സംഗീതം നല്‍കിയല്ലോ. ആ അഭിമാനം മതിയെനിക്ക്.